Advertisement

അടങ്ങാത്ത തീവ്രവികാരവുമായി ഖലിസ്ഥാന്‍; ആരാണ് അമൃത്പാല്‍ സിങ്?

March 23, 2023
2 minutes Read
Who is Amritpal Sing Khalistan leader

ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഇന്ദിരാഗാന്ധിയുടെ ഗതി വരും എന്ന ഒറ്റ പ്രഖ്യാപനം കൊണ്ടാണ് അമൃത് പാല്‍ സിങ് സമീപകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞത്. അതിനു മുന്‍പ് ലണ്ടനിലെ ഇന്ത്യന്‍ ഹൈ കമ്മിഷനിലും സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും പ്രതിഷേധിച്ചതും ഇതേ സംഘമാണ്. അവര്‍ വിളിച്ചത് അമൃത് പാല്‍ സിങ് സിന്ദാബാദ് മുദ്രാവാക്യങ്ങളാണ്. പോയ ദിവസങ്ങളില്‍ രണ്ടാം ഭിന്ദ്രന്‍ വാലയെന്നും ഇന്ത്യന്‍ ബിന്‍ ലാദന്‍ എന്നും വരെ വിശേഷിക്കപ്പെട്ടു കഴിഞ്ഞു ഈ മുപ്പതുകാരന്‍. അമൃത് പാല്‍ സിങ്ങിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ എന്തായിരുന്നു?(Who is Amritpal Sing Khalistan leader)

അമൃത്പാല്‍ സിങും ഐഎസ്‌ഐ ബന്ധവും

പഞ്ചാബ് ഇന്‍സ്‌പെകടര്‍ ജനറല്‍ ഓഫ് പൊലീസ് സുഖ് ചെയിന്‍ സിങ് ഗില്‍ ആണ് ഐഎസ്‌ഐയെ ഇപ്പോഴത്തെ സംഭവങ്ങളിലേക്ക് എത്തിച്ചത്. പാകിസ്താന്റെ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് അമൃത് പാല്‍ സിങ്ങിന് സഹായം നല്‍കിയതിന് തെളിവുകള്‍ ഉണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍. പണമായും ആയുധമായും സഹായം വന്നത് പാകിസ്താനില്‍ നിന്നാണ്. 1980 കളിലെ ഖാലിസ്ഥാന്‍ മുന്നേറ്റ കാലത്ത് എന്നതുപോലെ പാകിസ്താനില്‍ നിന്നുള്ള ആയുധങ്ങള്‍ പിടിച്ചു എന്നാണ് കണ്ടെത്തല്‍. പിടിച്ചെടുത്ത ഒന്‍പതു തോക്കുകളും 400 തിരകളും അതിര്‍ത്തി കടന്നുവന്നതാണോ എന്ന പരിശോധന തുടരുകയാണ് ഒരു വശത്ത്.

ഭിന്ദ്രന്‍വാല 2?

കഴിഞ്ഞ ഒരു വര്‍ഷമായി വാളേന്തി തോക്കേന്തി പഞ്ചാബ് മുഴുവന്‍ നടന്നു പ്രസംഗിച്ചയാളാണ് അമൃത് പാല്‍. ഓരോ വേദിയിലും തോക്കേന്തിയ അരഡസന്‍ അനുയായികള്‍ മൈക്കിന് ചുറ്റും ഉണ്ടായിരുന്നു. നാലു വാഹനങ്ങളില്‍ തോക്കുമായി അനുയായികള്‍ ഒപ്പം നടന്നു. വേലുപ്പിള്ള പ്രഭാകരന്‍ ശ്രീലങ്കയില്‍ സഞ്ചരിച്ചതുപോലെ എന്നു പറയാം. എന്നിട്ടും ഒരു ചെറുവിരല്‍ അനക്കാന്‍ പോലും പഞ്ചാബ് പൊലീസിന് സാധിച്ചിരുന്നില്ല. അതിനു കാരണം പഞ്ചാബില്‍ അമൃത്പാല്‍ ഉണ്ടാക്കിയ ഓളമാണ്.

ഡബ്‌ളിയു പി ഡി അഥവാ വാരിസ് പഞ്ചാബ് ദേ എന്നാണ് അമൃത് പാല്‍ സിങ്ങിന്റെ സംഘടനയുടെ പേര്. പ്രഖ്യാപിത ലക്ഷ്യം ഖാലിസ്ഥാന്‍ ആണ്. വേറെ സംസ്ഥാനമല്ല, രാജ്യം തന്നെയാണ് ആ ലക്ഷ്യത്തില്‍ ഉള്ളത്. ശരിക്കും ഈ സംഘടന സ്ഥാപിച്ചത് അമൃത് പാല്‍ സിങ് അല്ല. നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു ആണ്. കഴിഞ്ഞവര്‍ഷം ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തില്‍ ദീപ് സിദ്ദു മരിച്ചതോടെയാണ് അതുവരെ ഗള്‍ഫില്‍ ആയിരുന്ന അമൃത് പാല്‍ പറന്നിറങ്ങിയത്.

