ഷാറൂഖ് സെയ്ഫിയുടെ കാര്‍പെന്റര്‍ വിഡിയോകള്‍ തിരഞ്ഞ് ആളുകള്‍; കമന്റ് ബോക്‌സില്‍ നിറയെ മലയാളികളും
കോഴിക്കോട് എലത്തൂരില്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ ആശാരിപ്പണി വിഡിയോകള്‍ സോഷ്യല്‍ മിഡിയയില്‍ വൈറലാകുന്നു. കുറ്റകൃത്യത്തിനുള്ള കാരണവും കേസില്‍ മറ്റിടപെടലുകളും സംബന്ധിച്ച് ഒരു വശത്ത് അന്വേഷണം തകൃതിയായി നടക്കുമ്പോഴാണ് ഷാറൂഖിന്റെ യൂട്യൂബ് ചാനലിന്റെ കമന്റ് ബോക്‌സ് മലയാളികളെ കൊണ്ട് നിറയുന്നത്.(Shahrukh Saifi’s Carpenter Videos goes viral after Elathur train fire case)
നോയ്ഡയില്‍ കാര്‍പെന്ററായി ജോലി ചെയ്യുകയായിരുന്നു ഷാറൂഖ് സെയ്ഫി. ഈ സമയത്ത് ചെയ്ത വര്‍ക്കുകളും മറ്റുമാണ് ഷാറൂഖ് സെയ്ഫീസ് കാര്‍പെന്ററി എന്ന പേരിലുള്ള യൂട്യൂബ് ചാനലിലുള്ളത്. എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസിന് ശേഷം ആളുകള്‍ തെരഞ്ഞുപിടിച്ചുകാണുകയാണ് ഷാറൂഖിന്റെ വിഡിയോകള്‍.
എഴുന്നൂറോളം സബ്‌സ്‌ക്രൈബേഴ്‌സ് മാത്രമുള്ള ഷാറൂഖിന്റെ ചാനല്‍ വിഡിയോകള്‍ ട്രെയിന്‍ ആക്രമണത്തിന് ശേഷം പതിനായിരക്കണക്കിന് ആളുകളാണ് കണ്ടത്. മിക്ക വിഡിയോകളുടെയും കമന്റ് ബോക്‌സില്‍ നിറയെ മലയാളികള്‍ തന്നെ. തീവയ്പ്പ് കേസിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്കൊപ്പം സിനിമാ ഡയലോഗുകളും സോഷ്യല്‍ മിഡിയ ട്രെന്റുകളുമടക്കം കമന്റ് ബോക്‌സില്‍ മലയാളികളുടെ വകയായുണ്ട്.
ഡല്‍ഹി എന്‍സിആര്‍ നിവാസിയാണ് ഷാറൂഖ് സെയ്ഫി. എലത്തൂര്‍ സംഭവത്തിന് ശേഷം ഷാറൂഖ് റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച് പോയ ബാഗില്‍ ഒരു പുസ്തകം പൊലീസ് കണ്ടെടുത്തിരുന്നു. ഷാറൂഖ് സെയ്ഫ് കാര്‍പെന്റര്‍ എന്ന പേര് രേഖപ്പെടുത്തിയ പുസ്തകമായിരുന്നു കണ്ടെത്തിയത്. പുസ്തകത്തില്‍ ഓരോ ദിവസവും എപ്പോള്‍ ഉറങ്ങണം, എന്തെല്ലാം ചെയ്യണമെന്ന കാര്യങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. ഡയറിയുടെ സ്വഭാവമുള്ള പഴയ നോട്ട് ബുക്കായിരുന്നു അത്.
സോഷ്യല്‍ മിഡിയയില്‍ സജീവമായിരുന്നു ഷാറൂഖിന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ അടക്കം കേന്ദ്രീകരിച്ച് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുകയാണ്. വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക്, ടെലഗ്രാം എന്നീ അക്കൗണ്ടുകളാണ് കേന്ദ്ര ഏജന്‍സികള്‍ പരിശോധിച്ചത്. പ്രതിയുടെ തീവ്രവാദ ബന്ധവും ‘ഹാന്‍ഡ്‌ലറെയും’ കണ്ടെത്താനായാണ് നീക്കം. പ്രതി സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
Story Highlights: Shahrukh Saifi’s Carpenter Videos goes viral after Elathur train fire case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here