Advertisement

ഷാറൂഖിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയത് 2021 അവസാനത്തോടെ; ഷൊർണൂരിൽ തങ്ങിയത് 15 മണിക്കൂർ; സോഷ്യൽ മീഡിയയിൽ സജീവം; ദുരൂഹത മൂടിയ ഷാരൂഖിന്റെ ജീവിതം

April 5, 2023
Google News 2 minutes Read
Who is Shahrukh Saifi
  • ഡൽഹി എൻസിആർ നിവാസിയാണ് ഷാരുഖ് സെയ്ഫി

  • സോഷ്യൽ മീഡിയയിലും സജീവമാണ്

നീണ്ട തെരച്ചിലിനും അഭ്യൂഹങ്ങൾക്കുമൊടുവിലാണ് എലത്തൂർ തീവണ്ടി തീവയ്പ്പ് കേസിലെ മുഖ്യപ്രതി ഷാരുഖ് സെയ്ഫി പിടിയിലാകുന്നത്. ആരാണ് ഷാരുഖ് സെയ്ഫി ? എലത്തൂരിൽ നിന്ന് കടന്നുകളഞ്ഞ ഷാരുഖ് എങ്ങനെ പൊലീസ് വലയിലായി ? ( Who is Shahrukh Saifi )

ആദ്യം പുറത്ത് വന്നത് തെറ്റായ സിസിടിവി, പിന്നെ ട്വിസ്റ്റ്

ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിൽ തീവച്ചതുമായി ബന്ധപ്പെട്ട് പുറത്ത് വന്ന പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യത്തിന് പിന്നാലെയാരുന്നു ആദ്യം പൊലീസിന്റെ യാത്ര. എന്നാൽ അന്വേഷണത്തിനൊടുവിൽ ദൃശ്യം പ്രതിയുടേത് അല്ലെന്ന് പൊലീസ് പറഞ്ഞു. ദൃശ്യത്തിലുള്ളത് വിദ്യാർത്ഥിയായ കപ്പാട് സ്വദേശ് ഫആയിസ് മൻസൂറാണ്. യുവാവ് ട്രെയിനിൽ തന്നെ ഉണ്ടായിരുന്ന വ്യക്തിയാണെന്നും, ട്രെയിനിൽ നിന്ന് സുഹൃത്തിനെ വിളിച്ചുവരുത്തി വിദ്യാർത്ഥി പോവുകയുമായിരുന്നുവെന്ന് വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു. സിസിടിവിയിൽ ചുവന്ന ഷർട്ടിട്ട വ്യക്തിയെ കാണുന്ന സമയവും സംഭവം നടക്കുന്ന സമയവും തമ്മിൽ വ്യത്യാസമുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് സിസിടിവി പ്രതിയുടേതല്ലെന്ന് പൊലീസിന് മനസിലാകാൻ കാരണം.

പ്രതിയുടെ പേര് ആദ്യമായി പുറത്തിറഞ്ഞത് ബാഗിലെ നോട്ട് ബുക്കിലൂടെ

എലത്തൂർ റെയിൽവേ ട്രാക്കിൽ നിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗ് കണ്ടെടുത്തു. ബാഗിൽ ടീ ഷർട്ട്, മൊബൈൽ ഫോൺ, പാക്കറ്റിലുള്ള ലഘുഭക്ഷണം, ഭക്ഷണമടങ്ങിയ ടിഫിൻ ബോക്സ്, സ്ഥലപ്പേരുകളുടെ കുറിപ്പ്, ഡയറി, ടീ ഷർട്ട്, പെട്രോൾ അടങ്ങിയ കുപ്പി എന്നിവ കണ്ടെടുത്തു.

