എന്റെ കേരളം പ്രദർശന വിപണന മേള: ഏറ്റവും മികച്ച സ്റ്റാളിനുള്ള അവാർഡ് കേരള പൊലീസിന്

എറണാകുളം മറൈൻ ഡ്രൈവിൽ സമാപിച്ച എൻറെ കേരളം പ്രദർശന വിപണന മേളയിൽ ഏറ്റവും മികച്ച സ്റ്റാൾ ഒരുക്കിയ സർക്കാർ വകുപ്പിനുള്ള ബഹുമതി കേരള പൊലീസിന്. മറൈൻഡ്രൈവിൽ നടന്ന സമാപനച്ചടങ്ങിൽ വ്യവസായമന്ത്രി പി. രാജീവ് പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പൊലീസ് മീഡിയ സെൻറർ ഡെപ്യൂട്ടി ഡയറക്ടറും പ്രദർശനത്തിന്റെ പൊലീസ് നോഡൽ ഓഫീസറുമായ വി.പി. പ്രമോദ് കുമാറിനും സംഘത്തിനും ട്രോഫി സമ്മാനിച്ചു.
വനിതകൾക്കും കുട്ടികൾക്കും സൗജന്യമായി സ്വരക്ഷയുടെ പാഠങ്ങൾ പകർന്നു നൽകുന്ന വനിത സ്വയം പ്രതിരോധ പരിപാടി സ്റ്റാളിൽ പ്രത്യേക പ്രാധാന്യത്തോടെ അവതരിപ്പിക്കുകയുണ്ടായി. വനിതകൾക്ക് വേണ്ടി തയ്യാറാക്കിയ നിർഭയം മൊബൈൽ ആപ്പ്, പോലീസിൻറെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പ്, വിവിധ ഹെൽപ്പ് ലൈൻ നമ്പറുകൾ എന്നിവ കാണികൾക്ക് പരിചയപ്പെടുത്തി.
Read Also: എന്റെ കേരളം പ്രദർശന വിപണന മേള നാളെ പാലക്കാട്; ഉദ്ഘാടനം വൈകീട്ട് 6 മണിക്ക്
പരിപാടിയുടെ ഭാഗമായി വിവിധതരം തോക്കുകളും ആയുധങ്ങളും കാണുവാനും പൊലീസിൻറെ വയർലസ് സംവിധാനങ്ങൾ ഉപയോഗിച്ചുനോക്കുവാനും ജനങ്ങൾക്ക് അവസരമൊരുക്കി. ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് വിശകലനം ചെയ്യുന്ന ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ പ്രവർത്തനം, കേരള പൊലീസിൻറെ ശ്വാനവിഭാഗമായ കെ9 സ്ക്വാഡ് അവതരിപ്പിച്ച കേസന്വേഷണവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ തുടങ്ങിയവ ഏറെ ആകർഷകമായി.
Story Highlights: Ente Keralam exhibition Award for Best Stall to Kerala Police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here