ഇവാന് വിലക്ക്; സൂപ്പർ കപ്പിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഫ്രാങ്ക് ഡോവെൻ നയിക്കും

സൂപ്പർ കപ്പിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സഹപരിശീലകൻ ഫ്രാങ്ക് ഡോവെൻ നയിക്കും. മുഖ്യ പരിശീലകൻ ഇവാൻ വുകുമനോവിച്ചിന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പത്ത് മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്നാണ് ഫ്രാങ്ക് ഡോവെൻ ടീമിനെ സാരഥ്യം ഏറ്റെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ സ്ഥിരീകരണം കേരള ബ്ലാസ്റ്റേഴ്‌സ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചു. ബെൽജിയം പൗരനാണ് ഫ്രാങ്ക് ഡോവെൻ. Frank Dauwen coach Kerala Blasters in Super Cup
ഒരു ഫുട്ബോൾ താരം എന്ന നിലയിൽ ബെൽജിയത്തിലെ പ്രധാന ക്ലബ്ബുകൾക്ക് വേണ്ടി ഫ്രാങ്ക് ഡോവെൻ ബൂട്ട് കെട്ടിയിരുന്നു. ബെൽജിയം ദേശീയ ടീമിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. ബെൽജിയം ക്ലബ് വെസ്റ്റർലോയുടെ സഹപരിശീലകനായും മുഖ്യ പരിശീലകനായും ഫ്രാങ്ക് ഡോവെൻ കുപ്പായമണിഞ്ഞിട്ടുണ്ട്. സൗദി ക്ലബ് അൽ അഹ്ലിയുടെ യൂത്ത് പരിശീലകനായിരുന്നു. ബെൽജിയം ക്ലബായ ബീർസ്കോട്ടിന്റെ ക്ലബ്ബിന്റെ സഹ പരിശീലക സ്ഥാനം വഹിക്കുമ്പോഴാണ് അദ്ദേഹത്തെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിക്കുന്നത്.
Read Also: ഇവാന് വിലക്ക്; ബ്ലാസ്റ്റേഴ്സിന് പിഴ; മത്സര ബഹിഷ്കരണത്തിൽ നടപടിയുമായി എഐഎഫ്എഫ്
ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിക്ക് എതിരായുള്ള നിർണായക മത്സരം ബഹിഷ്കരിച്ചതിന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കും പരിശീലകൻ ഇവാൻ വുകുമനോവിച്ചിനും എതിരെ നടപടിയുമായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ രംഗത്ത് വന്നിരുന്നു. വിഷയത്തിൽ ക്ലബിന് നാല് കോടി രൂപ പിഴ ചുമത്തി. പരിശീലകന് പത്ത് മത്സരങ്ങളിൽ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കൂടാതെ, സംഭവത്തിൽ ക്ലബും പരിശീലകനും ക്ഷമാപണം നടത്തുവാനും എഐഎഫ്എഫ് വിധിച്ചിരുന്നു. തുടർന്ന്, ഇരുവരും തങ്ങളുടെ സാമൂഹിക മാധ്യമങ്ങൾ വഴി മത്സരം ബഹിഷ്കരിച്ചതിന് ക്ഷമാപണം നടത്തിയിരുന്നു.
Story Highlights: Frank Dauwen coach Kerala Blasters in Super Cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here