ആദ്യം തയാറാക്കിയ എഫ്‌ഐആറില്‍ കുഞ്ഞുമാണിയുടെ പേരില്ല, രക്തപരിശോധനയും നടത്തിയില്ല; പൊലീസിനെതിരെ ആരോപണം

ജോസ് കെ മാണിയുടെ മകന്‍ പ്രതിയായ വാഹനാപകട കേസില്‍ ആദ്യം തയാറാക്കിയ എഫ്‌ഐആറില്‍ നിന്ന് കുഞ്ഞുമാണിയുടെ പേര് ഒഴിവാക്കിയെന്ന് ആക്ഷേപം. 45 വയസുള്ള ആള്‍ എന്ന് മാത്രമാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജോസ് കെ മാണിയുടെ മകന്റെ രക്തസാമ്പിള്‍ പരിശോധിച്ചില്ലെന്നും പൊലീസിനെതിരെ ഗുരുതര ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജോസ് കെ മാണിയുടെ മകന്‍ സഞ്ചരിച്ചിരുന്ന കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ ട്വന്റിഫോറിനോട് പറഞ്ഞു. (Allegation against police in jose k many son case)
ആദ്യ എഫ്‌ഐആറില്‍ നിന്ന് കുഞ്ഞുമാണിയുടെ പേര് ഒഴിവാക്കിയെന്നും ഇന്നലെ തയാറാക്കിയ പുതിയ എഫ്‌ഐആറില്‍ ഇയാള്‍ക്കെതിരെ 304 എ വകുപ്പ് പ്രകാരം കേസെടുക്കുകയുമായിരുന്നുവെന്നാണ് ആരോപണം. കഴിഞ്ഞ ശനിയാഴ്ചയാണ് അപകടമുണ്ടായിരുന്നത്. അന്നേ ദിവസം ശക്തമായ മഴയുണ്ടായിരുന്നു. ഇന്നോവ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യവേ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം കറങ്ങുകയും കാറിന് പിന്നില്‍ സഹോദരങ്ങള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിയ്ക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
പ്രതിയെ ജാമ്യത്തില്‍ വിട്ടതിനെത്തിരെ യൂത്ത് കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. കറുകച്ചാലിലെ ബന്ധുവിന്റെ വീട്ടില്‍ പോയി മടങ്ങിവരുമ്പോഴാണ് യുവാക്കളെ കാര്‍ ഇടിയ്ക്കുന്നത്. കറിക്കാട്ടൂരില്‍ നിന്ന് മണിമല ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് ഇടിച്ചത്.
പാലാ സ്വദേശിയായ സേവ്യര്‍ മാത്യുവിന്റെ പേരിലാണ് വാഹനം ഉണ്ടായിരുന്നത്. വാഹനം ഓടിച്ചിരുന്നത് കുഞ്ഞുമാണിയാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സഹോദരങ്ങളെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Story Highlights: Allegation against police in jose k many son case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here