ദേവികുളം എംഎല്‍എ എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
ദേവികുളം എംഎല്‍എ എ രാജയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ഹൈക്കോടതി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ശേഷമായിരുന്നു ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം. (High Court nullifies election victory of Devikulam MLA A Raja)
സംവരണ സീറ്റില്‍ മത്സരിക്കാന്‍ എ രാജയ്ക്ക് യോഗ്യതയില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിക്കുകയായിരുന്നു. പട്ടിക ജാതി, പട്ടിക വര്‍ഗ സംവരണ സീറ്റാണ് ദേവികുളത്തേത്. എ രാജ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട ആളല്ലെന്ന് നോമിനേഷന്‍ നല്‍കിയ ഘട്ടത്തില്‍ തന്നെ യുഡിഎഫ് ആരോപിച്ചിരുന്നു.
എ രാജ മതപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ആളാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്. എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ഹൈക്കോടതിയോട് ഡി കുമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ഹൈക്കോടതി നിലവില്‍ പരിഗണിച്ചിട്ടില്ല.
2021ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് എ രാജ സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ദേവികുളത്തുനിന്ന് വിജയം നേടുന്നത്. തെരഞ്ഞെടുപ്പിന്റെ ഫട്ടത്തില്‍ തന്നെ എ രാജയുടെ ജാതിസര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നു. എ രാജ സമര്‍പ്പിച്ചത് വ്യാജ ജാതിസര്‍ട്ടിഫിക്കറ്റാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എ രാജയുടെ ഭാര്യയും മക്കളും ക്രൈസ്തവ വിശ്വാസം തുടരുന്നവരാണെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു. ദീര്‍ഘകാലം എംഎല്‍എയായിരുന്ന എസ് രാജേന്ദ്രനെ മാറ്റിയാണ് സിപിഐഎം ഇത്തവണ യുവ നേതാവായ എ രാജയെ മത്സരിപ്പിച്ചത്.
Story Highlights: High Court nullifies election victory of Devikulam MLA A Raja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here