‘സിലബസ്സുകളെ കാവി വൽക്കരിക്കാനുള്ള സംഘപരിവാർ ശ്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി വേണം ഇതിനെ കാണാൻ’ : മുഹമ്മദ് റിയാസ്

എൻസിഇഐർടി പാഠപുസ്തകത്തിൽ നിന്ന് സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മൗലാന ആസാദിന്റെ പേര് നീക്കം ചെയ്ത നടപടിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. എൻസിഇആർടിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും
സിലബസ്സുകളെ കാവി വൽക്കരിക്കാനുള്ള സംഘപരിവാർ ശ്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി വേണം ഇതിനെ കാണാനെന്നും മന്ത്രി പറഞ്ഞു. ( pa muhammed riyas against NCERT eliminating maulana azad )
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് :
‘ഖുതബ് മിനാരത്തിന്റെ ഉയരങ്ങളിൽ നിന്നും ഒരു മാലാഖ ഇറങ്ങി വന്ന്, ഹിന്ദു-മുസ്ലിം ഐക്യം തകർന്നാൽ 24 മണിക്കൂറുകൾ കൊണ്ട് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്ന് എന്നോട് പറഞ്ഞാൽ, ആ സ്വാതന്ത്ര്യം ഞാൻ വേണ്ട എന്ന് വെയ്ക്കും.’ – സ്വാതന്ത്ര്യ സമരകാലത്ത് ദേശീയ പ്രസ്ഥാനത്തെയും സ്വാതന്ത്ര്യ സമരപോരാളികളെയും ത്രസിപ്പിച്ച ഈ വാക്കുകൾ മൗലാനാ അബുൾ കലാം ആസാദിന്റേതാണ്.
മതനിരപേക്ഷ ഇന്ത്യയുടെ കാവലാളും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മൗലാനാ അബുൾ കലാം ആസാദിന്റെ പേര് 11 -ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ നിന്നും ഒഴിവാക്കിയ എൻസിഇആർടിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സിലബസ്സുകളെ കാവി വൽക്കരിക്കാനുള്ള സംഘപരിവാർ ശ്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി വേണം ഇതിനെ കാണാൻ.’
പതിനൊന്നാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ നിന്നാണ് മൗലാന ആസാദിന്റെ പേര് എൻസിഇആർടി ഒഴിവാക്കിയത്. പഴയ എൻസിഇആർടിയിൽ പറയുന്നതിങ്ങനെ – ‘കോൺസ്റ്റിറ്റിയുവന്റ് അസംബ്ലിയും പ്രധാനമായും വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന എട്ട് കമ്മിറ്റികളാണ് ഉണ്ടായിരുന്നത്. ജവഹർലാൽ നെഹ്രു, രാജേന്ദ്ര പ്രസാദ്, സർദാർ പട്ടേൽ, മൗലാന ആസാദ്, അംബേദ്കർ എന്നിവരാണ് ഈ കമ്മിറ്റികളുടെ അധ്യക്ഷത വഹിച്ചിരുന്നത്. കോൺഗ്രസിന്റേയും ഗാന്ധിയുടേയും വിമർശകനായിരുന്നു അംബേദ്കർ. പിന്നാക്ക വിഭാഗത്തിന്റെ ഉന്നമനത്തിന് അവർ ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ചായിരുന്നു വിമർശനം. പട്ടേലും നഹ്രുവും തമ്മിലും അഭിപ്രായ വ്യത്യാലങ്ങൾ ഉണ്ടായിരുന്നു. പക്ഷേ അവരെല്ലാം ഒന്നിച്ച് പ്രവർത്തിച്ചുപോന്നു’. ഈ പാഠഭാഗത്തിൽ നിന്ന് മൗലാന ആസാദിന്റെ പേരാണ് ഇപ്പോൾ ഒഴുവാക്കിയിരിക്കുന്നത്.
14 വയസ് വരെയുള്ള കുട്ടികൾക്ക് രാജ്യത്ത് സൗജന്യ വിദ്യാഭ്യാസം ഏർപ്പെടുത്തണമെന്ന വിദ്യാഭ്യാസ പരിഷ്‌കരണം കൊണ്ടുവന്ന വ്യക്തിയാണ് ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി കൂടിയായ മൗലാന ആസാദ്. ജാമിയ മിലിയ ഇസ്ലാമിയ, നിരവധി ഐഐടികൾ, ഐഐഎസ്, സ്‌കൂൾ ഓഫ് പ്ലാനിംഗ് ആന്റ് ആർക്കിടക്ചർ എന്നിവയുടെ സ്ഥാപകൻ കൂടിയാണ് മൗലാന ആസാദ്.
ഇതാദ്യമായല്ല ആസാദിന്റെ പേര് ഒഴുവാക്കുന്നതെന്ന് ചരിത്രകാരൻ എസ്.ഇർഫാൻ ഹബീബ് പറഞ്ഞു. 2009 ൽ രൂപീകരിച്ച മൗലാന ആസാദ് ഫെല്ലോഷിപ്പ് കഴിഞ്ഞ വർഷം ന്യൂനപക്ഷ മന്ത്രാലയം റദ്ദാക്കിയിരുന്നു. ബുദ്ധമതം, ക്രൈസ്തവ മതം, ജയിനർ, ഇസ്ലാം മതി, പാഴ്സി, സിഖ് എന്നിങ്ങനെ ആറ് ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അഞ്ച് വർഷം വരെ സാമ്പത്തിക സഹായം നൽകുന്നതായിരുന്നു ഫെല്ലോഷിപ്പ്.
Story Highlights: pa muhammed riyas against NCERT eliminating maulana azad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here