തൃശ്ശൂരിൽ അടയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ ക്രൂരമായി മർദിച്ച നാലുപേർ അറസ്റ്റിൽ

തൃശ്ശൂർ ചേലക്കര കിള്ളിമംഗലത്ത് മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ മർദിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. പ്ലാക്കൽപീടികയിൽ അബ്ബാസ്, ബന്ധുക്കളായ ഇബ്രാഹിം, അൽത്താഫ്, അയൽവാസി കബീർ എന്നിവരാണ് പിടിയിലായത്. ക്രൂരമായ ആൾക്കൂട്ട മർദനത്തിന് ഇരയായ വെട്ടിക്കാട്ടിരി നമ്പുളളിപ്പടി വീട്ടിൽ സന്തോഷ് ഗുരുതരാവസ്ഥയിലാണ്.
കിള്ളിമംഗലം സ്വദേശി അബാസിന്റെ വീട്ടിൽ നിന്ന് അടയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് ആയിരുന്നു ആക്രമണം. പുലർച്ചെ 2 മണിയോടെയാണ് കിള്ളിമംഗലത്ത് വച്ച് സന്തോഷിന് മർദനമേറ്റത്. അടക്കാ വ്യാപാരിയായ പ്ലാക്കൽ പീടികയിൽ അബ്ബാസിൻ്റെ വീട്ടിൽ നിന്ന് സ്ഥിരമായി അടക്കമോഷണം പോകാറുണ്ടായിരുന്നു. ഇതേ തുടർന്ന് വീട്ടിൽ സിസിടിവി സ്ഥാപിച്ചു. ഈ സിസിടിവിയിൽ മാസ്കും തൊപ്പിയും ധരിച്ച യുവാവ് അടക്ക മോഷ്ടിച്ച് കടത്തുന്ന ദൃശ്യം ലഭിച്ചു.
Read Also: ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി
പുലർച്ചെ ഇതേ യുവാവ് എത്തിയതായി സിസിടിവിയിൽ വ്യക്തമായതോടെ അബാസ് സഹോദരനെയും ജോലിക്കാരെയും അയൽവാസികളെയും വിവരമറിയിച്ചു. ഇവർ പിടികൂടാൻ ശ്രമിച്ചതോടെ സന്തോഷ് അടുത്ത വീട്ടിലെ മതിലെടുത്ത് ചാടാൻ നോക്കി. ഇതിനിടെയാണ് ക്രൂര മർദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ തൃശൂർ മെഡിക്കൽ കോളേജിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. തലയിലെ പരിക്ക് അതീവ ഗുരുതരമാണ്. മുഖത്തും ക്ഷതമുണ്ട്.
പത്തോളം പേർ ആക്രമിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് നാട്ടുകാർക്കെതിരെ മർദനത്തിനും സന്തോഷിനെതിരെ മോഷണത്തിനും കേസ് എടുത്തു. ചേലക്കര സിഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്.
Story Highlights: Four persons arrested for brutally assaulting a youth Thrissur killimangalam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here