ഇന്ത്യക്കെതിരെ ഓസ്ട്രേലിയ ബാറ്റ് ചെയ്യും; വാർണറും അലക്സ് കാരിയും കളിക്കില്ല

ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ഓസ്ട്രേലിയ ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യൻ നായകൻ ഹാർദിക് പാണ്ഡ്യ ഓസ്ട്രേലിയയെ ബാറ്റിംഗിനയക്കുകയായിരുന്നു. അസുഖബാധിതനായ അലക്സ് കാരി നാട്ടിലേക്ക് മടങ്ങിപ്പോയി. ജോസ് ഇംഗ്ലിസ് ആണ് പകരം വിക്കറ്റ് കീപ്പറാവുക. പൂർണമായി മാച്ച് ഫിറ്റല്ലാത്ത വാർണറിനു പകരം മിച്ചൽ മാർഷ് ട്രാവിസ് ഹെഡിനൊപ്പം ഓപ്പൺ ചെയ്യും.
ഹാർദിക്കിനൊപ്പം മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ശാർദുൽ താക്കൂർ എന്നിവരാണ് ഇന്ത്യയുടെ പേസർമാർ. ജഡേജയ്ക്കൊപ്പം കുൽദീപ് യാദവ് സ്പിൻ ഓപ്ഷനാണ്. ചഹാലിനെ പരിഗണിച്ചില്ല. സൂര്യകുമാർ യാദവ്, കെഎൽ രാഹുൽ എന്നിവർ നാല്, അഞ്ച് സ്ഥാനങ്ങളിലാണ്. ഷോൺ ആബട്ട്, മിച്ചൽ സ്റ്റാർക്ക് എന്നീ സ്പെഷ്യലിസ്റ്റ് പേസർമാർക്കൊപ്പം കാമറൂൺ ഗ്രീൻ, മിച്ചൽ മാർഷ്, മാർക്കസ് സ്റ്റോയിനിസ് എന്നിവരാണ് ഓസ്ട്രേലിയയുടെ പേസ് ഓപ്ഷനുകൾ. ആദം സാമ്പ സ്പെഷ്യലിസ്റ്റ് സ്പിന്നർ ആവുമ്പോൾ ഗ്ലെൻ മാക്സ്‌വെലും സ്പിൻ സാധ്യതയാണ്.
മാർച്ച് 19ന് വിശാഖപട്ടണത്തും 22ന് ചെന്നൈയിലുമാണ് പരമ്പരയിലെ മറ്റ് മത്സരങ്ങൾ.
ഐപിഎലിനു മുൻപ് ഇന്ത്യ കളിക്കുന്ന അവസാന രാജ്യാന്തര പരമ്പരയാണ് ഇത്. പരമ്പരയ്ക്ക് ശേഷം ഇരു ടീമുകളിലെയും താരങ്ങൾ അതാത് ടീമുകളിൽ ചേരും. മൂന്ന് സീസണുകൾക്ക് ശേഷം ഹോം, എവേ ഫോർമാറ്റിലേക്ക് മത്സരങ്ങൾ തിരികെയെത്തുന്ന ഐപിഎൽ സീസണാണ് ഇത്. ഈ മാസം 31നാണ് ഐപിഎൽ ആരംഭിക്കുക.
Story Highlights: australia batting india first odi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here