‘ബസിൽ നിന്ന് എന്നെ ഇറക്കി വിട്ടിട്ടുണ്ട്, അന്നൊന്നും എനിക്ക് വേണ്ടി പലപ്പോഴും ശബ്ദമുയർത്താൻ സാധിച്ചിട്ടില്ല; ഇനി അവകാശങ്ങൾ നിഷേധിക്കപ്പെട്ടവർക്ക് വേണ്ടി പോരാടണം’; ആദ്യ ട്രാൻസ്‌ജെൻഡർ അഭിഭാഷകയായി പത്മ ട്വന്റിഫോറിനോട്

കഴിഞ്ഞ 28 വർഷം സമൂഹം അനീതിയോടെ മാത്രം പെരുമാറിയവൾ ഇനി അതേ സമൂഹത്തിന്റെ നീതിക്കായി പോരാടും. ട്രാൻസ്‌ജെൻഡർ ആയതുകൊണ്ട് മാത്രം സമൂഹത്തിൽ നിന്ന് മാറ്റി നിർത്തപ്പെട്ടിട്ടും, ബസിൽ നിന്ന് ചീത്ത പറഞ്ഞ് ഇറക്കിവിട്ടും, കൊടിയ അപമാനങ്ങൾ നേരിടേണ്ടി വന്ന കാലങ്ങൾ …അവ സമ്മാനിച്ച മുറിവുകൾ എല്ലാം ഇന്ന് ഉണങ്ങി കരിഞ്ഞു..ഇനി പാർശ്വവക്തകരിക്കപ്പെട്ട സമൂഹത്തിന് വേണ്ടി, നീതി നിഷേധിക്കപ്പെട്ടവർക്ക് വേണ്ടി കറുത്ത കോട്ടണിഞ്ഞ് പത്മ ലക്ഷ്മി വാദിക്കും. പല സന്ദർഭങ്ങളിലും തനിക്ക് വേണ്ടി പോലും സംസാരിക്കാൻ കഴിയാതിരുന്നതിന്റെ മുഴുവൻ വാശിയുമെടുത്ത് അവൾ നീതിക്ക് വേണ്ടി ഉറക്കെ ശബ്ദിക്കും. ( Kerala first transgender Lawyer Padma Lakshmi )
ജീവിതം തന്നെ പോരാട്ടമാക്കിയ കരുത്തയാണ് പത്മ. ട്രാൻസ്‌ജെൻഡർ എന്ന വാക്ക് ജനകീയമായിട്ട് അധികം നാളാകുന്നില്ല. 20 വർഷം മുൻപ് അങ്ങനെയൊരു വാക്ക് ഉപയോഗിക്കുക പോലും കുറവായിരുന്നു. അതുകൊണ്ട് തന്നെ അക്കാലത്ത് പത്മാ ലക്ഷ്മിക്ക് തന്നെ കുറിച്ച് തന്നെ നിരവധി അവ്യക്തതകളുണ്ടായിരുന്നു. ‘ ട്രാൻസ്‌ജെൻഡർ എന്ന വാക്ക് എനിക്ക് കുട്ടിക്കാലത്ത് അറിയില്ലായിരുന്നു. എനിക്ക് രണ്ട് ചേച്ചിമാരാണ്, അവരെ പോലെ പൊട്ട് തൊടാനും അണിഞ്ഞൊരുങ്ങാനുമെല്ലാം എനിക്ക് ഇഷ്ടമായിരുന്നു. പക്ഷേ അന്നത്തെ കാലഘട്ടത്തിൽ അങ്ങനെ നടക്കാൻ സാധിക്കുമായിരുന്നില്ല ‘- പത്മ ട്വന്റിഫോറിനോട് പറഞ്ഞു.
പുരുഷശരീരത്തിൽ അകപ്പെട്ട വേദനയിൽ കഴിഞ്ഞിരുന്ന പത്മ ലക്ഷ്മി സ്‌കൂളിൽ ഒറ്റപ്പെട്ട് നിന്നു. സൗഹൃദങ്ങളൊന്നും ഉണ്ടാക്കാതെ അകന്ന് മാറി സ്‌കൂൾ ജീവിതം കഴിച്ചുകൂട്ടി. 2010 ലാണ് പത്മയുടെ പത്താം ക്ലാസ് ഫലം വരുന്നത്. പരീക്ഷാ ഫലം നോക്കാനായി ഇന്റർനെറ്റ് കഫെയിലെത്തിയ പത്മയുടെ മനസിൽ എന്നാൽ മറ്റൊരു ചിന്തയായിരുന്നു. ആദ്യമായി ഇന്റർനെറ്റ് വിരൽതുമ്പത്ത് ലഭിച്ച പത്മ ഫലം അറിഞ്ഞ ശേഷം പിന്നെ തിരഞ്ഞത് എങ്ങനെ സ്ത്രീ ആയി മാറാം എന്നതായിരുന്നു. പുരുഷനായ ഒരു വ്യക്തിക്ക് സ്ത്രീ ആയി മാറാൻ കടമ്പകൾ ഏറെ കടക്കേണ്ടതുണ്ടെന്നും പണം വേണമെന്നും പത്മ മനസിലാക്കി.
