Advertisement

കൊച്ചിയില്‍ പെയ്തത് ആസിഡ് മഴയോ? സംശയങ്ങള്‍ ഇനിയും ബാക്കി

March 17, 2023
2 minutes Read
Brahmapuram fire Kochi acid rain

ബ്രഹ്‌മപുരത്ത് തീയും പുകയും കെട്ടടങ്ങിയപ്പോള്‍ മുതല്‍ കൊച്ചിക്കാരുടെ ആശങ്ക മുഴുവന്‍ ഈ സംഭവങ്ങള്‍ക്ക് ശേഷം ആദ്യമായി പെയ്യാനിരിക്കുന്ന മഴയെക്കുറിച്ചായിരുന്നു. ഒടുവില്‍ ബുധനാഴ്ച കൊച്ചിയില്‍ മഴ പെയ്തു. മഴ കെട്ടടങ്ങിയിട്ടും കൊച്ചിയില്‍ പെയ്തത് ആസിഡ് മഴയോ എന്ന സംശയങ്ങള്‍ ഇനിയും ബാക്കിയാണ്. വിഷയത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. അമ്ല മഴയാണോ എന്ന് പരിശോധിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉള്‍പ്പെടെ സാമ്പിള്‍ ശേഖരണം നടത്തിയില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. കൊച്ചിയില്‍ പെയ്ത മഴയ്ക്ക് അമ്ല സ്വഭാവം ഉണ്ടായിരുന്നോ എന്ന് കണ്ടെത്താന്‍ നടത്തിയ പരീക്ഷണങ്ങളെക്കുറിച്ചും അമ്ല മഴയുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും വാദ പ്രതിവാദങ്ങളെക്കുറിച്ചും അറിയാം…. (Brahmapuram fire Kochi acid rain)

മഴയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തലത്തിലെ പരിശോധനകളോ അത് സംബന്ധിച്ച ഫലങ്ങളോ ലഭ്യമാകാത്തത് കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അക്കാദമിക് താത്പര്യങ്ങളുടെ പേരില്‍ ശാസ്ത്രചിന്തകരും അധ്യാപകരും ശാസ്ത്രജ്ഞരും വിദ്യാര്‍ത്ഥികളുമെല്ലാം നടത്തുന്ന പരിശോധനയും തുടര്‍ന്ന് ലഭിച്ച വിവരങ്ങളും മാത്രമാണ് ഇപ്പോഴും നമ്മുക്ക് മുന്നിലുള്ളത്. ലിറ്റ്മസ് പരീക്ഷയില്‍ കൊച്ചിയില്‍ പെയ്തത് 4.5 ശതമാനം വരെ അമ്ല സ്വഭാവമുള്ള മഴയാണെന്നാണ് ശാസ്ത്രചിന്തകനായ രാജഗോപാല്‍ കമ്മത്ത് പറയുന്നത്. ഇത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ തങ്ങള്‍ നടത്തിയ പരീക്ഷണത്തില്‍ മഴ വെള്ളത്തില്‍ അമ്ല സ്വഭാവം കണ്ടെത്താനായില്ലെന്ന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരും വ്യക്തമാക്കിയിരുന്നു.

Read Also:‘പെയ്തത് പൂർണമായും ആസിഡ് മഴയല്ല’; കൊച്ചിയിൽ ഇന്നലെ പെയ്ത മഴയെ കുറിച്ച് വിദഗ്ധൻ ട്വന്റിഫോറിനോട്

പരീക്ഷണങ്ങളില്‍ നിന്ന് ബോധ്യപ്പെടുന്നതെന്ത്?

