ഖത്തറില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

ഖത്തറില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മലയാളി യുവാവിനു ദാരുണാന്ത്യം. മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി ഫൈസല്‍ കുപ്പായി (48) ആണ് മരിച്ചത്. മൂന്ന് ഇന്ത്യക്കാര്‍ക്കാണ് അപകടത്തില്‍ ജീവഹാനി സംഭവിച്ചത്. ഖത്തറിലെ അറിയപ്പെടുന്ന കലാകാരനായിരുന്നു ഫൈസല്‍. സംഗീതത്തിലും ചിത്രകലയിലും പ്രവാസലോകത്ത് തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച കലാകാരനായിരുന്നു അദ്ദേഹം.(Building collapse in Qatar Malayali youth died)
പത്തുവര്‍ഷം ജിദ്ദയില്‍ ജോലി നോക്കിയ ഫൈസല്‍ നാലു വര്‍ഷം മുമ്പാണ് ഖത്തറില്‍ എത്തുന്നത്. ദോഹയിലെ സാംസ്‌കാരിക രംഗത്തെ സര്‍ഗസാന്നിധ്യമായിരുന്നു ഫൈസല്‍. സംഗീതസദസുകളില്‍ ഫൈസല്‍ സജീവമായി പങ്കെടുത്തിരുന്നു. തുര്‍ക്കി ഭൂകമ്പവുമായി ബന്ധപ്പെട്ട് വരച്ച ചിത്രങ്ങള്‍ മേഖലയില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ദോഹ അല്‍ മന്‍സൂറയില്‍ ബി റിങ് റോഡില്‍ ലുലു എക്‌സ്പ്രസിന് പിന്നിലുള്ള കെട്ടിടം ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് തകര്‍ന്നുവീണത്. അപകടത്തില്‍പ്പെട്ട കെട്ടിടത്തില്‍ താമസിച്ചിരുന്ന ഫൈസലിനെ കാണാതായതിനെത്തുടര്‍ന്ന് ആശുപത്രിയിലും മോര്‍ച്ചറിയിലും ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണം നടത്തിയിരുന്നു. ഇന്നലെയാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് മൃതദേഹം കണ്ടെടുത്തത്.
ജാര്‍ഖണ്ഡ് സ്വദേശിയായ ആരിഫ് അസീസ് മുഹമ്മദ് ഹസന്‍ , ആന്ധ്രപ്രദേശ് ചിരാന്‍പള്ളി സ്വദേശി ശൈഖ് അബ്ദുല്‍നബി ശൈഖ് ഹുസൈന്‍ എന്നിവരാണു ദുരന്തത്തില്‍ മരിച്ച മറ്റു രണ്ട് ഇന്ത്യക്കാര്‍. മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യാക്കാര്‍ അപകടത്തില്‍പ്പെട്ടതായി സംശയിക്കുന്നുണ്ട്.
Read Also: സൗദിയില്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്ന് 24 ഇന്ത്യക്കാര്‍ നാടണഞ്ഞു; തിരിച്ചെത്തിയവരില്‍ മലയാളികളും
നിലമ്പൂരിലെ അബ്ദുസമദിന്റെയും ഖദീജയുടെയും മകനാണ് ഫൈസല്‍. റബീനയാണു ഭാര്യ. മക്കള്‍ റന, നദയ, മുഹമ്മദ് ഫാബിന്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് കെഎംസിസി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന സമിതി അറിയിച്ചു.
Story Highlights: Building collapse in Qatar Malayali youth died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here