നയനസൂര്യയുടെ മരണം; മരണം സംഭവിച്ചത് പെട്ടെന്നല്ല, കാരണം മയോകാർഡിയൽ ഇൻഫാർക്ഷനെന്ന് ക്രൈംബ്രാഞ്ച്

യുവ സംവിധായിക നയനസൂര്യയുടെ മരണകാരണം പരിക്കുകളല്ലെന്ന് ക്രൈംബ്രാഞ്ച് നിഗമനം. മയോകാർഡിയൽ ഇൻഫാർക്ഷനാണ് മരണകാരണമെന്ന് കണ്ടെത്തൽ. പത്തോളജി വിദഗ്ധരും ഈ നിഗമനത്തിലാണ്. 2019 ഫെബ്രുവരി 24നാണ് യുവ സംവിധായക നയന സൂര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിലെ ഫ്‌ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 28 വയസ്സായിരുന്നു. സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ അസിസ്റ്റന്റായിരുന്നു. (nayana surya crime branch)
മരണം സംഭവിച്ചത് പെട്ടെന്നല്ലെന്നാണ് നിഗമനം. രണ്ട് മുതൽ ആറു മണിക്കൂർ വരെ സമയം എടുത്ത് മരണം സംഭവിച്ചതാമെന്നാണ് ക്രൈംബ്രാഞ്ചിൻ്റെ നിഗമനം. മയോകാർഡിയൽ ഇൻഫാർക്ഷനിൽ അങ്ങനെ സംഭവിക്കാമെന്ന് ഇന്ന് ചേർന്ന മെഡിക്കൽ ബോർഡ് വിലയിരുത്തി. മരണകാരണം ആത്മഹത്യ എന്നോ കൊലപാതകമെന്നോ നിഗമനത്തിൽ എത്തിയില്ല. രേഖകൾ പരിശോധിച്ച് ഇരുപത് ദിവസത്തിനുള്ളിൽ മെഡിക്കൽ ബോർഡ് അവലോകന റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ട് കേസിൽ നിർണായകമാകും.
Read Also: യുവസംവിധായിക നയന സൂര്യന്റെ മരണം; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ക്രൈംബ്രാഞ്ച്
കൊലപാതകമാണെന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. നയനയുടെ മുറിയിൽ ആരും കടന്നിട്ടില്ല. നയന സൂര്യ മരിച്ചുകിടന്ന മുറിയിൽ മറ്റൊരാളുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല. വാതിൽ അകത്ത് നിന്ന് പൂട്ടിയിരുന്നു. നയനയ്ക്ക് ഒട്ടേറെ മാനസിക ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്നും കണ്ടെത്തലുണ്ട്.
കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ് നയന സൂര്യ. ലെനിൻ രാജേന്ദ്രന്റെ മകരമഞ്ഞ് എന്ന സിനിമയിലൂടെയാണ് അസിസ്റ്റന്റ് ഡയറക്ടറായി അരങ്ങേറ്റം കുറിച്ചത്. നിരവധി പരസ്യ ചിത്രങ്ങളും സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ക്രോസ്സ് റോഡ് എന്ന ചിത്രത്തിന്റെ ഒരു ഭാഗവും സംവിധാനം ചെയ്തിട്ടുണ്ട്. ആലപ്പാട് സ്വദേശിയായ നയന ആലപ്പാട് കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടുകളുമായി രംഗത്ത് എത്തിയിരുന്നു.
Story Highlights: nayana surya death crime branch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here