മധുരയില്‍ മിഠായി മോഷ്ടിച്ചെന്നാരോപിച്ച് ദളിത് വിദ്യാര്‍ത്ഥികളെ കെട്ടിയിട്ടു

തമിഴ്‌നാട് മധുരയില്‍ മിഠായി മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദളിത് വിദ്യാര്‍ത്ഥികളെ കെട്ടിയിട്ടു. കാരക്കേനി സ്വദേശികളായ ഒന്‍പതാം ക്‌ളാസ് വിദ്യാര്‍ത്ഥികളെയാണ് കടയുടമയും ബന്ധുക്കളും ചേര്‍ന്ന് കെട്ടിയിട്ടത്. മാര്‍ച്ച് 21ന് നടന്ന സംഭവം ദളിത് സംഘടനകളുടെ ഇടപെടലിലൂടെയാണ് പുറംലോകം അറിഞ്ഞത്. (Dalit students tied for allegedly stealing chocolates in Tamilnadu)
തിരുമംഗലം ആലംപട്ടി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കാണ് ദുരനുഭവം. സ്‌കൂളിന് സമീപത്തെ സന്തോഷ് എന്നയാളുടെ കടയില്‍ പലഹാരങ്ങള്‍ വാങ്ങാനെത്തിയ കുട്ടികളെയാണ് കടയ്ക്കു മുന്നിലെ തൂണില്‍ ബലമായി പിടിച്ച് കെട്ടിയിട്ടത്. ഇരുവരും സ്‌കൂളിനു സമീപത്തെ ട്രൈബല്‍ ഹോസ്റ്റലില്‍ താമസിച്ചാണ് പഠിച്ചിരുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഹോസ്റ്റല്‍ വാര്‍ഡന്‍ വിജയന്‍ കുട്ടികളെ കൂട്ടിക്കൊണ്ട് പോയി. തുടര്‍ന്ന് വാര്‍ഡന്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍, കുട്ടികളുടെ ബന്ധുവെത്തി രണ്ട് കുട്ടികളേയും സ്വദേശമായ കാരക്കേനിയിലേക്ക് കൊണ്ടുപോയി.
Read Also: വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?
തിരുമംഗലം വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ പരാതിയില്‍ സന്തോഷിനും കുടുംബത്തിനുമെതിരെ പട്ടികജാതി പട്ടിക വര്‍ഗ പീഡന നിരോധന പ്രകാരവും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമപ്രകാരവും കേസെടുത്തു. എന്നാല്‍ അറസ്റ്റുണ്ടായില്ല. ഇതോടെയാണ് വിവിധ ദളിത് സംഘടനകള്‍ കേസ് ഏറ്റെടുത്തത്. പൊലീസ് മൊഴിയെടുക്കാതിരിക്കാനാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ തിടുക്കത്തില്‍ കുട്ടികളെ വീട്ടിലേക്ക് അയച്ചതെന്നും സംഘടന ആരോപിയ്ക്കുന്നുണ്ട്. ഇയാള്‍ക്കെതിരെയും കേസെടുക്കണമെന്നും കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കി പഠനം തുടരാനുള്ള സാഹചര്യം ഒരുക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.
Story Highlights: Dalit students tied for allegedly stealing chocolates in Tamilnadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here