‘കർഷക മഹാപഞ്ചായത്ത്’ ഇന്ന് ഡൽഹിയിൽ, ലക്ഷങ്ങൾ അണിനിരക്കുമെന്ന് സംയുക്ത കിസാൻ മോർച്ച; കനത്ത സുരക്ഷ
നരേന്ദ്ര മോദി സർക്കാരിനെതിരെയുള്ള കർഷകരുടെ രണ്ടാം ഘട്ട പോരാട്ടത്തിന് ഇന്ന് തുടക്കം. ഇതിൻ്റെ ഭാഗമായി ഡൽഹി രാംലീല മൈതാനിയിൽ ലക്ഷക്കണക്കിന് കർഷകർ അണിനിരക്കുന്ന മഹാപഞ്ചായത്ത് സംഘടിപ്പിക്കും. രാവിലെ 10 മുതൽ 3.30 വരെയാണ് ‘കർഷക മഹാപഞ്ചായത്ത്’. 2021 ഡിസംബർ 9 ന് സംയുക്ത കിസാൻ മോർച്ചയ്ക്ക് രേഖാമൂലം നൽകിയ ഉറപ്പുകൾ പാലിക്കണമെന്നും, കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ ഫലപ്രദമായ നടപടികൾ കൈക്കൊള്ളണമെന്നും കർഷക നേതാക്കൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും.
രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യതലസ്ഥാനത്തേക്ക് വീണ്ടും കർഷക പ്രതിഷേധം ഇരമ്പുന്നത്. മിനിമം താങ്ങുവിലയ്‌ക്ക് നിയമപരിരക്ഷ നൽകുക, വിഷയത്തിൽ കേന്ദ്രസർക്കാർ ഏകപക്ഷീയമായി രൂപീകരിച്ച കമ്മിറ്റി പിരിച്ചുവിട്ട് കർഷക നേതാക്കളെ ഉൾപ്പെടുത്തി പുതിയ കമ്മിറ്റിയുണ്ടാക്കുക, എല്ലാ കാർഷിക ലോണുകളും എഴുതിത്തള്ളുക, കർഷകരുടെ നടുവൊടിക്കുന്ന വൈദ്യുതി ബിൽ അടിയന്തരമായി പിൻവലിക്കുക, ലഖീംപൂർഖേരി കർഷക കൂട്ടക്കൊലയുടെ മുഖ്യസൂത്രധാരനായ കേന്ദ്രആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ ക്യാബിനറ്റിൽ നിന്ന് പുറത്താക്കി അറസ്‌റ്റ് ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് മഹാപഞ്ചായത്ത് നടക്കുക.
നേരത്തേ കർഷക നിയമം റദ്ദാക്കണമെന്നതുൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ഉയർത്തി ഒരു വർഷത്തോളം കർഷകർ ഡൽഹിയിൽ പ്രക്ഷോഭം നയിച്ചിരുന്നു. എംഎസ്പി പാനൽ രൂപീകരിക്കുന്നതും കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുന്നതും ഉൾപ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ ഉറപ്പിനെ തുടർന്നായിരുന്നു പ്രക്ഷോഭം അവസാനിപ്പിച്ചത്. എന്നാൽ വാഗ്ദാനം ചെയ്ത ഉറപ്പുകൾ ഒന്നും പാലിക്കപ്പെട്ടില്ലെന്ന് കഴിഞ്ഞ ദിവസം നേതാക്കൾ വിമർശിച്ചു.
അതേസമയം, കർഷകരുടെ മഹാപഞ്ചായത്ത് കണക്കിലെടുത്ത് കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സെൻട്രൽ ജില്ലാ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സഞ്ജയ് കുമാർ സെയ്ൻ പറഞ്ഞു. ഡൽഹി പൊലീസിന്റെയും അർദ്ധസൈനിക വിഭാഗത്തിന്റെയും 25 കമ്പനികളെ വിന്യസിച്ചിട്ടുണ്ട്. ജില്ലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നിരീക്ഷിക്കും. പിക്കറ്റുകൾ സ്ഥാപിച്ച് വാഹനങ്ങൾ പരിശോധിക്കും.
Story Highlights: kisan mahapanchayat: Lakhs of farmers towards Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here