ഒരു പുസ്തകവും കണ്ടെടുത്തിരുന്നു. ഷാറുക് സെയ്ഫ് കാർപെന്റർ എന്ന പേര് രേഖപ്പെടുത്തിയ പുസ്തകമായിരുന്നു പൊലീസ് കണ്ടെത്തിയത്. പുസ്തകത്തിൽ ഓരോ ദിവസവും എപ്പോൾ ഉറങ്ങണം, എന്തെല്ലാം ചെയ്യണമെന്ന കാര്യങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഡയറിയുടെ സ്വഭാവമുള്ള പഴയ നോട്ട് ബുക്കായിരുന്നു അത്.

റാസിഖിന്റെ സഹായത്തോടെ രേഖാചിത്രം

പ്രതിയെ ഇനിയും കണ്ടാലറിയാമെന്ന യാത്രക്കാരൻ റാസിഖിന്റെ മൊഴിയാണ് പ്രതിയുടെ രേഖാചിത്രം തയാറാക്കാൻ പൊലീസിനെ സഹായിച്ചത്. തുടർന്ന് തയാറാക്കിയ രേഖാചിത്രമുപയോഗിച്ചായിരുന്നു അന്വേഷണം പുരോഗമിച്ചത്. പ്രതി ഉത്തരേന്ത്യൻ സ്വദേശിയാണെന്ന് മറ്റ് യാത്രക്കാരുടെ മൊഴികളിൽ നിന്ന് പൊലീസിന് സൂചന ലഭിച്ചു. പിന്നെ അന്വേഷണം പ്രതി കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് കടക്കാനുള്ള സാധ്യതകൾ മുൻനിർത്തിയായിരുന്നു.

Read Also: പൊള്ളിയ കാലുമായി റഹ്‌മത്തിനേയും കുഞ്ഞിനേയും തിരഞ്ഞ് അയല്‍ക്കാരന്‍; നിലയ്ക്കാത്ത ഫോണ്‍കോളുകള്‍; നോവായി എലത്തൂര്‍

ട്രെിനിൽ അക്രമം നടത്തിയ പ്രതി എങ്ങോട്ട് പോയി ?

ട്രെിനിൽ അക്രമം നടത്തിയ പ്രതി എങ്ങോട്ട് പോയി എന്ന ചോദ്യത്തിനുള്ള ഉത്തരം തേടിയായിരുന്നു പൊലീസിന്റെ അന്വേഷണം. ഏപ്രിൽ 2ന് രാത്രി 9.35നാണ് ട്രെയിനിൽ ആക്രമണം നടക്കുന്നത്. അതിന് ശേഷം അതേ ട്രെയിനിൽ തന്നെ പ്രതി കണ്ണൂരിലെത്തി. കണ്ണൂരിൽ നിന്ന് അന്ന് രാത്രി തന്നെ മംഗലാപുരത്തേക്ക് കടന്ന് അവിടെ നിന്ന് ഡൽഹിയിലേക്ക് പോകാനായിരുന്നു പ്രതിയുടെ പദ്ധതി. കേരളത്തിൽ അധിക ദിവസം തങ്ങിയിട്ടില്ലാത്ത പ്രതി കൃത്യം നടത്തി അതേവേഗതയിൽ തന്നെ ഉത്തരേന്ത്യയിലേക്ക് മടങ്ങുമെന്ന പൊലീസ് കണക്കുകൂട്ടൽ പ്രതിയിലേക്കുള്ള ദൂരം കുറച്ചു.

പൊലീസിന് ലഭിച്ച സൂചനകൾ വിരൽ ചൂണ്ടിയത് ഷാരുഖ് സെയ്ഫി എന്ന നോയ്ഡ സ്വദേശിയിലേക്കായിരുന്നു. തുടർന്ന് ദീർഘദൂരം ട്രെയിൻ കടന്നുപോകാൻ സാധ്യതയുള്ള എല്ലാ റെയിൽവേ സ്റ്റേഷനുകളിലേയും റെയിൽവേ പൊലീസിന് അന്വേഷണ സംഘം പ്രതിയെ കുറിച്ചുള്ള വിവരം നൽകി. സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന വ്യക്തിയാണ് ഷാരുഖ് സെയ്ഫി. യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിലെല്ലാം ഷാരുഖ് സജീവമാണ്. ഇവിടെ നിന്ന് ശേഖരിച്ച ഫോട്ടോയും മൊബൈൽ നമ്പറും സ്ഥിരീകരിച്ച്, വിവിധ സംസ്ഥാന ഏജൻസികൾക്ക് കൈമാറി.

