വൈക്കത്ത് കെ.മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാതിരുന്നത് നീതികേട്; ശശി തരൂർ

വൈക്കം സത്യഗ്രഹ വിവാദത്തിൽ പ്രതികരണവുമായി ശശി തരൂർ. കെ മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാത്തത് നീതികേടാണ്. അദ്ദേഹം മുതിർന്ന നേതാവാണ്. ഒരുപാട് ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. അങ്ങനെയൊരു മുതിർന്ന നേതാവിനെ അപമാനിക്കുന്നത് ശരിയല്ല.
പാർട്ടിയെ നന്നാക്കി മുന്നോട്ട് പോകണമെങ്കിൽ പ്രധാന നേതാക്കളെ ഒഴിവാക്കരുതെന്ന് ശശി തരൂർ പറഞ്ഞു. തനിക്ക് പ്രസംഗിക്കാൻ അവസരം ലഭിച്ചില്ല. പക്ഷെ അതിൽ പരിഭവമില്ല. മാനദണ്ഡങ്ങൾ പാലിക്കണമായിരുന്നു. അനാവശ്യ വിവാദമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസുമായി ചേർന്ന് നിൽക്കുന്ന എല്ലാവരേയും സഹകരിപ്പിക്കാൻ പാർട്ടി നേതൃത്വം തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രനോടും വി.എം സുധീരനോടുമുള്ള പാർട്ടി സമീപനത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു തരൂരിന്റെ മറുപടി.
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ എല്ലാവർക്കും പ്രസംഗിക്കാൻ അവസരം നൽകിയെന്നും തനിക്ക് മാത്രം നൽകിയില്ലെന്നും മുരളീധരൻ പറഞ്ഞിരുന്നു. പാർട്ടിക്ക് തന്‍റെ സേവനം ആവശ്യമില്ല എന്ന് തോന്നിയാൽ അറിയിച്ചാൽ മതിയെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘എം.എം ഹസനും രമേശ് ചെന്നിത്തലയും ഞാനും അടക്കം മൂന്ന് കെ.പി.സി.സി മുൻ പ്രസിഡന്‍റുമാർ ചടങ്ങിൽ പങ്കെടുത്തു. ചെന്നിത്തലക്കും ഹസനും പ്രസംഗിക്കാൻ അവസരം കൊടുത്തു, എനിക്ക് മാത്രം നൽകിയില്ല. അത് അവഗണനയാണ്, കാരണം അറിയില്ലെന്നും മുരളീധരൻ പറഞ്ഞു.
Story Highlights: Shashi tharoor react on k muraleedharan vaikom speech
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here