Advertisement

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എ രാജ ഹിന്ദുമതം സ്വീകരിച്ചിട്ടുണ്ടെന്ന് തെളിയിക്കാനായാല്‍ ഈ സീറ്റിന് യോഗ്യത നേടാം; സണ്ണി എം കപിക്കാട്- അഭിമുഖം

March 20, 2023
3 minutes Read
Sunny M. Kapicadu

പട്ടികജാതി, പട്ടികവര്‍ഗ സംവരണ സീറ്റായ ദേവികുളത്ത് മത്സരിക്കാന്‍ മതപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യാനി മാതാപിതാക്കളുടെ പുത്രനായ എ രാജയ്ക്ക് യോഗ്യതയില്ലെന്ന യുഡിഎഫിന്റെ വാദത്തിന് ഇന്ന് ഹൈക്കോടതി അംഗീകാരം നല്‍കി. ഇതോടെ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയതായി ഹൈക്കോടതി അറിയിച്ചു. സുപ്രിംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച് രാജയ്ക്ക് അനുകൂലമായ വിധി നേടിയെടുക്കാന്‍ സാധിക്കുമോ എന്ന ചോദ്യത്തിനൊപ്പം ദളിത് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പട്ടികജാതി പദവി നല്‍കണമെന്ന ആവശ്യവും ചര്‍ച്ചയാകുകയാണ്. ദേവികുളം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി തീരുമാനവും പരിവര്‍ത്തനം ചെയ്ത ക്രിസ്ത്യാനികളുടെ സാമൂഹ്യ പ്രാതിനിധ്യവും സംബന്ധിച്ച വിഷയങ്ങളില്‍ സാമൂഹ്യ നിരീക്ഷകന്‍ സണ്ണി എം കപിക്കാട് ട്വന്റിഫോര്‍ ഡിജിറ്റലിനോട് സംസാരിക്കുന്നു… (Sunny M. Kapicadu interview on Devikulam election High court of Kerala issue)

എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ തീരുമാനത്തിലേക്ക് ഹൈക്കോടതി എങ്ങനെ എത്തിച്ചേര്‍ന്നുവെന്നാണ് താങ്കള്‍ മനസിലാക്കുന്നത്?

നിലവിലുള്ള നിയമപ്രകാരം പരിവര്‍ത്തനം ചെയ്ത് ക്രിസ്ത്യാനികളായവര്‍ക്ക് പട്ടികജാതി പദവി ഇല്ല. പട്ടിക വര്‍ഗത്തിന്റെ കാര്യത്തില്‍ മതം പരിഗണിക്കപ്പെടേണ്ട വിഷയമല്ലെങ്കിലും പട്ടികജാതിയുടെ കാര്യം അങ്ങനെയല്ല. ദളിത് ക്രിസ്ത്യാനികള്‍ക്ക് പട്ടികജതി പദവി ഇല്ലാത്തതിനാല്‍ തന്നെ പട്ടികജാതി, പട്ടിക വര്‍ഗ സീറ്റുകളില്‍ മത്സരിക്കാന്‍ അവര്‍ അയോഗ്യരാകുമെന്നതാണ് നിയമപരമായ വശം. എന്നാല്‍ ഇതില്‍ മറ്റൊരു കാര്യം കൂടിയുണ്ട്. വീട്ടിലുള്ള എല്ലാവരും മതപരിവര്‍ത്തനം ചെയ്ത് ക്രിസ്ത്യാനികളായവരാണെങ്കിലും 18 വയസ് തികഞ്ഞ ഒരാളെന്ന നിലയില്‍ ആ വ്യക്തിയ്ക്ക് സ്വന്തം മതം തീരുമാനിക്കാന്‍ അവകാശമുണ്ട്. വീട്ടുകാര്‍ ഏത് മതവിശ്വാസികളാണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പോ മറ്റോ ഈ വ്യക്തി ഹിന്ദുമതം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ഈ വ്യക്തി ഈ സീറ്റില്‍ മത്സരിക്കാന്‍ യോഗ്യനാണ്. ഇത് പോലുള്ള വിവാദങ്ങള്‍ പല തവണ ഉയര്‍ന്നുവന്നിട്ടുള്ളതാണ്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഇദ്ദേഹം ഹിന്ദുമതം സ്വീകരിച്ചിട്ടുണ്ടെന്ന് തെളിയിക്കാനായാല്‍ ഈ സീറ്റിന് യോഗ്യത നേടാം. അതാണ് നിലവിലുള്ള നിയമം.

