നടന്നത് സുരക്ഷാ വീഴ്ചയല്ല, അത് പൊലീസ് തന്ത്രം; പ്രതിക്ക് പൊലീസ് എസ്കോട്ട് മനഃപൂർവം ഒഴിവാക്കിയതെന്ന് വിശദീകരണം

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ വലിയ സുരക്ഷാ വീഴ്ചയുണ്ടായെന്നാണ് ഉയർന്ന് വരുന്ന പരാതി. എന്നാൽ പ്രതിയെ പൊലീസ് എസ്കോട്ടില്ലാതെ കോഴിക്കോട്ടേക്ക് എത്തിച്ചത് പൊലീസ് തന്ത്രമാണെന്നാണ് അധികാരികൾ നൽകുന്ന വിശദീകരണം. ( No police escort for shahrukh saifi )
പതിവിൽ നിന്ന് വിപരീതമായി മൂന്ന് പൊലീസുകാരുടെ സുരക്ഷയിലാണ് ഷാരുഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചത്. പൊലീസ് അകമ്പടിയോടെ പ്രതിയെ എത്തിക്കുന്നത് ജനശ്രദ്ധയും മാധ്യമ ശ്രദ്ധയും ആകർഷിക്കുമെന്ന വസ്തുത മുൻനിർത്തിയാണ് പൊലീസ് സ്വകാര്യ വാഹനത്തിൽ ഷാരുഖിനെ കേരളത്തിലെത്തിച്ചത്. പ്രതിയുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് വലിയ സന്നാഹങ്ങളും അകമ്പടിയും ഒഴിവാക്കിയതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
എന്നാൽ വഴിമധ്യേ നിനച്ചിരിക്കാത്ത പ്രതിസന്ധികളാണ് ഈ ചെറുസംഘത്തിന് അഭിമുഖീകരിക്കേണ്ടി വന്നത്. ആദ്യം വന്ന വാഹനത്തിൽ നിന്ന് കാസർഗോഡ് അതിർത്തിയിലെത്തിയപ്പോൾ മറ്റൊരു വാഹനത്തിലേക്ക് പ്രതിയെ മാറ്റുകയായിരുന്നു. ഈ വാഹനം കണ്ണൂരിലെത്തിച്ചപ്പോൾ വാഹനത്തിന്റെ ടയർ പഞ്ചറായി. തുടർന്ന് മറ്റൊരു വാഹനം എത്തിച്ചുവെങ്കിലും സാങ്കേതിക തകരാർ മൂലം മറ്റൊരു വാഹനം വരുന്നത് വരെ പെരുവഴിയിൽ പ്രതിയുമായി കാത്തുനിൽക്കേണ്ടി വന്നു പൊലീസിന്. പ്രതിയെ കണ്ടതോടെ പ്രദേശവാസികൾ അസഭ്യവർഷമായി എത്തിയതും പ്രതിസന്ധിയായി. പ്രതിയെ പുലർച്ചെ എത്തിക്കാനായിരുന്നു പൊലീസ് ലക്ഷ്യമിട്ടത്. അപ്രതീക്ഷിത പ്രതിസന്ധികൾ മൂലം നേരം വൈകിയെങ്കിലും വളരെ സുരക്ഷിതമായി തന്നെ പ്രതിയെ മാലൂർകുന്ന് പൊലീസ് ക്യാമ്പിൽ പ്രതിയെ പൊലീസ് എത്തിച്ചു.
ഇന്ന് പുലർച്ചെ 3.00-3.30 ഓടെയാണ് എലത്തൂർ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിൽ എത്തിച്ചത്. മഹാരാഷ്ട്രയിൽ നിന്നാണ് ഷാരുക് സെയ്ഫി പിടിയിലായത്. രത്നഗിരിയിലെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലായത്. രത്നഗിരിയിലെ ആശുപത്രിയിൽ പ്രതി ചികിത്സ തേടിയിരുന്നു. ഇയാൾക്ക് ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു.
പ്രതിയെന്ന് സംശയിക്കുന്ന ആളോട് രൂപ സാദൃശ്യമുണ്ടെന്ന അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാളാണ് പ്രതിയെന്ന് വ്യക്തമാകുകയായിരുന്നു. എലത്തൂർ ട്രെയിൻ തീവയ്പ്പിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു.
Story Highlights: No police escort for shahrukh saifi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here