Advertisement

വീണ്ടും ഒരു അവസാന ഓവർ ത്രില്ലർ; മുംബൈക്ക് ആവേശജയം

April 18, 2023
Google News 1 minute Read

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിനു ജയം. 14 റൺസിനാണ് മുംബൈ ഹൈദരാബാദിനെ തോല്പിച്ചത്. മുംബൈ മുന്നോട്ടുവച്ച 193 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഹൈദരാബാദ് ഒരു പന്ത് ബാക്കിനിൽക്കെ 178 റൺസിന് ഓളൗട്ടായി. 48 റൺസ് നേടിയ മായങ്ക് അഗർവാളാണ് ഹൈദരാബാദിൻ്റെ ടോപ്പ് സ്കോറർ. മുംബൈക്കായി ജേസൻ ബെഹ്റൻഡോർഫും റൈലി മെരെഡിത്തും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മോശം തുടക്കമാണ് ഹൈദരാബാദിനു ലഭിച്ചത്. രണ്ടാം ഓവറിൽ തന്നെ ഹാരി ബ്രൂക്ക് (9) പുറത്ത്. നാലാം ഓവറിൽ രാഹുൽ ത്രിപാഠിയും (7) മടങ്ങി. മൂന്നാം വിക്കറ്റിൽ എയ്ഡൻ മാർക്രവും മായങ്ക് അഗർവാളും ചേർന്ന് 46 റൺസ് കൂട്ടുകെട്ടുയർത്തി. മാർക്രം (22) പുറത്തായതിനു തൊട്ടുപിന്നാലെ അഭിഷേക് ശർമയും (1) മടങ്ങി.

അഞ്ചാം വിക്കറ്റിൽ മായങ്ക് അഗർവാളും ഹെൻറിച് ക്ലാസനും ചേർന്ന് 55 റൺസ് കൂട്ടുകെട്ടുയർത്തി. 16 പന്തിൽ 36 റൺസ് നേടിയ ക്ലാസനായിരുന്നു അപകടകാരി. ക്ലാസനും അഗർവാളും (48) തുടരെ മടങ്ങിയത് ഹൈദരാബാദിനു തിരിച്ചടിയായി. മാർക്കോ യാൻസൻ (13) വേഗം പുറത്തായി. വാഷിംഗ്ടൺ സുന്ദർ (10) ടിം ഡേവിഡിൻ്റെ നേരിട്ടുള്ള ത്രോയിൽ റണ്ണൗട്ടായി.

അവസാന ഓവറിൽ 20 റൺസായിരുന്നു വിജയലക്ഷ്യം. അവസാന ഓവർ എറിയാനെത്തിയത് അർജുൻ തെണ്ടുൽക്കർ. ആദ്യ പന്ത് ഡോട്ട്. രണ്ടാം പന്തിൽ അബ്ദുൽ സമദ് (9) റണ്ണൗട്ട്. ഇതോടെ മുംബൈ ജയമുറപ്പിച്ചു. ഓവറിലെ അഞ്ചാം പന്തിൽ ഭുവനേശ്വർ (2) പുറത്ത്. അർജുൻ തെണ്ടുൽക്കറിൻ്റെ ആദ്യ ഐപിഎൽ വിക്കറ്റായിരുന്നു ഇത്.

Story Highlights: mumbai indians won srh ipl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here