സംഭവം നടന്ന് മൂന്നാം നാൾ പ്രതി പിടിയിൽ

ഷാരുഖ് സെയ്ഫിയെ പിടികൂടിയത് പൊലീസിനെ സംബന്ധിച്ച് വളരെ അഭിമാനകരമായ നേട്ടമാണ്. ആക്രമണമുണ്ടായി മൂന്നാം നാൾ പ്രതി പിടിയിലായിരിക്കുകയാണ്. ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിലെ രത്‌നഗിരി മേഖലയിൽ നിന്നാണ് കേരള പോലീസ് പിടികൂടിയത്. ഇവിടുത്തെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതായിരുന്നു ഷാരുഖ് സെയ്ഫി. ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കേരള പോലീസിൻറെ പിടിയിൽ അകപ്പെട്ടത്.

ഷാറൂഖിന് കെണിയൊരുക്കിയത് സ്വന്തം ഫോൺ

പ്രതി ഷാറുഖ് സെയ്ഫിയെ പിടിച്ചത് ഫോണിന്റെയും ഡയറിയുടെയും സഹായത്തോടെയായിരുന്നു. ഷാറുഖ് സെയ്ഫിക്ക് ആറ് ഫോണുകളുണ്ടെന്ന് വീട്ടുകാർ വിവരം നൽകിയിരുന്നു. തുടർന്ന് ഈ ആറ് ഫോണുകളും അന്വേഷണ സംഘം നിരീക്ഷണത്തിലാക്കിയിരുന്നു. അതിൽ ഒരു ഫോൺ സ്വിച്ച് ഓൺ ആയത് നിർണ്ണായകമായി. തുടർന്ന് ഫോണിന്റെ ലൊക്കേഷൻ സഹിതം മഹാരാഷ്ട്ര എടിഎസിനെ ഐബി അറിയിച്ചു. തുടർന്ന് പൊലീസ് സംഘം രത്‌നഗിരിയിലെ ആശുപത്രിയിലേക്ക് പോയി. അവിടെ നിന്ന് പരുക്കേറ്റ ഒരാൾ ഓടി രക്ഷപ്പെട്ടതായി മനസിലായി. പിന്നാലെ പ്രദേശം മുഴുവൻ തിരച്ചിൽ നടത്തി ഇയാളെ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഖേദിൽ വച്ച് ട്രെയിനിൽ നിന്ന് താഴേക്ക് ചാടിയാണ് ഷാരുഖിന് പരുക്കേറ്റത്. ചിലർ ഇയാളെ കണ്ടെത്തുകയും 102ൽ വിളിച്ച് ആംബുലൻസ് എത്തിക്കുകയും ചെയ്തു. തുടർന്ന് രത്നഗിരിയിലെ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ആരാണ് ഷാരുഖ് സെയ്ഫി ? ( Who is Shahrukh Saifi )

ഡൽഹി എൻസിആർ നിവാസിയാണ് ഷാരുഖ് സെയ്ഫി. ഷാരുഖ് സൈഫ് റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച് പോയ ബാഗിൽ ഒരു പുസ്തകം കണ്ടെടുത്തിരുന്നു. ഷാറുക് സെയ്ഫ് കാർപെന്റർ എന്ന പേര് രേഖപ്പെടുത്തിയ പുസ്തകമായിരുന്നു പൊലീസ് കണ്ടെത്തിയത്. പുസ്തകത്തിൽ ഓരോ ദിവസവും എപ്പോൾ ഉറങ്ങണം, എന്തെല്ലാം ചെയ്യണമെന്ന കാര്യങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഡയറിയുടെ സ്വഭാവമുള്ള പഴയ നോട്ട് ബുക്കായിരുന്നു അത്. ഷാരുഖ് സെയ്ഫിക്ക് കാർപെന്റിംഗുമായി ബന്ധപ്പെട്ട യൂട്യൂബ് ചാനലുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് ഷാരുഖ് സെയ്ഫി.

