Advertisement

ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങൾ; ബാംഗ്ലൂർ ഡൽഹിയെയും ലക്നൗ പഞ്ചാബിനെയും നേരിടും

April 15, 2023
2 minutes Read
ipl lsg rcb preview

ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. വൈകുന്നേരം 3.30നു നടക്കുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ആർസിബിയുടെ തട്ടകമായ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. രാത്രി 7.30ന് ലക്നൗ സൂപ്പർ ജയൻ്റ്സ് തങ്ങളുടെ ഹോം ഗ്രൗണ്ടായ ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ച് പഞ്ചാബ് കിംഗ്സിനെ നേരിടും. (ipl lsg rcb preview)

പതിവുപോലെ ആർസിബി ലീഗ് ആരംഭിച്ചിട്ടുണ്ട്. ബാലൻസ് ഇല്ലാത്ത ഒരു ടീം എന്നതാണ് കഴിഞ്ഞ ഏതാനും സീസണുകളായ ബാംഗ്ലൂരിൻ്റെ അവസ്ഥ. ഇക്കുറിയും അതിനു മാറ്റമില്ല. ആദ്യ കളി മുംബൈയെ വീഴ്ത്തിയെങ്കിലും അടുത്ത രണ്ട് മത്സരങ്ങളിൽ രണ്ട് തരത്തിൽ പരാജയപ്പെടുകയും ചെയ്തു. ആദ്യ കളി ബാറ്റർമാർ ചതിച്ചപ്പോൾ അടുത്ത കളി ബൗളർമാർ കൈവിട്ടു. ബാറ്റിംഗ് നിരയിൽ ടോപ്പ് ഓർഡർ ഫോമിലാണ്. ഡുപ്ലെസി, കോലി, മാക്സ്‌വൽ എന്നിവരെ മാറ്റിനിർത്തായി ദിനേഷ് കാർത്തിക് നിരാശപ്പെടുത്തുന്നു. മൂന്നാം നമ്പറും പരിഹരിക്കപ്പെട്ടിട്ടില്ല. ബൗളിംഗിൽ മുഹമ്മദ് സിറാജ് മികച്ചുനിൽക്കുന്നുണ്ട്. ഹർഷൽ പട്ടേലും ആകാശ് ദീപും നിരാശപ്പെടുത്തുകയാണ്. വനിന്ദു ഹസരങ്ക, ജോഷ് ഹേസൽവുഡ് എന്നിവർ ക്യാമ്പിലെത്തിയത് ആർസിബിയുടെ ഈ അസ്ഥിരതയ്ക്ക് പരിഹാരമായേക്കും. ഹസരങ്ക ബ്രേസ്‌വെലിനു പകരം കളിക്കുമെങ്കിൽ നന്നായി പന്തെറിയുന്ന ഡേവിഡ് വിലിയെ മാറ്റി ഹേസൽവുഡിനെ പരീക്ഷിക്കുമോ എന്ന് കണ്ടറിയണം.

Read Also: വിറപ്പിച്ച് കീഴടങ്ങി കൊൽക്കത്ത; സൺറൈസേഴ്സിന് തുടർച്ചയായ രണ്ടാം ജയം

തൊട്ടതെല്ലാം പിഴച്ചാണ് ഡൽഹി ക്യാപിറ്റൽസിൻ്റെ യാത്ര. ഡേവിഡ് വാർണറിൻ്റെ മെല്ലെപ്പോക്ക് തന്നെയാണ് ഡൽഹിയുടെ നടുവൊടിക്കുന്നത്. പൃഥ്വി ഷാ, റോവ്മൻ പവൽ റൈലി റുസോ എന്നിവരുടെ മോശം ഫോം, ഖലീൽ അഹ്‌മദ്, മുകേഷ് കുമാർ എന്നീ ബൗളർമാരുടെ അസ്ഥിരത തുടങ്ങിയ കാര്യങ്ങളും ഡൽഹിയ്ക്ക് തിരിച്ചടിയാവുന്നുണ്ട്. മിച്ചൽ മാർഷ് തിരികെയെത്തിയതോടെ കഴിഞ്ഞ കളി നന്നായി പന്തെറിഞ്ഞ മുസ്തഫിസുർ പുറത്തിരിക്കേണ്ടിവരുമെന്നത് അടുത്ത തലവേദനയാണ്.

കെഎൽ രാഹുൽ, ദീപക് ഹൂഡ, ആവേശ് ഖാൻ എന്നീ സുപ്രധാന താരങ്ങളുടെ മോശം ഫോമിലും ലക്നൗ അതിശക്തരാണ്. ആർസിബിക്കെതിരായ കഴിഞ്ഞ മത്സരത്തിൽ ആദ്യ നാല് സ്ഥാനക്കാർ ചേർന്ന് 100ൽ താഴെ സ്ട്രൈക്ക് റേറ്റിൽ വെറും 27 റൺസ് മാത്രമേ എടുത്തുള്ളൂ എങ്കിലും 213 റൺസ് പിന്തുടർന്ന് വിജയിച്ചത് ലക്നൗവിന് വലിയ ആവേശമാവും. നിക്കോളാസ് പൂരാൻ, മാർക്ക് വുഡ്, ആയുഷ് ബദോനി, അമിത് മിശ്ര എന്നിവരുടെ പ്രകടനങ്ങളാണ് ലക്നൗവിൻ്റെ ഹൈലൈറ്റ്. കഴിഞ്ഞ കളിയിൽ മാർക്കസ് സ്റ്റോയിനിസും മികച്ചുനിന്നു. കെയിൽ മയേഴ്സിനു പകരം ഇന്ന് ക്വിൻ്റൺ ഡികോക്ക് കളിച്ചേക്കും.

ആദ്യ രണ്ട് കളി ജയിച്ച് നന്നായി തുടങ്ങിയ പഞ്ചാബിന് പിന്നീട് ആ ഫോം തുടരാനായില്ല. ഗുജറാത്തിനെതിരായ കഴിഞ്ഞ കളിയിൽ, അവസാന ഓവറിലാണ് പഞ്ചാബ് മുട്ടുമടക്കിയത്. കുറഞ്ഞ വിജയലക്ഷ്യമാണ് പ്രതിരോധിച്ചതെങ്കിലും അവസാന ഓവർ വരെ കളി നീട്ടാനായത് പഞ്ചാബിന് ആത്‌മവിശ്വാസം നൽകും. ശിഖർ ധവാൻ, ജിതേഷ് ശർമ, അർഷ്ദീപ് സിംഗ് എന്നിവരാണ് സ്ഥിരതയോടെ പ്രകടനം നടത്തുന്നത്. ഭാനുക രജപക്ഷെയ്ക്ക് പകരം ലിയാം ലിവിങ്ങ്സ്റ്റൺ എത്തുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. ലിവിങ്ങ്സ്റ്റൺ എത്തുന്നത് പഞ്ചാബിനെ കൂടുതൽ ശക്തരാക്കും.

Story Highlights: ipl lsg pbks dc rcb preview

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top