ഗള്‍ഫ് ബന്ധം?

അമൃത് പാല്‍ സാധാരണ പ്രവാസി ആയിരുന്നു എന്ന് ആരും വിശ്വസിക്കുന്നില്ല. അടിക്കടി ദുബായിലും ഷാര്‍ജയിലും പോയി വരുമായിരുന്നു. അങ്ങിനെയാണ് ഐഎസ്‌ഐ ബന്ധം ഉണ്ടായത് എന്നാണ് പഞ്ചാബ് പൊലീസിന്റെ കണ്ടെത്തല്‍. ഓരോ പ്രസംഗത്തിലും ഖാലിസ്ഥാനായി വാദിച്ചിരുന്ന അമൃത് പാല്‍ സിങ് സംഘടനയുടെ ചുമതലയേറ്റതുപോലും നാടകീയമായിരുന്നു. ഭിന്ദ്രന്‍വാലയുടെ റോഡെ ഗ്രാമത്തില്‍ ആയിരുന്നു ആരോഹണം.

ഒറ്റപ്പെട്ട പഞ്ചാബ്

എല്ലാ തീവ്ര മത സംഘടനകളേയും പോലെ ഡബ്‌ളിയു പി ഡിയുടെ ആദ്യ ആക്രമണവും സ്വന്തം സമുദായത്തില്‍ ആയിരുന്നു. ജലന്ധറിലെ ഗുരുദ്വാരയില്‍ കയറി കസേരകള്‍ കത്തിച്ചു. ഗുരുദ്വാരയില്‍ കസേരകള്‍ ഇടുന്നത് സിഖ് വിരുദ്ധമാണ് എന്ന് ആരോപിച്ചായിരുന്നു ആ ഓപ്പറേഷന്‍. ഇപ്പോള്‍ പഞ്ചാബ് മുഴുവന്‍ ലോകത്തു നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്. നാലു ദിവസമായി ഇന്റര്‍നെറ്റ് ബന്ധമില്ല. ഡോംഗിള്‍ സര്‍വീസുകള്‍ ബ്‌ളോക്ക് ചെയ്തു. ഒരു മൊബൈല്‍ സേവന ദാതാവും പ്രവര്‍ത്തിക്കുന്നില്ല. സംഘടന ചെറുതാണെങ്കിലും പഞ്ചാബ് സമൂഹത്തില്‍ വലിയ ചലനങ്ങള്‍ ഇതിനകം ഉണ്ടാക്കി കഴിഞ്ഞു എന്ന ഭയം ശരിവയ്ക്കുന്നതാണ് ഈ ഒറ്റപ്പെടുത്തല്‍.

Read Also: ഇന്ന് ഭഗത് സിംഗ് രക്തസാക്ഷിത്വ ദിനം

ഖാലിസ്ഥാന്‍ വീണ്ടും?

അമൃത് പാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്യുന്നതോടെ സംഘടന ദുര്‍ബലമാകുമോ എന്നാണ് ചോദ്യങ്ങളുയരുന്നത്. പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് വലിയ രാജ്യാന്തര പിന്തുണയുള്ള ഒരു കൂട്ടം ആളുകള്‍ മുന്നില്‍ നിര്‍ത്തിയ മുഖം മാത്രമാണ് അമൃത്പാല്‍ സിങ്. ഓസ്‌ടേലിയയിലും ലണ്ടനിലും ഒക്കെയാണ് സംഘടനയുടെ വേരുകള്‍. ദീപ് സിദ്ദു പോയപ്പോള്‍ അമൃത് പാല്‍ വന്നതുപോലെ ഇനിയും കൃപാണുമായി പലരും ഉയിര്‍ത്തെഴുനേല്‍ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വാതന്ത്ര്യാനന്തരം ഇന്ത്യ നേരിടുന്ന ഏറ്റവും തീവ്രമായ വിഘടനവാദം ഉയര്‍ത്തി ഖാലിസ്ഥാന്‍ പ്രസ്ഥാനം തുടരുന്നു എന്നു തന്നെയാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി ഇന്ദിരയെ വധിക്കുന്നതിലേക്ക് എത്തിയ ആ തീവ്രവികാരം അടങ്ങിയിട്ടില്ല എന്നതാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് തലവേദനയാകുന്നതും.

Story Highlights: Who is Amritpal Sing Khalistan leader

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top