ഹര്‍ഷിനയുടെ കഥ ആദ്യം ഞെട്ടലുണ്ടാക്കി; പക്ഷേ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം ഇതാദ്യമായല്ല…

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയുടെ കഥ കേട്ടപ്പോള്‍ ആദ്യം പലര്‍ക്കും ഞെട്ടലാണുണ്ടായത്. കത്രികയൊക്കെ വയറ്റിനുള്ളില്‍ കുടുങ്ങുമോ? എത്ര ഗുരുതരമായ വീഴ്ചയാണ് ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായത്? ശരീരത്തിനുള്ളില്‍ മൂര്‍ച്ചയേറിയ ഉപകരണവുമായി എങ്ങനെയാകും ഹര്‍ഷിന ഇത്രയുംകാലം ജീവിച്ചിട്ടുണ്ടാകുക? തുടങ്ങിയ ചോദ്യങ്ങള്‍ സോഷ്യല്‍ മിഡിയയിലും വ്യാപകമായി. എന്നാല്‍ ഇത്തരം സമാന സംഭവം ഇതിനുമുന്‍പും ഉണ്ടായിട്ടുണ്ടെന്നതാണ് അതിശയം. (Operation Scissors trapped in stomach while surgery)
2022ലാണ് ഏറ്റവുമൊടുവില്‍ ഹര്‍ഷിനയ്ക്ക് സംഭവിച്ചതിന് സമാനമായി മറ്റൊരു യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ വാര്‍ത്തകള്‍ പുറത്തുവന്നത്. ബംഗ്ലാദേശിലാണ് സംഭവം നടന്നത്. നാല് വര്‍ഷമായി കഠിനായ വയറുവേദന മൂലം ദുരിതമനുഭവിക്കുകയായിരുന്നു ബംഗ്ലാദേശ് സ്വദേശിനിയായ 55കാരി ഖാത്തൂണ്‍. നിരവധി ഡോക്ടര്‍മാരെ മാറിമാറിക്കണ്ടു. ഒടുവിലാണ് 20 വര്‍ഷത്തോളമായി വയറ്റിനുള്ളില്‍ കത്രികയുമായാണ് ഇവര്‍ ജീവിച്ചിരുന്നതെന്ന് ഡോക്ടര്‍മാര്‍ക്ക് കണ്ടുപിടിക്കാന്‍ കഴിഞ്ഞത്. തുടര്‍ന്ന് ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്തു.
20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിത്തസഞ്ചിയിലെ ഓപ്പറേഷന് വിധേയമായതിനിടെയാണ് 55കാരിയുടെ വയറ്റില്‍ കത്രിക കുടങ്ങിയത്. ഇടയ്ക്കിടെ വരുന്ന വയറുവേദന വര്‍ഷം കഴിയും തോറും മൂര്‍ച്ഛിച്ചുവന്നു. തീരാദുരിതമായി ജീവിതം… പിത്തസഞ്ചിയിലെ കല്ല് നീക്കം ചെയ്യാന്‍ 2002ല്‍ മെഹര്‍പൂരിലെ ക്ലിനിക്കിലായിരുന്നു ശസ്ത്രക്രിയ നടന്നത്. ഓപ്പറേഷന് ശേഷം ഡോക്ടര്‍മാരുടെ അശ്രദ്ധമൂലം ശസ്ത്രക്രിയാ ഉപകരണവും വയറ്റിനുള്ളിലായി. തുടര്‍ന്ന് വര്‍ഷങ്ങളോളം തീരാദുരിതം.
കത്രിക കുടുങ്ങിയ സംഭവം വര്‍ഷങ്ങള്‍ക്കിപ്പുറം എക്‌സേറിയിലൂടെ പുറത്തറിഞ്ഞപ്പോള്‍ 2022 ജനുവരിയിലാണ് രണ്ടാമത്തെ ശസ്ത്രക്രിയ നടന്നത്. ബംഗ്ലാദേശിലെ സദര്‍ ആശുപത്രിയിലായിരുന്നു കത്രിക നീക്കം ചെയ്തുകൊണ്ടുള്ള ശസ്ത്രക്രിയ. 2002ലെ ശസ്ത്രക്രിയയ്ക്ക് ശേഷം ഖാത്തൂണ്‍ വയറുവേദനയെ കുറിച്ച് നിരന്തരം വീട്ടുകാരോട് പറയുമായിരുന്നു. മരുന്നുകള്‍ പലതും കഴിഞ്ഞു. പലതരം ചികിത്സകളും നടത്തി. ഈ ചികിത്സയ്ക്കായി കുടുംബത്തിന്റെ സമ്പാദ്യം മുഴുവന്‍ ചിലവഴിക്കേണ്ടി വന്നെന്ന് ഖാത്തൂണ്‍ പറയുന്നു. ഇതിനിടെ അതേ ക്ലിനിക്കില്‍ തന്നെ വീണ്ടുമെത്തി കാര്യം പറഞ്ഞു. എന്നാല്‍ ഖാത്തൂണിന്റെ വാക്കുകള്‍ ഡോക്ടര്‍മാര്‍ വേണ്ട ഗൗരവത്തിലെടുത്തിരുന്നില്ല..
2019ല്‍ ഹൈദരാബാദിലെ നിംസ് ആശുപത്രിയില്‍ ഹെര്‍ണിയയ്ക്കുള്ള ഓപ്പറേഷനിടെ 33കാരിയായ മഹേശ്വരി ചൗധരിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ വാര്‍ത്തകള്‍ അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആറ് ഇഞ്ച് സര്‍ജിക്കല്‍ കത്രികയായിരുന്നു അന്ന് കുടുങ്ങിയത്. മൂന്ന് മാസത്തോളം വേദന അനുഭവിച്ച ശേഷമാണ് പ്രശ്‌നം വയറ്റില്‍ കുടുങ്ങിയ കത്രിക കണ്ടുപിടിച്ചതും നീക്കം ചെയ്തതും. ഈ സംഭവത്തില്‍ എക്‌സ്‌റേ പോലും കുടുംബത്തെ കാണിക്കാന്‍ ആദ്യം ആശുപത്രി അധികൃതര്‍ അനുവദിച്ചിരുന്നില്ല.
Story Highlights: Operation Scissors trapped in stomach while surgery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here