ശ്വാസകോശ സംബന്ധമായ അണുബാധ: ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഫ്രാൻസിസ് മാർപാപ്പയെ ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോമിലെ ജെമെല്ലി ആശുപത്രിയിലാണ് മെഡിക്കൽ പരിശോധനകൾക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്. മാർപാപ്പ ഏതാനും ദിവസം ആശുപത്രിയിൽ കഴിയേണ്ടിവരുമെന്ന് വത്തിക്കാൻ അറിയിച്ചു.
കഴിഞ്ഞ കുറച്ച് ദിവസമായി ഫ്രാൻസിസ് മാർപാപ്പയ്ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നതായി വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പ്രസ്താവിച്ചു. ശ്വാസതടസ്സം ഉണ്ടായിരുന്നെങ്കിലും മാർപാപ്പയ്ക്ക് കൊവിഡ് ഇല്ലെന്നും ബ്രൂണി വ്യക്തമാക്കി. അദ്ദേഹത്തിന് ഏതാനും ദിവസം ആശുപത്രിയിൽ കഴിയേണ്ടിവരുമെന്നും ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യത്തിനായി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നതായി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
പാം സൺഡേ കുർബാനയും അടുത്ത ആഴ്ച വിശുദ്ധവാരവും ഈസ്റ്റർ ആഘോഷങ്ങളും നടക്കാനിരിക്കെയാണ് മാർപാപ്പയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടാതെ ഏപ്രിൽ അവസാനം അദ്ദേഹം ഹംഗറി സന്ദർശിക്കാനും തീരുമാനിച്ചിരുന്നു. മാർപാപ്പയുടെ ഔദ്യോഗിക പരിപാടികളിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോയെന്ന് വത്തിക്കാൻ വ്യക്തമാക്കിയിട്ടില്ല.
Story Highlights: Pope Francis in hospital with respiratory infection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here