കോടതിയലക്ഷ്യക്കേസിൽ നിരുപാധികം മാപ്പ് വിവേക് അഗ്നിഹോത്രി

ക്രിമിനൽ കോടതിയലക്ഷ്യ കേസിൽ സംവിധായകൻ വിവേക് അഗ്നിഹോത്രിയെ കുറ്റവിമുക്തനാക്കി. ജസ്റ്റിസ് എസ് മുരളീധറിനെതിരെ 2018 ല്‍ ട്വീറ്റിലൂടെ നടത്തിയ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ, നിരുപാധികം മാപ്പ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എസ് മുരളീധർ നിലവിൽ ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്.
ജസ്റ്റിസുമാരായ സിദ്ധാർത്ഥ് മൃദുൽ, വികാസ് മഹാജൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിൽ കോടതിയലക്ഷ്യ നടപടി ആരംഭിച്ചതോടെ വിവേദ് അഗ്നിഹോത്രി സത്യവാങ്മൂലം അയച്ച് ക്ഷമാപണം നടത്തി. ഇതിൽ അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി, ഹാജരാകാൻ പോലും കഴിയാത്തത്ര വലുതാണോ ഇയാൾ എന്ന് ചോദിച്ചു. ഇതിന് പിന്നാലെയാണ് വിവേക് അഗ്നിഹോത്രി ഹൈക്കോടതിയിൽ നേരിട്ട് ഹാജരായത്.
ജുഡീഷ്യറിയോട് തനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും കോടതിയുടെ മഹത്വത്തെ മനപ്പൂര്‍വ്വം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ജസ്റ്റിസ് സിദ്ധാർത്ഥ് മൃദുൽ, ജസ്റ്റിസ് വികാസ് മഹാജൻ എന്നിവരുടെ ബെഞ്ചിന് മുമ്പാകെ വിവേക് അഗ്നിഹോത്രി പറഞ്ഞു. കോടതിയലക്ഷ്യക്കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്നും അഭ്യർത്ഥിച്ചു. ഭാവിയില്‍ ഇത്തരം പരാമര്‍ശങ്ങല്‍ നടത്തരുതെന്ന മുന്നറിയിപ്പ് നൽകിയ ശേഷമാണ് ഹൈക്കോടതി സംവിധായകനെ കുറ്റവിമുക്തനാക്കിയത്.
2018ല്‍ ആണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഭീമാ കൊറേഗാവ് കേസില്‍ ആക്ടിവിസ്റ്റ് ഗൗതം നവ്ലാഖയെ വീട്ടുതടങ്കലിനും ട്രാന്‍സിറ്റ് റിമാന്‍ഡിനുമുള്ള ഉത്തരവ് റദ്ദാക്കിയ ജഡ്ജിയുടെ ഉത്തരവുമായി ബന്ധപ്പെട്ട്, മുന്‍ ഹൈക്കോടതി ജഡ്ജിയും ഇപ്പോഴത്തെ ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് മുരളീധറിനെതിരെ ഒരു ട്വീറ്റ് വിവേക് അഗ്നിഹോത്രി പങ്കുവയ്ക്കുകയായിരുന്നു. ഇതാണ് പിന്നീട് കോടതിയലക്ഷ്യ കേസായി മാറിയത്.
Story Highlights: Delhi High Court Discharges Vivek Agnihotri In Contempt Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here