രാഹുൽ ഗാന്ധിക്ക് ഒരിക്കലും സവർക്കർ ആകാൻ കഴിയില്ല: അനുരാഗ് താക്കൂർ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. രാഹുൽ ഗാന്ധിക്ക് ഒരിക്കലും വീർ സവർക്കറാകാൻ കഴിയില്ല. സവർക്കറെ പോലെ ആകണമെങ്കിൽ നിശ്ചയദാർഢ്യവും രാജ്യത്തോടുള്ള സ്നേഹവും ആവശ്യമാണ്. സ്വപ്നത്തിൽ പോലും രാഹുൽ ഗാന്ധിക്ക് അത് സാധ്യമല്ലെന്നും താക്കൂർ കുറ്റപ്പെടുത്തി.
തൻ്റെ പേര് സവർക്കർ അല്ലെന്നും, ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനെ വിമർശിച്ചതിൽ ഖേദം പ്രകടിപ്പിക്കില്ലെന്നുമുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു താക്കൂർ. “പ്രിയ രാഹുൽ, നിങ്ങളുടെ സ്വപ്നങ്ങളിൽ പോലും സവർക്കർ ആകാൻ കഴിയില്ല, കാരണം സവർക്കറാകാൻ ശക്തമായ നിശ്ചയദാർഢ്യവും ഭാരതത്തോടുള്ള സ്നേഹവും നിസ്വാർത്ഥതയും പ്രതിബദ്ധതയും ആവശ്യമാണ്” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
രാഹുൽ ഗാന്ധിയെ പോലെ വർഷത്തിൽ ആറ് മാസം വിദേശത്ത് പോകുകയോ, രാജ്യത്തിനെതിരെ വിദേശികളുടെ സഹായം തേടുകയോ സവർക്കർ ചെയ്തിട്ടില്ല. വീർ സവർക്കറിനെതിരെയുള്ള രാഹുൽ ഗാന്ധിയുടെ നിർത്താതെയുള്ള അസംബന്ധങ്ങളും നുണകളും തുറന്നുകാട്ടേണ്ട സമയമാണിതെന്നും വാർത്താവിതരണ പ്രക്ഷേപണ മന്ത്രി കൂട്ടിച്ചേർത്തു.
Story Highlights: Rahul can never be Savarkar even in his best dreams: Anurag Thakur