ചുമ മരുന്ന് കുടിച്ച് 18 കുട്ടികൾ മരിച്ച സംഭവം: മരിയോൺ ബയോടെക്കിന്റെ ലൈസൻസ് റദ്ദാക്കി

ഉസ്‌ബെക്കിസ്താനിൽ ചുമ മരുന്ന് കുടിച്ച് 18 കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്-1 കഫ് സിറപ്പ് നിർമാണ കമ്പനിയുടെ ലൈസൻസ് റദ്ദാക്കി. നോയിഡ ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ സ്ഥാപനം മരിയോൺ ബയോടെക്കിന്റെ നിർമാണ ലൈസൻസ്, ഉത്തർപ്രദേശ് ഡ്രഗ്‌സ് കൺട്രോളിങ് ആൻഡ് ലൈസൻസിങ് അതോറിറ്റി റദ്ദാക്കിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഡിസംബറിൽ മരിയോൺ ബയോടെക് നിർമിച്ച ഡോക്-1 കഫ് സിറപ്പ് കുടിച്ച് ഉസ്‌ബെക്കിസ്താനിൽ 18 കുട്ടികൾ മരിച്ചുവെന്നാണ് ആരോപണം. സംഭവം വിവാദമായതോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അന്വേഷണം പ്രഖ്യാപിച്ചു. തുടർന്ന് കമ്പനിയുടെ ലൈസൻസ് ജനുവരിയിൽ സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കി കൊണ്ടുള്ള പുതിയ ഉത്തരവ്. കമ്പനിക്ക് ഇനി മുതൽ സിറപ്പ് നിർമിക്കാനാവില്ല.
സംഭവവുമായി ബന്ധപ്പെട്ട് നോയിഡ പൊലീസ് മാർച്ച് 3 ന് മരിയോൺ ബയോടെക്കിന്റെ മൂന്ന് ജീവനക്കാരെ സെക്ടർ 67 ലെ ഓഫീസിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ സ്ഥാപനത്തിൻ്റെ രണ്ട് ഡയറക്ടർമാർക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. മരിയോൺ ബയോടെക് മരുന്നുകളുടെ സാമ്പിളുകളിൽ മായം കലർന്നതാണെന്നും നിലവാരമില്ലാത്തതാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
ചണ്ഡീഗഡിലെ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയിലേക്ക് അയച്ച സാമ്പിളുകളിൽ 22 എണ്ണത്തിൽ മായം കലർന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതായി എഫ്‌ഐആറിൽ പരാമർശിക്കുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 274, 275, 276, കൂടാതെ സെക്ഷൻ 17 എന്നിവയാണ് കമ്പനിക്കെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകൾ.
Story Highlights: UP cancels Marion Biotech’s license, firm linked with Uzbek cough syrup deaths
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here