വിലപിടിപ്പുള്ള കാറും ബംഗ്ലാവും കാണിച്ച് യുവതികളുടെ വിശ്വാസം നേടിയെടുക്കും; പിന്നാലെ തട്ടിപ്പ്; മാട്രിമോണിയൽ ‘കള്ളൻ’ പിടിയിൽ

മാട്രിമോണിയൽ വെബ്‌സൈറ്റ് വഴി യുവതികളെ പരിചയപ്പെട്ട ശേഷം തട്ടിപ്പ് നടത്തുന്ന 26 കാരൻ അറസ്റ്റിൽ. ഉത്തർ പ്രദേശിലെ മുസാഫർവഗർ നിവാസിയായ വിശാലിനേയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ( Rich Bachelor Cheated Women On Matrimonial Site )
ഒരു മൾട്ടിനാഷ്ണൽ കമ്പനിയിലെ ജീവനക്കാരനായിരുന്ന വിശാൽ സ്വന്തമായി ബിസിനസ് തുടങ്ങി പരാജയപ്പെട്ട വ്യക്തിയാണ്. തുടർന്നാണ് എളുപ്പത്തിൽ പണം സമ്പാദിക്കാൻ മാട്രിമോണി വഴി തട്ടിപ്പ് ആരംഭിച്ചത്. പ്രതിവർഷം 50-70 ലക്ഷം രൂപ വരെ സമ്പാദിക്കുന്ന എച്ച് ആർ ജീവനക്കാരനായാണ് വിശാൽ മാട്രിമോണി വെബ്‌സൈറ്റിൽ പ്രൊഫൈൽ ഉണ്ടാക്കിയിരിക്കുന്നത്. ഇത് കണ്ട് റിക്വസ്റ്റ് അയക്കുന്ന പെൺകുട്ടികളുമായി വിശാൽ സൗഹൃദം സ്ഥാപിക്കുകയും മൊബൈൽ നമ്പർ നേടിയെടുക്കുകയും ചെയ്യും. പിന്നാലെ ചാറ്റിംഗ് ആരംഭിക്കും.
ചാറ്റിംഗിനിടെ വിലപിടിപ്പുള്ള കാറുകളുടേയും ഫാം ഹൗസുകളുടേയും ചിത്രങ്ങൾ പങ്കുവച്ച് ഇതെല്ലാം തന്റേതാണെന്ന് പറഞ്ഞ് യുവതികളെ കബിളിപ്പിക്കും. ഇതിന് പിന്നാലെ കുറഞ്ഞ വിലയിൽ ഐഫോൺ 14 പ്രോ മാക്‌സ് സ്വന്തമാക്കാമെന്ന് പറഞ്ഞ് യുവതിയിൽ നിന്ന് പണം തട്ടും. ഒപ്പം ബന്ധുക്കൾക്കും ഫോൺ സമ്മാനിക്കാൻ പ്രേരിപ്പിക്കും. ഈ പേരിലും പണം തട്ടിയെടുക്കും. പണം ലഭിച്ച് കഴിഞ്ഞാൽ പിന്നീട് തട്ടിപ്പിന് ഇരയായവരെ ബ്ലോക്ക് ചെയ്ത് കടന്നുകളയുന്നതാണ് വിശാലിന്റെ രീതി.
ഡൽഹി ഗുരുഗ്രാം സ്വദേശിയുടെ പരാതിയിലാണ് വിശാൽ പിടിയിലാകുന്നത്. യുവതിയുമായി ബന്ധം സ്ഥാപിച്ച വിശാൽ ഐഫോൺ 14പ്രോ മാക്‌സ് വാങ്ങി നൽകാമെന്ന് പറഞ്ഞ് 3.05 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പണം ലഭിച്ചയുടൻ യുവതിയെ ബ്ലോക്ക് ചെയ്യുകയായിരുന്നു. പിന്നീട് വിശാലിനെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. ഇതോടെയാണ് യുവതി തട്ടിപ്പ് മനസിലാക്കുന്നത്. തുടർന്ന് യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
വിവാഹം ആലോചിക്കുന്ന യുവതിയെന്ന പേരിൽ പൊലീസ് മാട്രിമോണി വെബ്‌സൈറ്റിൽ പ്രൊഫൈൽ ആരംഭിച്ച് വിശാലുമായി ബന്ധം സ്ഥാപിച്ചാണ് യുവാവിനെ പിടികൂടുന്നത്.
Story Highlights: Rich Bachelor Cheated Women On Matrimonial Site
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here