ഷാഫി പറമ്പിലിന് എതിരായ പരാമർശം പിൻവലിച്ച് സ്പീക്കർ; സഭാരേഖകളിൽ നിന്ന് നീക്കി

ഷാഫി പറമ്പിലിനെതിരായ പരാമർശം പിൻവലിച്ച് നിയമസഭാ സ്പീക്കർ എഎൻ ഷംസീർ. മാർച്ച് 14-ാം തീയതി റൂൾ 50 നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് നിയമസഭയിൽ പ്രതിപക്ഷം പ്രതിഷേധിക്കുന്ന വേളയിലായിരുന്നു ഷംസീറിന്റെ പരാമർശം. ബ്രഹ്മപുരം വിഷയത്തിൽ പ്രതിഷേധിക്കുന്നതിനിടെ പാലക്കാട് എംഎൽഎയായ ഷാഫി പറമ്പിൽ അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നായിരുന്നു സ്‌പീക്കറായ ഷമീർ പറഞ്ഞത്. എന്നാൽ ബോധപൂർവ്വമല്ലാതെ നടത്തിയ ആ പരാമർശം അനുചിതമെന്ന് ചെയർ മനസ്സിലാക്കിയതിനാൽ അത് പിൻവലിക്കുന്നു എന്ന സ്പീക്കർ ഇന്ന് വ്യക്തമാക്കി. കൂടാതെ, പരാമർശം സഭാരേഖകളിൽ നിന്ന് പിൻ വലിക്കുമെന്നും എഎൻ ഷംസീർ അറിയിച്ചു. Speaker withdraws remark about Shafi Parambil
പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ ഇന്നും കലുഷിതമായി. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സഭാ നടപടികളുമായി സഹകരിക്കാനില്ലെന്ന കടുത്ത നിലപാടിലാണ് പ്രതിപക്ഷം. അതേസമയം, ഓഫീസ് ഉപരോധം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾക്കെതിരെ സ്പീക്കർ റൂളിംഗ് നടത്തി. ഒരു വിഭാഗത്തിന്റെയും അവകാശങ്ങൾ ഹനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ സ്പീക്കർ, ചെയറിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യരുതെന്നും കൂട്ടിച്ചേർത്തു. പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് ഇന്നും സഭ ആരംഭിച്ചത്. തങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്ന സർക്കാരുമായി സഹകരിക്കാൻ ആവില്ലെന്ന് ആമുഖമായി പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പ്രതിഷേധം തുടർന്നെങ്കിലും സ്പീക്കർ സഭാ നടപടികളുമായി മുന്നോട്ട് പോയി. പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി നിലപാട് കടുപ്പിച്ചതോടെ ഭരണ ബെഞ്ചിൽ നിന്ന് പ്രതിരോധമുയർന്നു. ഇതോടെ സഭാ നടപടികൾ തൽക്കാലത്തേക്ക് നിർത്തി വെക്കുന്നതായി സ്പീക്കർ അറിയിച്ചു.
Read Also: ദേവികുളം എംഎല്‍എ എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
സഭ പുനരാരംഭിച്ചപ്പോഴും പ്രതിഷേധം തുടർന്നു. പ്രതിപക്ഷ നിലപാടിനെ വിമർശിച്ച് സ്പീക്കർ റൂളിങ് നടത്തി. സ്പീക്കർക്കെതിരായ പ്രതിപക്ഷ വിമർശനത്തിനും എ എൻ ഷംസീർ മറുപടി നൽകി. പ്രതിപക്ഷ ആവശ്യങ്ങൾ തള്ളി മന്ത്രി പി രാജീവും രംഗത്ത് എത്തി. ഇതോടെ പ്രതിപക്ഷം വീണ്ടും നടുത്തളത്തിൽ. പിന്നാലെ, നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ പിരിയുന്നതായി സ്പീക്കർ അറിയിച്ചു. 11 മണിക്ക് കാര്യോപദേശക സമിതി യോഗം ചേർന്നെങ്കിലും പ്രതിപക്ഷം വിട്ടുനിന്നു. മുൻ നിശ്ചയ പ്രകാരം സഭാ നടപടികളുമായി മുന്നോട്ട് പോകാൻ ആണ് കാര്യോപദേശക സമിതി യോഗത്തിന്റെ തീരുമാനം.
Story Highlights: Speaker withdraws remark about Shafi Parambil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here