തപ്പിത്തടഞ്ഞ് പഞ്ചാബ്; ഗുജറാത്തിന് 154 റൺസ് വിജയലക്ഷ്യം

ഐപിഎലിൽ പഞ്ചാബ് കിംഗ്സിനെതിരെ ഗുജറാത്ത് ജയൻ്റ്സിന് 154 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവരിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 153 റൺസെടുത്തു. 24 പന്തിൽ 34 റൺസെടുത്ത മാത്യു ഷോർട്ടാണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. ജിതേഷ് ശർമ 20 പന്തിൽ 25 റൺസ് നേടി. തകർത്ത് പന്തെറിഞ്ഞ ഗുജറാത്ത് ബൗളർമാർ പഞ്ചാബിനെ പിടിച്ചുകെട്ടുകയായിരുന്നു. 4 ഓവറിൽ വെറും 18 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ മോഹിത് ശർമ ഗുജറാത്തിനായി അസാമാന്യ പ്രകടനം നടത്തി.
ആദ്യ ഓവറിൽ തന്നെ പ്രഭ്സിമ്രാൻ സിംഗ് മടങ്ങിയപ്പോൾ പഞ്ചാബ് അക്കൗണ്ട് തുറന്നിട്ടില്ലായിരുന്നു. ഷമിക്കായിരുന്നു വിക്കറ്റ്. മൂന്നാം നമ്പറിലെത്തിയ മാത്യു ഷോർട്ട് അനായാസം ബാറ്റ് വീശിയതോടെ സ്കോർ ഉയർന്നു. ഇതിനിടെ ശിഖർ ധവാൻ (8) ജോഷ്വ ലിറ്റിലിൻ്റെ ഇരയായി മടങ്ങി. തകർത്തടിച്ച് മുന്നോട്ടുപോകുന്ന ഷോർട്ടിനെ റാഷിദ് ഖാൻ ഏഴാം ഓവറിൽ വീഴ്ത്തിയതോടെ റൺ വരൾച്ച ആരംഭിച്ചു. ഭാനുക രജപക്സ ടൈമിങ്ങ് കിട്ടാതെ ബുദ്ധിമുട്ടിയപ്പോൾ ജിതേഷ് ശർമയ്ക്കും കെട്ടുപൊട്ടിച്ചോടാനായില്ല. ജിതേഷിനെ മോഹിത് ശർമ മടക്കിയതോടെ പഞ്ചാബിൻ്റെ നില വീണ്ടും പരുങ്ങലിലായി. 26 പന്തുകൾ നേരിട്ട് വെറും 20 റൺസെടുത്ത രജപക്സ അൽസാരി ജോസഫിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 22 പന്തുകളിൽ അത്ര തന്നെ റൺസ് നേടിയ സാം കറൻ മോഹിത് ശർമയ്ക്ക് മുന്നിൽ വീണു.
അവസാന ഓവറുകളിൽ ഷാരൂഖ് ഖാൻ്റെ ബാറ്റിംഗാണ് പഞ്ചാബിനെ മാന്യമായ നിലയിലെത്തിച്ചത്. 9 പന്തുകളിൽ 22 റൺസ് നേടിയ ഷാരൂഖ് അവസാന ഓവറിൽ റണ്ണൗട്ടായി. അവസാന പന്തിൽ ഋഷി ധവാനും (1) റണ്ണൗട്ടായി.
Story Highlights: punjab kings innings gujarat titans
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here