നിയമസഭാ സംഘർഷം; സ്പീക്കറിന് പരാതിനൽകി അഞ്ച് പ്രതിപക്ഷ എംഎൽഎമാർ

നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട് സ്പീക്കറിന് പരാതിനൽകി അഞ്ച് പ്രതിപക്ഷ എംഎൽഎമാർ. കെകെ രമ, ഉമാ തോമസ്, ടിവി ഇബ്രാഹിം, സനീഷ് കുമാർ, എകെഎം അഷ്റഫ് എന്നിവരാണ് സ്പീക്കറിന് പരാതി നൽകിയത്. വാച്ച് ആൻഡ് വാർഡ് തങ്ങളെ മർദിച്ചു, ഇവർക്കെതിരെ നടപടി സ്വീകരിക്കണം എന്ന ആവശ്യം ഉയർത്തിക്കൊണ്ടാണ് പരാതി. (niyamasabha opposition mla complaint)
നിയമസഭയിലെ കയ്യാങ്കളിയുടെ പശ്ചാത്തലത്തിൽ സ്പീക്കർ കക്ഷിനേതാക്കളുടെ യോഗം വിളിച്ചു. നാളെ രാവിലെ എട്ട് മണിക്കാണ് യോഗം. ഇന്നത്തെ കയ്യങ്കളോയുടെ പശ്ചാത്തലത്തിൽ സ്‌പീക്കറും നിയമസഭാ സെക്രട്ടറിയും നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് കക്ഷിനേതാക്കളുടെ യോഗം വിളിക്കാൻ തീരുമാനമാകുന്നത്. നിയമസഭയിൽ ഇന്ന് നടന്ന സംഘർഷവും കയ്യാങ്കളിയും അസ്വാഭാവികമെന്നാണ് വിലയിരുത്തൽ. ഇതിനൊരു പരിഹാരം കണ്ടെത്താനാണ് യോഗം. യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കുമെന്ന സൂചനകളാണ് വരുന്നത്.
Read Also: “നിയമസഭയെ ചോരക്കളമാക്കാനുള്ള പ്രതിപക്ഷ ശ്രമം അപലപനീയം”: എൽഡിഎഫ് കൺവീനർ
നിരന്തരം പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ ആവശ്യങ്ങളെ സ്‌പീക്കർ തള്ളുന്ന സാഹചര്യത്തിൽ നാളേറെ യോഗം നിർണായകമാണ്. പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ സ്‌പീക്കർ ഹനിക്കുന്നു എന്ന ആരോപണവുമുണ്ട്. ഇന്ന് ഉണ്ടായ സംഘർഷത്തിൽ പ്രതിപക്ഷ എംഎൽഎമാരെ വാച്ച് ആൻഡ് വാർഡ് മർദിച്ചു എന്ന ആരോപണം കൂടി പ്രതിപക്ഷം മുന്നോട്ട് വെക്കുന്നുണ്ട്.
നാളെ രാവിലെ ഒൻപത് മണിക്കാണ് സഭ ചേരുന്നത്. അതിന് മുന്നോടിയായാണ് യോഗം വിളിച്ചിട്ടുള്ളത്. നാളെ സഭ ചേരുമ്പോൾ എങ്ങനെയാണ് പെരുമാറേണ്ടത് തുടങ്ങിയ കാര്യങ്ങൾ കക്ഷി നേതാക്കളുടെ യോഗത്തിൽ വ്യക്തമാകും. അനുനയ നീക്കങ്ങൾ നിലയിലാണ് കക്ഷി നേതാക്കളുടെ യോഗം സ്‌പീക്കർ വിളിച്ചത്.
കയ്യാങ്കളിയിൽ യുഡിഎഫ് എം.എൽ.എമാർക്കെതിരെ വിമർശനവുമായി കേരള പൊലീസ് അസോസിയേഷൻ രംഗത്തുവന്നിരുന്നു. ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് വാച്ച് ആൻഡ് വാർഡിനെതിരെ നടന്ന ആക്രമണം ഗൗരവതരമാണ്. നിയമവ്യവസ്ഥയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കും വിധം കർശന നടപടി സ്വീകരിക്കണമെന്നും പൊലീസ് അസോസിയേഷൻ ആവശ്യപ്പെടുന്നു. നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് പൊലീസ് അസോസിയേഷൻ പരാതി നൽകി. അഡീഷണൽ ചീഫ് മാർഷൽ ഉൾപ്പടെ 7 വാച്ച് ആൻഡ് വാർഡുമാർ ഇന്ന് പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
Story Highlights: niyamasabha opposition mla complaint speaker
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here