പരിവര്‍ത്തനം ചെയ്യപ്പെട്ട ക്രിസ്ത്യാനികള്‍ക്ക് പട്ടികജാതി പദവി നല്‍കണമെന്നത് താങ്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ഒരു ആവശ്യമാണ്. ഈ ആവശ്യത്തിന് പിന്നിലെ ചരിത്രപരമായ കാരണങ്ങളും പശ്ചാത്തലവും ഒന്ന് വ്യക്തമാക്കാമോ?

ഇവിടുത്തെ എല്ലാ മേഖലകളുമെടുത്ത് പരിശോധിച്ചാല്‍ പ്രാതിനിധ്യം തീരെക്കുറഞ്ഞ ഒരു വിഭാഗമാണ് ദളിത് ക്രിസ്ത്യന്‍ വിഭാഗം. ജനസംഖ്യയില്‍ ഏഴ് ശതമാനത്തോളമുള്ള ഈ വിഭാഗങ്ങളുടെ സാമൂഹ്യ പ്രാതിനിധ്യം തീരെക്കുറവാണ്. ദളിത് ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്ന് എംഎല്‍മാര്‍ പോലും ഉണ്ടാകുന്നില്ല. പഞ്ചായത്തുകളില്‍ ഈ വിഭാഗത്തില്‍പ്പെട്ടവരെ കാണാന്‍ കഴിയുന്നില്ല. 1935ല്‍ പാമ്പാടി ജോണ്‍ ജോസഫ് ബ്രിട്ടീഷ് പാര്‍ലമെന്റിന് അയച്ച ഒരു കത്തിലൂടെയാണ് ഈ വിഷയം ആദ്യം ഉന്നയിക്കപ്പെടുന്നത്. പിന്നീട് ഈ വിഷയം ചര്‍ച്ചയാകുമ്പോഴെല്ലാം ദളിത് ക്രിസ്റ്റ്യന്‍ വിഭാഗങ്ങളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താമെന്നാണ് അധികൃതര്‍ പറയാറുള്ളത്. ഞങ്ങള്‍ ആവശ്യപ്പെടുന്നത്, ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നല്ല. ഈ വിഭാഗങ്ങള്‍ക്ക് പട്ടികജാതി പദവി നല്‍കണമെന്നാണ്. അതായത് ഭരണഘടന പട്ടിക ജാതി വിഭാഗങ്ങളെ എങ്ങനെ പരിഗണിക്കുന്നോ അതേ പരിഗണന ദളിത് ക്രിസ്റ്റ്യന്‍ വിഭാഗങ്ങള്‍ക്കും നല്‍കണമെന്നാണ്. ക്രിസ്തുമതത്തിനുള്ളില്‍ എന്ന് മാത്രമല്ല ഈ വിഭാഗങ്ങള്‍ സാമൂഹ്യ വിവേചനം നേരിടുന്നുണ്ട്. എല്ലാ സ്ഥാപനങ്ങളിലും വിവേചനം നേരിടുന്നുണ്ട്. പ്രാതിനിധ്യം വളരെക്കുറഞ്ഞ ഒരു വിഭാഗമാണിത്.

Read Also: ദേവികുളം എംഎല്‍എ എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി

ഈ വിഭാഗങ്ങള്‍ നേരിടുന്ന വിവേചനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും എസ് സി പദവിയെന്ന ആവശ്യവും ഇപ്പോഴും എങ്ങും എത്താതെ പോകുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയായിരിക്കും?

വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലെത്തുകയും വിഷയത്തെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറുവശത്ത് കേന്ദ്രസര്‍ക്കാരിന്റെ തന്നെ നിലപാട് ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങള്‍ക്ക് എസ് സി പദവിയ്ക്ക് അര്‍ഹതയില്ലെന്നാണ്. കേരള നിയമസഭയ്ക്ക് കേന്ദ്രത്തോട് ഇക്കാര്യം ശുപാര്‍ശ ചെയ്യാന്‍ സാധിക്കുമെങ്കിലും അവരും ഇതിന് തയാറായിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ സാമ്പത്തിക സംവരണത്തെയാണ് പിന്തുണയ്ക്കുന്നത് താനും.

