സൺറൈസേഴ്സ് ഹൈദരാബാദിന് തിരിച്ചടി; ആദ്യ മത്സരത്തിൽ നായകൻ മാർക്രം കളിക്കില്ല

ഐപിഎൽ പുതിയ സീസൺ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, സൺറൈസേഴ്സ് ഹൈദരാബാദിന് തിരിച്ചടി. രാജസ്ഥാൻ റോയൽസിനെതിരായ ആദ്യ മത്സരത്തിൽ ക്യാപ്റ്റൻ എയ്ഡൻ മർക്രം കളിച്ചേക്കില്ല. മർക്രമിന്റെ അഭാവത്തിൽ ഭുവനേശ്വർ കുമാറാണ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ ഉദ്ഘാടന മത്സരത്തിൽ നയിക്കുക.
നെതർലൻഡ്‌സിനെതിരായ രണ്ട് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കായി മാർക്രം ദക്ഷിണാഫ്രിക്കയിലാണ്. മാർച്ച് 31, ഏപ്രിൽ 2 തീയതികളിലാണ് മത്സരങ്ങൾ. ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കയുടെ നേരിട്ടുള്ള യോഗ്യതയ്ക്ക് ഈ പരമ്പര നിർണായകമാണ്. ഏപ്രിൽ മൂന്നിന് മാത്രമേ മാർക്രം ഇന്ത്യയിൽ എത്തുകയുള്ളൂ.
2013 ൽ സൺറൈസേഴ്‌സിന്റെ തുടക്കം മുതൽ 33 കാരനായ ഭുവനേശ്വർ ടീമിലുണ്ട്. 2019 ൽ ആറ് മത്സരങ്ങളിലും 2022 ൽ ഒരു തവണയും അദ്ദേഹം ടീമിനെ നയിച്ചു. അദ്ദേഹത്തിന് കീഴിൽ SRH രണ്ട് മത്സരങ്ങൾ വിജയിച്ചപ്പോൾ, ബാക്കിയുള്ള അഞ്ച് മത്സരങ്ങളിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ഞായറാഴ്ച ഹൈദരാബാദിൽ രാജസ്ഥാൻ റോയൽസിനെതിരെയാണ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഉദ്ഘാടന മത്സരം.
Story Highlights: Setback for Sunrisers Hyderabad; Skipper Markram will not play in the first match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here