ഷാറൂഖില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയത് 2021അവസാനത്തോടെ; ഫെയ്സ്ബുക്ക്, ടെലഗ്രാം അക്കൗണ്ടുകൾ പരിശോധിച്ച് കേന്ദ്ര ഏജന്‍സികൾ

ഷാറൂഖിന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പുരോ​ഗമിക്കുന്നു. വാട്സ് ആപ്പ്, ഫെയ്സ്ബുക്ക്, ടെലഗ്രാം എന്നീ അക്കൗണ്ടുകളാണ് കേന്ദ്ര ഏജന്‍സികൾ പരിശോധിക്കുന്നത്. പ്രതിയുടെ തീവ്രവാദ ബന്ധവും ‘ഹാന്‍ഡ്ലറെയും’ കണ്ടെത്താനായാണ് നീക്കം. പ്രതി സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇതിനൊപ്പം ഫോണ്‍കോള്‍ വിശദാംശങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇതിന്റെ ഫലം ലഭിക്കാന്‍ നാല് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് കേന്ദ്ര ഏജന്‍സികള്‍ അറിയിക്കുന്നത്. 2021 വരെ ഷാരൂഖ് സാധാരണ ചെറുപ്പക്കാരനെ പോലെയാണ് കഴിഞ്ഞിരുന്നത്. 2021 അവസാനത്തോടെയാണ് ഷാരൂഖില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയെന്ന് ഏജന്‍സികള്‍ പറയുന്നു.

സിഗരറ്റ് വലിയടക്കമുള്ള ദുശ്ശീലങ്ങളെല്ലാം പ്രതി ഉപേക്ഷിച്ചതായി കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തലുണ്ട്. ഡയറിയെഴുത്തും മതപരമായ ദിനചര്യകളും ആരംഭിച്ചത് 2021 അവസാനത്തോടെയാണ്. ഡല്‍ഹിയില്‍ നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ ലഭ്യമായത്.

ഷൊർണൂരിൽ തങ്ങിയത് 15 മണിക്കൂർ; ടിഫിൻ ബോക്‌സും താമസവും നൽകിയതാര് ? അന്വേഷണം പ്രതിയുടെ പ്രാദേശിക ബന്ധത്തിലേക്കും നീളുന്നു

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ അന്വേഷണ സംഘം കേരളത്തിലെ ഗൂഢാലോചനയിലേക്കും ഹാൻഡ്‌ലറിലേക്കും കടന്നുവെന്ന് റിപ്പോർട്ട്. പുലർച്ചെ നാലര മണിക്ക് ഷൊർണൂർ ടവർ പിരിധിയിലെത്തിയ പ്രതി ഷാറുഖ് 15 മണിക്കൂറാണ് പ്രദേശത്ത് തങ്ങിയത്. ഇതിന് ശേഷമാണ് ഇയാൾ കൊള്ളപ്പുള്ളിയിലെ പെട്രോൾ പമ്പിലേക്ക് പോയത്.

ഇതിനിടയിൽ പ്രതിക്ക് പ്രാദേശികമായി സഹായം ലഭിച്ചിട്ടുണ്ട്. ഒരു ഫുഡ് കണ്ടെയ്‌നറിൽ ടിഫിൻ ബോക്‌സിൽ ഭക്ഷണം ലഭിച്ചിരുന്നു. ഷാരൂഖ് തങ്ങിയ സ്ഥലവും ടിഫിൻ ലഭിച്ച സ്രോതസും അന്വേഷണ സംഘം പരിശോധിക്കുകയാണ്.

Story Highlights: Who is Shahrukh Saifi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here