കീവിലെ മൊണാസ്ട്രി വിട്ടുപോകില്ലെന്ന് ഓർത്തഡോക്സ് പുരോഹിതർ

യുക്രൈൻ തലസ്ഥാനമായ കീവിലെ ചരിത്ര മൊണാസ്ട്രിയിൽ നിന്ന് ഒഴിഞ്ഞു പോകില്ലെന്ന് ഓർത്തഡോക്സ് പുരോഹിതർ. റഷ്യയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന നൂറുകണക്കിന് വൈദികരെയും സന്യാസിമാരെയും വിദ്യാർത്ഥികളെയും പുറത്താക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. സമുച്ചയം ഒഴിയാനുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് ഓർത്തഡോക്സ് സഭാ നിലപാട് വീണ്ടും വ്യക്തമാക്കിയത്.
കഴിഞ്ഞ വർഷം റഷ്യയുടെ അധിനിവേശത്തെത്തുടർന്ന് മോസ്കോ പാത്രിയാർക്കേറ്റിൽ നിന്ന് വേർപിരിഞ്ഞ യുക്രൈനിലെ ഓർത്തഡോക്സ് ചർച്ചിന്റെ (യുഒസി) ആസ്ഥാനമാണ് പെച്ചെർസ്ക് ലാവ്ര. ചില ഉന്നത പുരോഹിതന്മാർ മോസ്കോയിലെ സഭയുമായി ബന്ധം പുലർത്തുന്നുണ്ടെന്നാണ് യുക്രൈൻ ഉദ്യോഗസ്ഥരുടെ സംശയം. എന്നാൽ ഇത് സഭാ പൂർണമായും നിഷേധിക്കുകയാണ്. ഇതിനിടെ രണ്ടാഴ്ചയ്ക്കുള്ളിൽ സമുച്ചയം ഒഴിഞ്ഞു പോകണമെന്ന് യുഒസിയോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു.
സമയപരിധി ബുധനാഴ്ച അവസാനിച്ചെങ്കിലും വൈദികർ അനങ്ങിയില്ല. സമുച്ചയത്തിന്റെ വാടക കരാറിൽ കമ്മീഷൻ ലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനമെന്ന് യുക്രൈൻ സർക്കാർ പറയുന്നു. എന്നാൽ ഈ മാസം ആദ്യം സർക്കാർ പ്രഖ്യാപിച്ച കരാർ പുറത്താക്കലിന് നിയമപരമായ കാരണങ്ങളൊന്നുമില്ലെന്ന് യുഒസി പ്രസ് ഓഫീസിലെ മെട്രോപൊളിറ്റൻ ക്ലെമന്റ് ആരോപിച്ചു. യുക്രൈനിലെ ഒരു സജീവ രാഷ്ട്രീയ വിഷയം കൂടിയാണിത്.
Story Highlights: Orthodox clerics say they will not leave Kyiv monastery