ഗോഹത്യ ആരോപിച്ച് മുസ്ലീം യുവാക്കൾക്കെതിരെ വ്യാജ പരാതി: യുപിയിൽ ഹിന്ദു മഹാസഭ പ്രവർത്തകർ അറസ്റ്റിൽ

ഉത്തർപ്രദേശിൽ പശുവിനെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ച് മുസ്ലിം യുവാക്കളെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ വഴിത്തിരിവ്. കേസ് കെട്ടിച്ചമച്ചതാണെന്നും നിരപരാധികളായ യുവാക്കളെയാണ് പ്രതി ചേര്‍ത്തതെന്നും ആഗ്ര പൊലീസ് അറിയിച്ചു. നാല് അഖിലേന്ത്യാ ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.(Hindu Mahasabha Members Slaughtered a Cow to Implicate Muslim Men)
കഴിഞ്ഞ മാർച്ച് 30 നാണ് ഗോഹത്യ ആരോപിച്ച് ഗൗതം നഗറിലെ നാല് മുസ്ലിം യുവാക്കള്‍ക്കെതിരെ കെട്ടിച്ചമച്ച പരാതി പ്രതികള്‍ നല്‍കിയത്. ഇതില്‍ എത്മത്തുള്ള പൊലീസ് എഫ്‌ഐആര്‍ ഇട്ട് കേസെടുക്കുകയും ചെയ്തിരുന്നു. ഇതാണ് കള്ളക്കേസാണെന്ന് തെളിഞ്ഞത്. ഹിന്ദു മഹാസഭയുടെ ദേശീയ വക്താവ് സഞ്ജയ് ഭട്ടാണ് കേസിലെ മുഖ്യപ്രതിയെന്ന് ആഗ്ര അസി. പൊലീസ് കമ്മിഷണര്‍ ആര്‍.കെ സിംഗ് പറഞ്ഞു. കള്ളക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുസ്ലിം യുവാക്കളോട് പ്രതികള്‍ക്ക് പകയുണ്ടായിരുന്നെന്നും ഇതാണ് ഗോഹത്യയുടെ പേരില്‍ കേസ് കൊടുക്കാന്‍ കാരണമെന്നും പൊലീസ് വ്യക്തമാക്കി.
രാമനവമിയുടെ തലേദിവസമാണ് കേസിനാസ്പദയമായ സംഭവമുണ്ടായത്. റിസ്വാന്‍ എലിയാസ് കല്‍ത്ത, മക്കളായ നഖീം, വിജ്ജു എലിയാസ് ചോട്ടു, ഷാനു എന്നിവര്‍ പശുവിനെ കശാപ്പ് ചെയ്‌തെന്നും മാസം വില്‍ക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണെന്നും കാണിച്ച് ഹിന്ദു മഹാസഭാ നേതാവ് ജിതേന്ദ്ര കുമാര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ യുപി ഗോവധ നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ പശു ഇറച്ചി കണ്ടെടുക്കുകയും ചെയ്തു. പശുവിനെ കശാപ്പ് ചെയ്യുന്നത് കണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം പോയ തങ്ങളെ കണ്ട് പ്രതികള്‍ ഓടിരക്ഷപെട്ടെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
ആഗ്ര മുന്‍സിപ്പല്‍ കോര്‍പറേഷനിലെ ജീവക്കാരനായ നഖീം ഉള്‍പ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദു മഹാസഭ പ്രവര്‍ത്തകരും നേതാക്കളും പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.
Read Also: ബീഫ് സ്റ്റാളിൽ നിന്ന് വാങ്ങിയ മാട്ടിറച്ചിയിൽ പുഴു; ആരോഗ്യവിഭാഗം സ്ഥലത്തെത്തി സ്റ്റാളിൽ ബാക്കിയുണ്ടായിരുന്ന മാംസം കുഴിച്ച് മൂടി
എന്നാല്‍ തുടരന്വേഷണത്തില്‍ പ്രതികള്‍ കുറ്റം ചെയ്തിട്ടില്ലെന്നും സിസിടിവി ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരാതിക്കാര്‍ക്ക് എതിരാണെന്നും പൊലീസ് കണ്ടെത്തി. പരാതിയില്‍ പറഞ്ഞ സമയത്ത് ആരോപണ വിധേയരായ നാല് പേരും സ്ഥലത്തുണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. നേരത്തെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരെ നഖീം പരാതി നല്‍കിയിരുന്നു. ഇതാണ് കള്ളക്കേസ് കെട്ടിച്ചമയ്ക്കാന്‍ കാരണമെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിക്കുകയും ചെയ്തു.
Story Highlights: Hindu Mahasabha Members Slaughtered a Cow to Implicate Muslim Men
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here