കുസാറ്റ് പരീക്ഷണത്തില്‍ മഴയില്‍ അമ്ലത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് ഉദ്ധരിച്ച് അധികൃതര്‍ പോലും പ്രതികരിക്കുന്നതിനെ രാജഗോപാല്‍ കമ്മത്ത് വിമര്‍ശിച്ചിരുന്നു. കുസാറ്റില്‍ നടന്നത് വളരെ സോഫിസ്റ്റിക്കേറ്റഡായ പരീക്ഷണം ആയിരുന്നില്ലെന്നും സാമ്പിള്‍ ശേഖരണത്തില്‍ തന്നെ ചില അപാകതകള്‍ ഉണ്ടെന്നും രാജഗോപാല്‍ കമ്മത്ത് ട്വന്റിഫോറിനോട് പറഞ്ഞു. തനിക്ക് ലിറ്റ്മസ് ടെസ്റ്റ് നടത്തി നോക്കിയപ്പോള്‍ 4.5 ആണ് ലഭിച്ചത്. വൈറ്റില, അരൂര്‍, എഴുപുന്ന, കുമ്പളങ്ങി മുതലായ ഭാഗങ്ങളില്‍ പെയ്ത മഴയുടെ സാമ്പിളുകള്‍ കൂടി പരിശോധിക്കേണ്ടതുമാണ്. ഇത് മാത്രമല്ല സമീപത്തെ ആറുകള്‍, കിണറുകള്‍, ജലാശയങ്ങള്‍, കായല്‍ എന്നിവയില്‍ നിന്നെല്ലാം സാമ്പിളുകള്‍ ശേഖരിക്കേണ്ടതുണ്ട്. കൂടാതെ പശുക്കളുടെ പാല്‍, പ്രദേശത്ത് മുലയൂട്ടുന്ന അമ്മമാരുണ്ടെങ്കില്‍ അവരില്‍ നിന്ന് ശേഖരിച്ച പാലിന്റെ സാമ്പിള്‍ ഇവയെല്ലാം പരീക്ഷണത്തിന് വിധേയമാക്കേണ്ടതുണ്ട്. അല്ലാതെ കൊച്ചിയില്‍ പെയ്തത് അമ്ല മഴയല്ലെന്ന സ്ഥിരീകരണത്തിലേക്ക് വളരെ വേഗത്തില്‍ എത്തിച്ചേരാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം ട്വന്റിഫോര്‍ ന്യൂസിനോട് വിശദീകരിച്ചത്.

കൊച്ചിയുടെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്തുനിന്നുള്ള മഴയുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കണമായിരുന്നുവെന്ന് കുസാറ്റിലെ അഡ്വാന്റ്‌സ്ഡ് സെന്റര്‍ ഫോര്‍ അറ്റോമിക് റഡാര്‍ റിസേര്‍ച്ച് ശാസ്ത്രജ്ഞനായ ഡോ മനോജ് എംജി ട്വന്റിഫോറിനോട് പറഞ്ഞു. തന്റെ പരീക്ഷണത്തില്‍ നിന്ന് അന്ന് പെയ്ത മഴയുടെ പിഎച്ച് മൂല്യം 6.7 എന്ന് കണ്ടെത്തിയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ശുദ്ധമായ ജലത്തിന്റെ പിഎച്ച് മൂല്യം 7 ആണെങ്കിലും ഇത് സാധാരണ ഗതിയില്‍ അഞ്ച് മുതല്‍ 7 വരെ ആകാമെന്നാണ് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞത്.

പരീക്ഷണത്തിന്റെ പരിമിതികള്‍?

വ്യക്തികളും സ്ഥാപനങ്ങളും നടത്തിയത് അക്കാദമിക് താത്പര്യത്തോടെയുള്ള പരീക്ഷണങ്ങള്‍ ആണ് എന്നതിനാല്‍ തന്നെ അതിന് ഒട്ടേറെ പരിമിതികളുമുണ്ട്. മഴ വെള്ളത്തില്‍ ആസിഡ് അടങ്ങിയിട്ടുണ്ടോ എന്ന ചോദ്യങ്ങളിലേക്കാണ് മുഴുവന്‍ ചര്‍ച്ചകളും ചുരുങ്ങുന്നത്.

