‘രാജ്യത്തെ മുസ്ലിമുകൾക്ക് പാകിസ്താനേക്കാൾ മികച്ച അവസ്ഥ, ഇന്ത്യയിൽ വന്ന് ആരോപണം തെളിയിക്കൂ’; നിർമല സീതാരാമൻ

പാകിസ്താനിലെ മുസ്ലീങ്ങളേക്കാൾ ഇന്ത്യയിലെ മുസ്ലീങ്ങൾ മെച്ചപ്പെട്ട നിലയിലാണ് കഴിയുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ന്യൂനപക്ഷ പ്രശ്‌നങ്ങളുടെ പേരിൽ ഇന്ത്യയെ കുറ്റപ്പെടുത്തുന്നവർക്ക് യാഥാർത്ഥ്യം അറിയില്ല. ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ കുറയുകയല്ല, മറിച്ചു കൂടുകയാണെന്നും ധനമന്ത്രി. യുഎസ് തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ പീറ്റേഴ്‌സൺ ഇൻസ്റ്റിറ്റ്യൂട്ടിലെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നിർമല സീതാരാമൻ.
‘ലോകത്ത് രണ്ടാമത്തെ വലിയ മുസ്ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. പലരും ഏഴുതുന്നത് ഇന്ത്യയിലെ മുസ്ലിംകള്‍ പ്രയാസം അനുഭവിക്കുകയാണെന്നാണ്. ഭരണകൂടത്തിന്റെ പിന്തുണയോടെ അവരെ കഷ്ടപ്പെടുത്തുകയാണെന്നാണ് ആരോപണം. യാഥാർത്ഥ്യം അതല്ല. പ്രയാസം അനുഭവിക്കുകയാണെങ്കില്‍ അവരുടെ എണ്ണം ഉയരുന്നത് എങ്ങനെയാണ്? 1947ലെ അപേക്ഷിച്ച് മുസ്ലിം ജനസംഖ്യ ഏറെ ഉയര്‍ന്നില്ലേ?’ – ധനമന്ത്രി ചോദിച്ചു.
‘ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർ ആദ്യം ഇന്ത്യയിൽ വന്ന് ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് കാണണം. ഇന്ത്യയിൽ വരാതെ ഇന്ത്യയെക്കുറിച്ച് എഴുതുന്നവരുടെ അഭിപ്രായം മാത്രം കേൾക്കരുത്. പാകിസ്താനില്‍ തിരിച്ചാണ് സംഭവിക്കുന്നത്. അവിടെ മുജാഹിദുകള്‍ക്കും ഷിയാകള്‍ക്കും മറ്റു ന്യൂനപക്ഷ സമുദായങ്ങള്‍ക്കും എതിരെ അതിക്രമം നടക്കുന്നു. പാകിസ്താന്‍ ഇസ്ലാമിക രാജ്യമായി സ്വയം പ്രഖ്യാപിച്ചു, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കും എന്നു പറഞ്ഞു. എന്നാല്‍ അവിടെ ന്യൂനപക്ഷള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്’ – നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി.
മുസ്ലീങ്ങൾ ഇന്ത്യയിൽ കച്ചവടം നടത്തുന്നുണ്ടെന്നും അവരുടെ മക്കൾ നന്നായി പഠിക്കുന്നുവെന്നും അവർക്ക് സർക്കാർ ഫെലോഷിപ്പ് നൽകുന്നുണ്ടെന്നും പറഞ്ഞ ധനമന്ത്രി ഇന്ത്യയിലെ മുസ്ലീം വിരുദ്ധ പ്രസംഗങ്ങളെക്കുറിച്ചും പ്രതികരിച്ചു. ക്രമസമാധാനം ഇന്ത്യയില്‍ സംസ്ഥാനങ്ങളുടെ ചുമതലയാണ്. ഓരോ സംസ്ഥാനത്തെയും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളാണ് അതു നിര്‍വഹിക്കുന്നത്. ഇന്ത്യയിലെമ്പാടും മുസ്ലിംകള്‍ക്കു നേരെ അക്രമം നടക്കുന്നു എന്നത് മിഥ്യാധാരണയാണ്. രാജ്യത്തെ സംവിധാനത്തെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്തവരാണ് ഇത്തരം മിഥ്യകള്‍ പടച്ചുവിടുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
Story Highlights: Nirmala Sitharaman on negative Western perception of Indian Muslims
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here