നദിയിൽ ദശലക്ഷക്കണക്കിന് മത്സ്യങ്ങൾ ചത്തുപൊങ്ങി;കാരണം?
സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ ആളുകൾക്കിടയിൽ ചർച്ചയായിരിക്കുന്നത്. ഒരു നദിയിൽ ദശലക്ഷക്കണക്കിന് മീനുകൾ ചത്തു പൊങ്ങി കിടക്കുന്ന ചിത്രങ്ങളാണിത്. ഓസ്ട്രേലിയയിലെ സിഡ്നിയിലെ മെനിൻഡീ എന്ന ചെറു പട്ടണത്തിലെ ഡാർലിങ് നദിയിലാണ് ഇത്രയധികം മീനുകൾ ചത്തുപൊങ്ങി കിടക്കുന്നത്. ചത്ത മീനുകളെ വകഞ്ഞു മാറ്റി സഞ്ചരിക്കാൻ ബോട്ടുകൾ നീക്കാൻ ബുദ്ധിമുട്ടുന്നതിന്റെ ദൃശ്യങ്ങളും ഇതിനോടൊപ്പം പുറത്തു വന്നിട്ടുണ്ട്. ( millions of dead fish blanket river near Menindee in latest mass kill )
ഭയാനകരമായ ഈ അവസ്ഥയ്ക്ക് കാരണം താപതരംഗമാണെന്നാണ് ഗവേഷകരുടെ നിഗമനം. 2018 മുതൽ ഇങ്ങനെയൊരു പ്രതിഭാസം നടക്കുന്നുണ്ട്. ഇപ്പോൾ ഇത് മൂന്നാം തവണയാണ് ഡാർലിങ് നദിയിൽ മീനുകൾ ഇത്തരത്തിൽ കൂട്ടമായി ചത്തുപൊങ്ങുന്നത്. പക്ഷെ ഇത്രയും അധികം മീനുകൾ ചത്തു പൊങ്ങുന്നത് ഇത് ആദ്യമായാണ്. വാക്കുകൾകൊണ്ട് വിവരിക്കാനാവാത്ത അത്രയും ഭയാനകമായ കാഴ്ച എന്നാണ് പ്രദേശവാസികൾ ഇതിനെ കുറിച്ച് പറയുന്നത്.
ചത്ത് പൊങ്ങിയ മീനുകൾ അഴുകി തുടങ്ങിയതിനാൽ ദുർഗന്ധവും വന്നുതുടങ്ങി. ഇത് പരിസ്ഥിതിയ്ക്ക് വലിയ ആഘാതം സൃഷ്ടിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് നദിയിലെ മൽസ്യങ്ങളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിരുന്നു.
എന്നാൽ നദിയിൽ നിന്ന് പ്രളയ ജലം പിൻവാങ്ങിത്തുടങ്ങിയതോടെ ഈ മീനുകളെല്ലാം ചത്ത് പൊങ്ങുകയാണ്. നദിയിലെ ജലത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതാണ് മീനുകളുടെ നിലനിൽപിന് ഭീഷണിയാകുന്നത്. നിലവിൽ ഈ മേഖലയിലാകെ കൊടുംചൂടാണ് അനുഭവപ്പെടുന്നത്. ശക്തമായ താപതരംഗം സ്ഥിതിഗതികൾ വഷളാക്കുന്നതായി ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here