ജോലിക്ക് പകരം ഭൂമി അഴിമതിക്കേസ്; ലാലു യാദവ്, റാബ്‌റി ദേവി, മിസാ ഭാരതി എന്നിവർക്ക് ജാമ്യം

ജോലിക്ക് പകരം ഭൂമി അഴിമതിക്കേസിൽ ആർജെഡി തലവനും മുൻ റെയിൽവേ മന്ത്രിയുമായ ലാലു യാദവ്, ഭാര്യ റാബ്രി ദേവി, മകൾ മിസാ ഭാരതി എന്നിവർക്ക് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിലും തുല്യ തുകയുടെ ആൾ ജാമ്യത്തിലുമാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിന്റെ അടുത്ത വാദം മാർച്ച് 29ന് റോസ് അവന്യൂ കോടതിയിൽ നടക്കും.
അടുത്തിടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലാലു യാദവ് വീൽചെയറിലായിരുന്നു അവന്യൂ കോടതിയിൽ ഹാജരായത്. ഭാര്യ റാബ്‌റി ദേവിയും മകൾ മിസ ഭാരതിയും ഒപ്പമുണ്ടായിരുന്നു. രാവിലെ 11 മണിയോടെയാണ് കുടുംബം പ്രത്യേക ജഡ്ജി ഗീതാഞ്ജലി ഗോയലിന് മുന്നിൽ ഹാജരായത്. കേസ് അന്വേഷിക്കുന്ന സി.ബി.ഐ അറസ്റ്റ് ചെയ്യാതെയാണ് കുറ്റപത്രം സമർപ്പിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.
2004 മുതൽ 2009 വരെ യുപിഎ സർക്കാരിൽ റെയിൽവേ മന്ത്രിയായിരിക്കെ റെയിൽവേ റിക്രൂട്ട്‌മെന്റിൽ അഴിമതി നടന്നുവെന്നാണ് ആരോപണം. ജോലി ലഭിക്കുന്നതിന് പകരം ഭൂമിയും പ്ലോട്ടും അപേക്ഷകരിൽ നിന്ന് കൈക്കൂലിയായി വാങ്ങി. കൈക്കലാക്കിയ ഭൂമി റാബ്‌റി ദേവിയുടെയും മിസാ ഭാരതിയുടെയും പേരിലാണെന്നും സിബിഐ കുറ്റപത്രത്തിൽ ആരോപിച്ചു.
ഫെബ്രുവരി 27 ന് പ്രത്യേക ജഡ്ജി പ്രതികൾക്ക് സമൻസ് അയച്ചിരുന്നു. മാർച്ച് 15 ന് കോടതിയിൽ ഹാജരാകാനായിരുന്നു നിർദേശം.
Story Highlights: Lalu Yadav, wife Rabri and daughter Misa granted bail in land-for-jobs case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here