ഡൽഹി ക്യാപിറ്റൽസിൻ്റെ ക്യാപ്റ്റൻ ഡേവിഡ് വാർണർ തന്നെ; അക്സർ പട്ടേൽ വൈസ് ക്യാപ്റ്റൻ

വരുന്ന ഐപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ നയിക്കും. ഇന്ത്യൻ ഓൾറൗണ്ടർ അക്സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. ഇത്തരത്തിൽ നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ് തന്നെ തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചു. ഈ മാസം 31 മുതലാണ് ഐപിഎൽ ആരംഭിക്കുക. (delhi capitals captain warner)
അതേസമയം, ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് കെയിൻ വില്ല്യംസൺ അടക്കം നാല് ന്യൂസീലൻഡ് താരങ്ങൾക്ക് വിശ്രമം അനുവദിച്ചു. വിവിധ ഐപിഎൽ ടീമുകളിൽ ഉൾപ്പെട്ടിരിക്കുന്ന താരങ്ങൾക്കാണ് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് വിശ്രമം അനുവദിച്ചിരിക്കുന്നത്. മാർച്ച് 25 മുതലാണ് ഏകദിന പരമ്പര ആരംഭിക്കുക.
ക്യാപ്റ്റൻ കെയ്ൻ വില്ല്യംസൻ, ടിം സൗത്തി, ഡെവോൺ കോൺവെ, മിച്ചൽ സാന്റ്‌നർ എന്നിവർക്കാണ് വിശ്രമം അനുവദിച്ചിരിക്കുന്നത്. ഓപ്പണർ ടോം ലാതമാണ് ടീമിനെ നയിക്കുക.
Read Also: ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് ആദ്യ ഐപിഎൽ മത്സരം നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്
കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നയിച്ച വില്ല്യംസൺ ഇക്കുറി നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനൊപ്പമാണ്. മിനി ലേലത്തിൽ ഗുജറാത്ത് വില്ല്യംസണെ ടീമിലെടുക്കുകയായിരുന്നു. ഡെവോൺ കോൺവേ, മിച്ചൽ സാൻ്റ്നർ എന്നീ താരങ്ങൾ ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പവും ടിം സൗത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലുമാണ്.
കൊൽക്കത്തയിൽ കളിക്കുന്ന ലോക്കി ഫെർഗൂസൻ, ആർസിബി താരം ഫിൻ അലൻ, സൺറൈസേഴ്സിൽ കളിക്കുന്ന ഗ്ലെൻ ഫിലിപ്സ് എന്നിവർ പരമ്പരയ്ക്ക് ശേഷം ഐപിഎലിനെത്തും.
ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് ആദ്യ ഐപിഎൽ മത്സരം നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ട്. ഈ മാസം 31ന് ഐപിഎൽ ആരംഭിക്കുമെങ്കിലും ഏപ്രിൽ മൂന്നിനേ താരങ്ങൾ ടീമിനൊപ്പം ചേരൂ. മാർച്ച് 31, ഏപ്രിൽ 2 തീയതികളിൽ നെതല്ലൻഡ്സിനെതിരെ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര കളിക്കുന്നുണ്ട്. ഈ പരമ്പര വിജയിച്ചാൽ മാത്രമേ ഇക്കൊല്ലം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് നേരിട്ട് യോഗ്യത ലഭിക്കൂ. അതുകൊണ്ട് തന്നെ എല്ലാ പ്രധാന താരങ്ങളും പരമ്പരയിലുണ്ടാവണമെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് നിലപാടെടുത്തിരിക്കുകയാണ്.
Story Highlights: delhi capitals captain david warner
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here