ഇടപ്പള്ളിയിലാണ് പത്മയുടെ വീട്. അച്ഛനും അമ്മയും രണ്ട് ചേച്ചിമാരും അടങ്ങുന്ന കൊച്ചു കുടുംബം. അച്ഛൻ കൊച്ചിൻ ഷിപ്പ്യാർഡിലെ കരാർ ജീവനക്കാരനായിരുന്നു. പത്മയിലെ മാറ്റം പത്മയുടെ വീട്ടുകാരും ശ്രദ്ധിച്ചിരുന്നു. എന്നാൽ സ്വന്തം കുഞ്ഞിനൊപ്പം അടിയുറച്ച് നിൽക്കാൻ തീരുമാനിച്ച് തയാറെടുത്തവരായിരുന്നു പത്മയുടെ കുടുംബം. അത് തന്നെയായിരുന്നു പത്മയുടെ ശക്തിയും. പത്മയോട് ഉയർന്ന് പഠിക്കണമെന്നും സ്വന്തം കാലിൽ നിന്നാൽ മാത്രമേ ലക്ഷ്യങ്ങൾ നിറവേറ്റാൻ സാധിക്കൂവെന്നും കുടുംബം പറഞ്ഞുകൊടുത്തു.
പിന്നീടുള്ള ജീവിതം സ്വന്തം കാലിൽ നിന്ന് സ്വന്തം സത്വം സ്വായത്തമാക്കാനുള്ള പ്രയാണമായിരുന്നു. നല്ല മാർക്കോടെ പത്താം ക്ലാസ് പാസായ പത്മ പ്ലസ് ടുവും പാസായി ആദ്യ അലോട്ട്‌മെന്റിൽ തന്നെ നിയമ ബിരുദത്തിന് ചേർന്നു. സമൂഹത്തിൽ തലയുയർത്തി തന്നെ ജീവിക്കണമെങ്കിൽ ശക്തമായ ഒരു പ്രൊഫഷൻ വേണമെന്ന് പത്മയ്ക്ക് വാശിയായിരുന്നു. ആ വാശിയാണ് ലോ കോളജിലേക്ക് പത്മയെ എത്തിച്ചത്.
അതിനിടെ, സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിൽ പാർട്ട് ടൈമായി ജോലി ചെയ്ത് പത്മ പണം സമ്പാദിച്ചു. ഈ പണം കൊണ്ട് പത്മ 2019 ൽ ഹോർമോൺ ചികിത്സ ആരംഭിച്ചു.
ലോ കോളജിലും പത്മ പറയത്തക്ക സൗഹൃദങ്ങൾ സൃഷ്ടിച്ചില്ല. മറ്റ് കുട്ടികളിൽ നിന്ന് പരമാവധി ഒഴിഞ്ഞ് മാറി ജീവിച്ച പത്മയ്ക്ക് ആകെ കൂട്ടായി ഉണ്ടായിരുന്നത് അധ്യാപികയായിരുന്ന മറിയാമ്മയായിരുന്നു. പത്മയ്ക്ക് മുന്നോട്ടുള്ള വഴിയിൽ ഊർജം നൽകിയതും മറിയാമ്മ എന്ന അധ്യാപികയായിരുന്നു.
അങ്ങനെ ജീവിതത്തിലെ പുതിയ മാറ്റങ്ങളുടെ പരീക്ഷണകാലത്തിനൊടുവിൽ അവസാന വർഷ ബിരുദ പരീക്ഷ പാസായ ശേഷം പത്മ സ്ത്രീയായി തന്നെ ലോകത്തിന് മുന്നിലേക്ക് സ്വയം വെളിപ്പെടുത്തി.
ബാർ കൗൺസിൽ ഓഫ് കേരളയുടെ എല്ലാ മെമ്പർമാരുടേയും സാന്നിധ്യത്തിൽ 2023 മാർച്ച് 19 ന് പത്മ എൻറോൾ ചെയ്തു. പക്ഷേ പത്മ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ അവസാനിക്കുന്നില്ല. ഒരു സീനിയർ അഭിഭാഷകന്റെയോ അഭിഭാഷകയുടെയോ കീഴിൽ പ്രവർത്തിക്കണമെന്നാണ് പത്മയുടെ ആഗ്രഹം. ഈ ആഗ്രഹം സഫലീകരിക്കാനുള്ള വഴികൾ തേടുകയാണ് ഇന്ന് പത്മ.
Story Highlights: Kerala first transgender Lawyer Padma Lakshmi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here