വർഷങ്ങളുടെ ഏകാന്തജീവിതത്തിന് വിടനൽകി കിസ്ക തിമിംഗലം ഓർമയായി

കാനഡയിൽ കൂട്ടിൽ അടയ്ക്കപ്പെട്ട നിലയിൽ കഴിയുന്ന ഓർക്ക തിമിംഗലം കിസ്ക ഓർമയായി. വർഷങ്ങളായി തന്റെ വർഗത്തിൽപ്പെട്ട ഒരു ജീവിയെ പോലും കാണാതെ കഴിയുകയായിരുന്നു കിസ്‌ക. മറൈൻലാൻഡിലെ ഒന്റാറിയോ തീം പാർക്കിലാണ് ഇത്രയും കാലം കഴിഞ്ഞിരുന്നത്. 1979 ൽ ഐസ്‌ലൻഡിലെ സമുദ്രത്തിൽ നിന്നും പിടികൂടിയ തിമിംഗലമാണിത്. ( Loneliest Whale In The World Kiska Died )
അന്ന് കിസ്‌കയ്ക്ക് ഒപ്പം കെയ്കോ എന്നു പേരുള്ള മറ്റൊരു തിമിംഗലം കൂടി ഉണ്ടായിരുന്നു. 20 വർഷങ്ങൾക്കു മുൻപാണ് കെയ്ക്കോ മരണപ്പെടുന്നത്. ഫ്രീ വില്ലി എന്ന ചലച്ചിത്രത്തിലും കെയ്ക്കോ വേഷമിട്ടിരുന്നു.
കിസ്കയ്ക്ക് 47 വയസ്സ് പ്രായം ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ബാക്ടീരിയ മൂലം ഉണ്ടായ അണുബാധയാണ് തിമിംഗലത്തിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്ന് വെയിൽ സാങ്‌ച്വറി പ്രോജക്ട് അറിയിച്ചു. പിടികൂടി വളർത്തുന്ന തിമിംഗലങ്ങൾക്ക് ഇത്തരത്തിൽ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യതയേറെയാണെന്ന് മുൻപ് തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
ലോകത്തിൽ ഏറ്റവും അധികം ഏകാന്തത അനുഭവിക്കുന്ന തിമിംഗലം എന്നാണ് കിസ്‌ക അറിയപ്പെട്ടിരുന്നത്. കിസ്ക അഞ്ചു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നെങ്കിലും അവയെല്ലാം ചെറുപ്പത്തിലെ ചത്തുപോവുകയായിരുന്നു. 2011 മുതൽ കൂട്ടില്ലാതെ തനിച്ചു കഴിയുകയായിരുന്നു കിസ്ക.
കൂട്ടമായി കഴിയുന്നവയാണ് ഓർക്ക തിമിംഗലങ്ങൾ. മുൻപ് കിസ്ക്കയുടെ അവസ്ഥയെക്കുറിച്ച് വാർത്തകൾ പുറത്തുവന്നതോടെ അതിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടനകളും രംഗത്തെത്തിയിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here