ടെക്‌സാസിലെ ഡയറി ഫാമിൽ വൻ തീപിടിത്തം; 18,000 പശുക്കൾ ചത്തു

ടെക്‌സാസിലെ ഒരു ഡയറി ഫാമിലുണ്ടായ തീപിടിത്തത്തിൽ 18,000 പശുക്കൾ ചത്തതായി റിപ്പോർട്ട്. തിങ്കളാഴ്ച ഡിമിറ്റിലുള്ള സൗത്ത് ഫോർക്ക് ഡയറി ഫാമിലുണ്ടായ സ്ഫോടനത്തെ തുടർന്നാണ് തീപിടുത്തമുണ്ടായതെന്ന് ബ്രിട്ടീഷ് ഓൺലൈൻ പത്രമായ ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു. അപകടത്തിൽ പൊള്ളലേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. (18000 cows killed in Texas dairy farm explosion)
ഏപ്രിൽ 10 ന് വൈകുന്നേരം 7:21 നാണ് തീപിടിത്തമുണ്ടായതെന്ന് കാസ്ട്രോ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. സ്ഥാപനത്തിലെ യന്ത്രസാമഗ്രികളിൽ നിന്നുള്ള മീഥേൻ വാതകമാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. പൊലീസും അത്യാഹിത വിഭാഗവും സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു. ഫാമിൽ കുടുങ്ങിയ ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ വ്യക്തമാക്കി.
ആയിരക്കണക്കിന് കറവ പശുക്കളാണ് തീപിടിത്തത്തിൽ ചത്തത്. യുഎസിൽ ഓരോ ദിവസവും കശാപ്പുചെയ്യപ്പെടുന്ന കന്നുകാലികളുടെ എണ്ണത്തിന്റെ മൂന്നിരട്ടിയിലധികം വരും ഇത്. 2018 നും 2021 നും ഇടയിൽ യുഎസിലുടനീളമുള്ള ഫാമുകളിൽ ഉണ്ടായ തീപിടിത്തത്തിൽ ഏകദേശം 30 ലക്ഷം മൃഗങ്ങൾ ചത്തുവെന്നാണ് കണക്കുകൾ.
Story Highlights: 18000 cows killed in Texas dairy farm explosion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here