സംസ്ഥാനത്ത് കെട്ടിട നിർമ്മാണത്തിനുള്ള പെർമിറ്റ് ഫീസ് വർധിപ്പിക്കും; വസ്തു നികുതിയും പരിഷ്‌കരിക്കും : എം.ബി രാജേഷ്

സംസ്ഥാനത്തെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് പുതിയ പ്രഖ്യാപനങ്ങൾ നടത്തി മന്ത്രി എം.ബി രാജേഷ്. നഗരങ്ങളിൽ കെട്ടിട നിർമ്മാണത്തിന് അപേക്ഷിച്ചാൽ ഉടനടി പെർമിറ്റ് ലഭ്യമാകും. പെർമിറ്റ് ഫീസ് വർധിപ്പിക്കാനും തീരുമാനം. വസ്തു നികുതിയും പരിഷ്‌കരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് റേറ്റിംഗ് ഏർപ്പെടുത്താനും തീരുമാനമായി. ( kerala building permit fees increased )
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിൽ കെട്ടിട നിർമ്മാണത്തിന് പെർമിറ്റ് കിട്ടാൻ കാലതാമസം ഉണ്ടെന്ന് പരാതിയെ തുടർന്നാണ് പുതിയ പരിഷ്‌കാരം. 300 ചതുരശ്ര മീറ്റർ വരെയുള്ള ചെറുകിട കെട്ടിട നിർമ്മാണങ്ങൾക്ക് അപേക്ഷിച്ചാൽ ഉടൻ പെർമിറ്റ് ലഭ്യമാക്കും. ഓൺലൈൻ വഴി സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷ നൽകിയാലും പെർമിറ്റ് ലഭ്യമാകും. കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യം തീരുമാനം നടപ്പിലാവുക .
ബിൽഡിംഗ് പെർമിറ്റ് ഫീസിൽ വർധനയുണ്ടാവും. നിരക്ക് പിന്നീട് നിശ്ചയിക്കും. കെട്ടിടങ്ങളുടെ നിലവിലുള്ള വസ്തു നികുതി അഞ്ചു ശതമാനം വർദ്ധിപ്പിക്കാനും തീരുമാനമായി. അതേസമയം സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്രമീറ്റർ വരെയുള്ള കെട്ടിടങ്ങൾക്ക് വസ്തു നികുതി ഒഴിവാക്കി. തദ്ദേശസ്ഥാപനങ്ങൾക്ക് കാര്യക്ഷമതയുടെ അടിസ്ഥാനത്തിൽ റേറ്റിംഗ് നടപ്പിലാക്കാനും തീരുമാനമായി. പരാതിപരിഹാരത്തിനായി സ്ഥിരം അദാലത്തുകളും രൂപീകരിക്കും. മാലിന്യ സംസ്‌കരണ രംഗത്ത് ദ്രവ മാലിന്യ സംസ്‌കരണ പ്ലാന്റുകൾ ഉൾപ്പെടെ സ്ഥാപിച്ച് ഇടപെടാനാണ് സർക്കാർ തീരുമാനം. പുതിയ തീരുമാനങ്ങൾ ഏപ്രിൽ ഒന്നു മുതൽ നടപ്പിലാവും.
Story Highlights: kerala building permit fees increased
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here