മസ്തിഷ്‌ക മരണമടഞ്ഞ മഹാരാഷ്ട്ര സ്വദേശിനിയുടെ ഹൃദയം ഇനി രാജേഷിൽ തുടിക്കും; കോട്ടയം മെഡിക്കല്‍ കോളജിലെ ഹൃദയം മാറ്റിവയ്ക്കല്‍ വിജയകരം

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി. ഗുരുതര ഹൃദ്രോഗമുള്ള കോട്ടയം പള്ളിക്കച്ചിറ സ്വദേശി എം.ആര്‍. രാജേഷിനാണ് (35) ഹൃദയം മാറ്റിവച്ചത്. കൊച്ചി ആംസ്റ്റര്‍ മെഡിസിറ്റിയില്‍ മസ്തിഷ്‌ക മരണമടഞ്ഞ മഹാരാഷ്ട്ര സ്വദേശിനിയായ ശ്യാമള രാമകൃഷ്ണന്റെ ഹൃദയമാണ് രാജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ അവയവദാനം ഏകോപിപ്പിക്കുന്ന കെ. സോട്ടോ വഴി ലഭ്യമാക്കിയത്. ( Heart transplant at Kottayam Medical College successful ).
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാറിനേയും മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ചു. ഒപ്പം അവയവം ദാനം നല്‍കിയ ശ്യാമള രാമകൃഷ്ണന്റെ (52) ബന്ധുക്കള്‍ക്ക് മന്ത്രി നന്ദിയുമറിയിച്ചു.
Read Also: സ്ത്രീയെ കൊന്ന് ഹൃദയം പാകം ചെയ്ത് കുടുംബത്തിനു നൽകി; ശേഷം കുടുംബാംഗങ്ങളെ കൊലപ്പെടുത്തി; യുവാവിന് തടവ്
കോട്ടയം മെഡിക്കല്‍ കോളജില്‍ എട്ടാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് നടന്നത്. 3 കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും ഇവിടെ നടന്നിട്ടുണ്ട്. 4 മണിക്കൂറോളം എടുത്താണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. രാജേഷ് തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.
ശ്യാമള രാമകൃഷ്ണന്‍ 6 പേര്‍ക്കാണ് പുതുജീവന്‍ നല്‍കുന്നത്. ഹൃദയം, കരള്‍, 2 വൃക്കകള്‍, 2 കണ്ണുകള്‍ എന്നിവയാണ് ദാനം നല്‍കിയത്. ഒരു വൃക്ക കോഴിക്കോട് മെഡിക്കല്‍ കോളജിനാണ് ലഭിച്ചത്. പൊലീസിന്റെ സഹകരണത്തോടെ ഗ്രീന്‍ ചാനല്‍ ഒരുക്കിയാണ് അവയവവിന്യാസം നടത്തിയത്.
Story Highlights: Heart transplant at Kottayam Medical College successful
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here