തലശേരി ക്രിക്കറ്റ് ക്ലബ് റിയാദ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

തലശേരി ക്രിക്കറ്റ് ക്ലബ് (ടി സി സി) റിയാദ് സംഘടിപ്പിച്ച ഇന്‍ഡോര്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് രണ്ടാം സീസണും ഫാമിലി ഫണ്‍ ഡേയും വിപുലമായ പരിപാടികളോടെ അരങ്ങേറി. റിയാദ് യുവര്‍പേ അര്‍ക്കാന്‍ കോംപ്ലക്‌സില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഗള്‍ഫ് ലയണ്‍ ക്രിക്കറ്റ് ക്ലബ്ബിനെ തകര്‍ത്ത് ആഥിതേയരായ ടി.സി.സി ചാമ്പ്യന്മാരായി. റിയാദിലും ദമാമിലുമുള്ള പ്രമുഖ 12 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ എം.ഡബ്ല്യൂ.സി.സി യും, കറിപോട്ട് സി.ടി.എ ബ്ലാസ്‌റ്റേഴ്‌സ് എന്നിവര്‍ സെമി ഫൈനലില്‍ മാറ്റുരച്ചു.
വിന്നേഴ്‌സ് ട്രോഫി ടിസിസി ക്യാപ്റ്റന്‍ നസ്മില്‍, ടീം മാനേജര്‍ പിസി ഹാരിസ്, വൈസ് ക്യാപ്റ്റന്‍ ബാസിത് എന്നിവര്‍ക്ക് സമ്മാനിച്ചു. ഫൈനല്‍ താരമായി അജ്മല്‍ (ഗള്‍ഫ് ലയണ്‍ സി.സി) അര്‍ഹനായി. മാന്‍ ഓഫ് ദി സീരീസ് ഫൈസല്‍ (ടി.സി.സി), ബെസ്റ്റ് ബാറ്റ്‌സ്മാന്‍ അര്‍ഷാദ് (ഗള്‍ഫ് ലയണ്‍ സി.സി), ബെസ്റ്റ് ബൗളര്‍ മുഫാരിസ് (ഗള്‍ഫ് ലയണ്‍ സി.സി), ബെസ്റ്റ് ഫീല്‍ഡര്‍ റുഷ്ദി (ഗള്‍ഫ് ലയണ്‍ സി.സി) എന്നിവരാണ് വ്യക്തിഗത അവാര്‍ഡുകള്‍ക്ക് അര്‍ഹരായത്.
ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ കുരുന്ന് കുട്ടികള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത ടീമുകളെ ഗ്രൗണ്ടിലേക്ക് ആനയിച്ചു. ടൂര്‍ണമെന്റിനോടൊപ്പം ഒരുക്കിയ വിനോദ പരിപാടികളില്‍ കുടുംബിനികളും കുട്ടികളും ആവേശത്തോടെ പങ്കെടുത്തു. സ്ത്രീകളുടെ ഖോ ഖോ, ത്രോ ബോള്‍, റിലേ എന്നിവ കൂടാതെ വൈവിധ്യമാര്‍ന്ന ഫണ്‍ ഗെയിംസുകളും ഒരുക്കിയിരുന്നു. കുട്ടികളുടെ സ്‌പോര്‍ട്‌സ് മത്സരങ്ങളും അരങ്ങേറി. കുട്ടികളുടെ ഫാഷന്‍ ഷോ, ഡ്രില്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ് എന്നിവക്കുപുറമെ തലശേരി രുചി വിഭവങ്ങളൊരുക്കി ഫുഡ് സ്റ്റാളും ഒരുക്കിയിരുന്നു.
അമ്പത് വയസ്സില്‍ കൂടുതലുളളവരുടെ വെറ്ററന്‍സ് ക്രിക്കറ്റ് മത്സരത്തില്‍ റമീസ് നയിച്ച ജോസ് പ്രകാശ് മുതലക്കുഞ്ഞുങ്ങള്‍ ടീം, ഹസീബ് ഒ.വി നയിച്ച ബാലന്‍ കെ നായര്‍ അങ്ങാടിപ്പയ്യന്‍സിനെ തോല്‍പിച്ചു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നറുക്കെടുപ്പിലൂടെ അസബൈജാന്‍ ട്രിപ്പും ആകര്‍ഷകമായ വീട്ടുപകരണങ്ങളും സമ്മാനിച്ചു.
Read Also: റമദാന്‍ 2023: ഇഫ്താര്‍ സംഗമങ്ങള്‍ സജീവമാക്കി റിയാദിലെ പ്രവാസി കൂട്ടായ്മകള്‍
അഷ്‌റഫ് കോമത്തിന്റെ ഖിറാഅത്തോടെയാണ് പരിപാടി തുടങ്ങിയത്. ടി.സി.സിഐ.പി.ല്‍ ഓര്‍ഗനൈസിങ് കമ്മിറ്റി പ്രസിഡന്റ് അന്‍വര്‍ സാദത്ത് അധ്യക്ഷത നിര്‍വഹിച്ചു. സൗദി ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ അബ്ദുല്‍ വഹീദ് ഉദ്ഘാടനം ചെയ്തു. യു.പി.സി റീജണല്‍ മാനേജര്‍ മുഫ്‌സീര്‍ അലി, ഫ്രണ്ടി മൊബൈല്‍ പ്രോഡക്റ്റ് ഹെഡ് മുഹമ്മദ് സിദ്ദീഖി, പി.എസ്.എല്‍ അറേബ്യ ലോജിസ്റ്റിക് ബ്രാഞ്ച് മാനേജര്‍ ഷബീര്‍ അലി എന്നിവര്‍ സമ്മാനദാന ചടങ്ങുകളില്‍ സന്നിഹിതരായിരിന്നു.
Story Highlights: Thalassery Cricket Club organized Riyadh Premier League Cricket Tournament