Advertisement

വിറപ്പിച്ച് കീഴടങ്ങി കൊൽക്കത്ത; സൺറൈസേഴ്സിന് തുടർച്ചയായ രണ്ടാം ജയം

April 14, 2023
2 minutes Read
srh won kkr ipl

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് തുടർച്ചയായ രണ്ടാം ജയം. ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 23 റൺസിനു മറികടന്നാണ് സൺറൈസേഴ്സ് തുടർച്ചയായ രണ്ടാം ജയം കുറിച്ചത്. സൺറൈസേഴ്സ് മുന്നോട്ടുവച്ച 229 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് നേടാനേ സാധിച്ചുള്ളൂ. 41 പന്തിൽ 75 റൺസ് നേടിയ നിതീഷ് റാണയാണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. സൺറൈസേഴ്സിനായി 4 ഓവറിൽ 27 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ മായങ്ക് മാർക്കണ്ഡെയാണ് ഏറ്റവും മികച്ച പ്രകടനം നടത്തിയത്. (srh won kkr ipl)

ഭുവനേശ്വർ കുമാറിൻ്റെ ആദ്യ ഓവറിൽ തന്നെ റഹ്‌മാനുള്ള ഗുർബാസ് പുറത്തായതോടെ തകർച്ചയോടെയായിരുന്നു കൊൽക്കത്തയുടെ തുടക്കം. ഇംപാക്ട് സബ് വെങ്കടേഷ് അയ്യർ (10), സുനിൽ നരേൻ (0) എന്നിവർ നാലാം ഓവറിൽ മടങ്ങിയതോടെ കൊൽക്കത്ത തകർന്നു. എന്നാൽ, നാലാം വിക്കറ്റിൽ നാരായൺ ജഗദീശനും നിതീഷ് റാണയും ചേർന്ന് കൊൽക്കത്തയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഉമ്രാൻ മാലിക് എറിഞ്ഞ ആറാം ഓവറിൽ 2 സിക്സറും 4 ബൗണ്ടറിയും അടക്കം 28 റൺസ് അടിച്ചുകൂട്ടിയ നിതീഷ് റാണയായിരുന്നു കൂടുതൽ അപകടകാരി. ജഗദീശനും ബൗണ്ടറികൾ കണ്ടെത്തിയതോടെ കൊൽക്കത്ത സാവധാനം കളിയിലേക്ക് തിരികെയെത്തി. 62 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ ജഗദീശൻ മടങ്ങി. 21 പന്തിൽ 36 റൺസ് നേടിയ ജഗദീശനെ മടക്കി മായങ്ക് മാർക്കണ്ഡെയാണ് ഹൈദരാബാദിന് ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

Read Also: ഐപിഎലിൽ അവതരിച്ച് ഹാരി ബ്രൂക്ക്; ഹൈദരാബാദിന് കൂറ്റൻ സ്കോർ

ആന്ദ്രേ റസലിനെ (3) മാർക്കണ്ഡെ തന്നെ മടക്കി അയച്ചെങ്കിലും കഴിഞ്ഞ കളിയിലെ ഹീറോ റിങ്കു സിംഗ് ക്യാപ്റ്റനുമായിച്ചേർന്നതോടെ വീണ്ടും റൺസ് വരാൻ തുടങ്ങി. വെറും 25 പന്തുകളിൽ നിതീഷ് റാണ ഫിഫ്റ്റി തികച്ചു. 69 റൺസാണ് നിതീഷും റിങ്കുവും ചേർന്ന് ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ഒടുവിൽ നടരാജൻ നിതീഷിനെ മടക്കിയതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. അവസാന ഓവറുകളിൽ റിങ്കു തകർത്തടിച്ച റിങ്കു 27 പന്തുകളിൽ ഫിഫ്റ്റി തികച്ചു. അവസാന ഓവറിലെ ആദ്യ പന്തിൽ ശാർദുൽ താക്കൂർ (12) ഉമ്രാൻ മാലിക്കിനു മുന്നിൽ വീണു. 31 പന്തിൽ 58 റൺസ് നേടിയ റിങ്കു സിംഗ് പുറത്താവാതെ നിന്നെങ്കിലും വിജയലക്ഷ്യം ഭേദിക്കാനായില്ല.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 228 റൺസ് നേടി. 55 പന്തുകളിൽ 100 റൺസ് നേടി പുറത്താവാതെ നിന്ന ഹാരി ബ്രൂക്ക് ആണ് ഹൈദരാബാദിൻ്റെ ടോപ്പ് സ്കോറർ. എയ്ഡൻ മാർക്രം 26 പന്തിൽ 50 റൺസ് നേടി പുറത്തായി. കൊൽക്കത്തയ്ക്കായി ആന്ദ്രേ റസൽ 3 വിക്കറ്റ് വീഴ്ത്തി.

Story Highlights: srh won kkr ipl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top