ക്യാമറ എത്തുമ്പോൾ വേഗത കുറച്ച് AI ക്യാമറയെ പറ്റിക്കാൻ സാധിക്കുമോ ? പതിനെട്ട് അടവും പയറ്റിയാലും രക്ഷയില്ലെന്ന് ഉത്തരം

റോഡിലെ നിയമലംഘനങ്ങൾ കണ്ടുപിടിക്കാനുള്ള എഐ ക്യാമറകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. എന്നാൽ റോഡിലെ ക്യാമറകൾ കണ്ടെത്താനുള്ള ആപ്പുകൾ മൊബൈലിൽ ഇൻസ്റ്റോൾ ചെയ്ത് നിയമലംഘനം നടത്തിയേ തീരു എന്ന വാശിയുള്ള ചിലരുണ്ട്. ഹെൽമെറ്റ് വയ്ക്കാതെയും ട്രിപ്പിൾസ് അടിച്ചും, ഓവർ സ്പീഡ് കാണിച്ചും, സീറ്റ് ബെൽറ്റ് ഇടാതെയും വാഹമോടിക്കുന്ന ഇവർ ക്യാമറയുള്ള ഭാഗമെത്തുമ്പോൾ നല്ല കുട്ടികളാകും. കുറച്ച് ദിവസം ദേശീയ പാതയിലൂടെ യാത്ര ചെയ്താൽ എഐ ക്യാമറകൾ എവിടെയെല്ലാം ഉണ്ടെന്ന ഏകദേശ ധാരണ ലഭിക്കും. വാഹനം ഓവർ സ്പീഡ് ആണെങ്കിലും ക്യാമറയുടെ അടുത്തെത്തുമ്പോൾ വേഗത കുറച്ച് രക്ഷപ്പെടാമെന്ന ധാരണയിലാണ് പലരും. എന്നാൽ ഈ ധാരണ രണ്ടായി മടക്കി പോക്കറ്റിൽ വെച്ചോളൂ. എഐ ക്യാമറയെ പറ്റിക്കുക സാധ്യമല്ല ! ( Can You Cheat AI Camera )
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾക്ക് ഒരു ക്യാമറയുടെ അതിർത്തിയിൽ നിന്ന് മറ്റൊരു ക്യാമറയുടെ അതിർത്തിയിലേക്ക് സഞ്ചരിക്കുന്ന വാഹനത്തിന്റെ വേഗത കൃത്യമായി അളക്കാൻ സാധിക്കും. അതായത് ക്യാമറയുടെ അടുത്തെത്തുമ്പോൾ മാത്രം വേഗം കുറച്ചിട്ട് കാര്യമില്ല. അതിനിടയിലെ വേഗം കൂടി കണക്കാക്കിയാകും പിഴ. ഓവർ സ്പീഡിന് 1500 രൂപയാണ് പിഴ.
അടിയന്തരമായി ആശുപത്രിയിലേക്ക് പോകുന്നവർ, ബീക്കൺ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങൾ എന്നിവർക്ക് ഇളവുണ്ട്.
പക്ഷേ, ഇന്ന് മുതൽ ഓവർസ്പീഡിന് പിടി വീഴില്ല. സ്പീഡിന്റെ പരിധിയുമായി ബന്ധപ്പെട്ട വിവാദം ഉയർന്ന് വന്ന സാഹചര്യത്തിലാണ് സ്പീഡിന് സാവകാശം ലഭിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ വേഗതയും കണക്കാക്കി തുടങ്ങുമെന്നാണ് റിപ്പോർട്ട്.
Story Highlights: Can You Cheat AI Camera
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here