ലാബുകളില്‍ സോഫിസ്റ്റിക്കേറ്റഡ് ആയ ഉപകരണങ്ങള്‍ ഉപയോഗിച്ച് മഴയില്‍ അടങ്ങിയിരിക്കുന്ന മറ്റ് സംയുക്തങ്ങളേയും പദാര്‍ത്ഥങ്ങളേയും കണ്ടെത്താന്‍ ടെസ്റ്റുകള്‍ നടക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് രാജഗോപാല്‍ കമ്മത്ത് ട്വന്റിഫോറിനോട് സംസാരിച്ചു. ഇത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചെയ്തിട്ടില്ല എന്നത് വലിയ പിഴവായി അദ്ദേഹം ചൂണ്ടിക്കാട്ടി. കൃത്യമായി ടെസ്റ്റുകള്‍ നടത്തി കുടിവെള്ളത്തില്‍ നിന്നും മറ്റും എത്തുന്ന ഫ്രീറാഡിക്കല്‍സ് പരിശോധിച്ച് പ്രതിരോധത്തിനായി ആന്റിഓക്‌സിഡന്റ്‌സ് സര്‍ക്കാര്‍ സൗജന്യമായി നല്‍കണമെന്ന് അദ്ദേഹം പറയുന്നു. ബ്രഹ്‌മപുരത്ത് തീയണയ്ക്കാന്‍ പരിശ്രമിച്ച അഗ്നിശമന സേനാംഗങ്ങള്‍, വോളണ്ടിയര്‍മാര്‍, പ്ലാന്റിന് തൊട്ടടുത്ത് താമസിക്കുന്നവര്‍ മുതലായവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ പരിശോധനകള്‍ ഉറപ്പാക്കുകയും ചുരുങ്ങിയത് പത്ത് വര്‍ഷത്തോളമെങ്കിലും സര്‍ക്കാര്‍ സൗജന്യമായി ഇവര്‍ക്ക് ആന്റിഓക്‌സിഡന്റ്‌സ് നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ബ്രഹ്‌മപുരം: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹരിത ട്രൈബ്യൂണല്‍; 500 കോടി പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്

മറ്റ് സംയുക്തങ്ങളുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി പരീക്ഷണങ്ങള്‍ നടക്കേണ്ടതിന്റെ പ്രാധാന്യം ഡോ മനോജും ഊന്നിപ്പറഞ്ഞു. കുസാറ്റ് പരീക്ഷണത്തിന് ഇത്തരം പരിമിതികളുണ്ട്. സാമ്പിള്‍ ശേഖരിച്ചത് കുസാറ്റ് പ്രദേശത്തുനിന്നാണ്. എന്നാല്‍ സാമ്പിള്‍ ശേഖരിച്ച സമയത്തില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നും മഴയില്‍ ശേഖരിച്ച സാമ്പിളുകള്‍ പിറ്റേന്ന് പരീക്ഷണത്തിന് വിധേയമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടോ?

രാജഗോപാല്‍ കമ്മത്തിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമില്ലെങ്കിലും എന്തെങ്കിലും വലിയ ആശങ്കകള്‍ക്ക് വഴിവയ്ക്കുന്ന വിധത്തില്‍ അമ്ല സാന്നിധ്യം അന്ന് പെയ്ത മഴയില്‍ ഉള്ളതായി കരുതുന്നില്ലെന്നാണ് ഡോ മനോജ് പറയുന്നത്. അമ്ല മഴ നനഞ്ഞാല്‍ ശരീരം പൊള്ളുമെന്നും വസ്ത്രങ്ങള്‍ തുളഞ്ഞ് പോകുമെന്നും വരെ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയല്ല. ബ്രഹ്‌മപുരത്തുനിന്ന് നമ്മള്‍ ഒരുവിധത്തില്‍ രക്ഷപ്പെട്ടു. മഞ്ഞുകാലം ആയിരുന്നെങ്കില്‍ കൂടുതല്‍ സമയം പുക ബ്രഹ്‌മപുരത്തിന് സമീപത്ത് തന്നെ തങ്ങി നില്‍ക്കുന്ന അവസ്ഥ ഉണ്ടായേനെ. ഇപ്പോള്‍ അന്തരീക്ഷം ഏറെക്കുറേ തെളിഞ്ഞാണ് നില്‍ക്കുന്നത്. അമ്ല സാന്നിധ്യത്തോട് മറ്റും വളരെ ഉയര്‍ന്ന തീവ്രതയില്‍ ദീര്‍ഘസമയം ബന്ധത്തില്‍ വന്നാല്‍ മാത്രമാണ് കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുക. ഈ വിഷയത്തെ നിസാരമായി തള്ളിക്കളയണമെന്നല്ല. ഭാവിയില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ ഈ അനുഭവം മുന്‍നിര്‍ത്തി കൂടുതല്‍ ആസൂത്രണം നടത്തുകയാണ് വേണ്ടതെന്നും ഡോ മനോജ് ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: Brahmapuram fire Kochi acid rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top