ദളിത് ക്രിസ്ത്യാനികള്‍ക്ക് പട്ടിക ജാതി പദവി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങള്‍ ലൗഡ് അല്ലാത്തത് എന്തുകൊണ്ടാണെന്നാണ് കരുതുന്നത്?

വിശ്വാസികള്‍ പ്രക്ഷോഭം ആരംഭിക്കുമ്പോള്‍ പള്ളി ഈ പ്രക്ഷോഭങ്ങളെ മെരുക്കാന്‍ ശ്രമിക്കും. മെത്രാന്‍ പറഞ്ഞാല്‍ മെരുങ്ങാത്ത ഏത് കുഞ്ഞാടാണുള്ളത്? സമൂഹത്തിലെ ഹിന്ദുത്വവത്ക്കരണവും ഈ പ്രക്ഷോഭങ്ങള്‍ ശക്തമാകാത്തതിന് ഒരു കാരണമാണ്. ഈ ഹിന്ദുത്വവത്ക്കരണം മൂലം പട്ടിക ജാതിക്കാര്‍ പോലും വിചാരിക്കുന്നത് ദളിത് ക്രിസ്ത്യാനികള്‍ ഒറ്റുകാരാണെന്നാണ്. ക്രിസ്ത്യന്‍ മതത്തില്‍ വിവേചനം നേരിടുന്നെങ്കില്‍ എന്തിന് അവിടെ കടിച്ചുതൂങ്ങിക്കിടക്കണം എന്ന ചോദ്യമാണ് ഈ ഹിന്ദുത്വവത്ക്കരണം കൊണ്ട് ഉയരുന്നത്.

അവര്‍ സംസാരിക്കുന്നത് ഘര്‍വാപസിയെക്കുറിച്ചാണ്….?

ഘര്‍വാപസി എന്ന് അവര്‍ പറയും. ഞങ്ങള്‍ മിഷണറി അല്ല മതത്തില്‍ ആളെക്കൂട്ടാന്‍ എന്നൊക്കെ പറയും. പക്ഷേ തിരിച്ച് ഇവരെ ഏത് ജാതിയിലേക്ക് പ്രവേശിപ്പിക്കും എന്നുള്ളതാണ് വിഷയം. അവരുടെ വിഭാഗത്തില്‍പ്പെടുത്താന്‍ നായന്മാര്‍ സമ്മതിക്കുമോ? അവരുടെ വിഭാഗത്തില്‍പ്പെടുത്താന്‍ പറയന്മാര്‍ സമ്മതിക്കുമോ? അവരുടെ വിഭാഗത്തില്‍പ്പെടുത്താന്‍ ബ്രാഹ്മണര്‍ സമ്മതിക്കുമോ ? അതാണല്ലോ പ്രധാന വിഷയം. ദളിത് ക്രിസ്ത്യാനികള്‍ ഈ ആവശ്യം ഉന്നയിക്കുമ്പോള്‍ അവരെ ലിസ്റ്റില്‍പ്പെടുത്താമെന്നാണ് എല്ലാവരും പറയുന്നത്. അപ്പോള്‍ ഇവിടുത്തെ പട്ടികജാതിക്കാര്‍ക്ക് ആശങ്ക കാണും. അവര്‍ക്ക് കിട്ടേണ്ട സംവരണം കൂടി ദളിത് ക്രിസ്ത്യാനികള്‍ കൊണ്ടുപോകുമോ എന്ന്.

Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്

ഈ ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടോ?

ഈ ആശങ്കകള്‍ക്ക് ചില ന്യായങ്ങളുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം പട്ടികജാതിക്കാര്‍ക്ക് ലഭിക്കുന്ന ഒന്‍പത് ശതമാനം സംവരണത്തിനൊപ്പം ജനസംഖ്യയില്‍ താരതമ്യേനെ വലിയ വിഭാഗമായ ദളിത് ക്രിസ്ത്യാനികള്‍ കൂടി വരുമ്പോള്‍ സംവരണ ആനുകൂല്യങ്ങള്‍ കുറയുമെന്ന ആശങ്ക സ്വാഭാവികമാണ്. അതുകൊണ്ടാണ് ജനസംഖ്യയ്ക്ക് ആനുപാതികമായി ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ഞങ്ങള്‍ ആവശ്യമുന്നയിക്കുന്നത്.

Story Highlights: Sunny M. Kapicadu interview on Devikulam election High court of Kerala issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement