Advertisement

മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ ലോകായുക്ത പങ്കെടുത്ത സംഭവം: കോണ്‍ഗ്രസ് വിമര്‍ശനം തള്ളി പി ജെ കുര്യന്‍

April 20, 2023
Google News 2 minutes Read
P J Kurien Facebook post on lokayukta

മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതില്‍ ലോകായുക്തയ്‌ക്കെതിരായ കോണ്‍ഗ്രസ് വിമര്‍ശനം തള്ളി പി ജെ കുര്യന്‍. വിശദീകരണത്തിന് ശേഷവും വിമര്‍ശനം തുടരാനാകില്ലെന്ന് പി ജെ കുര്യന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. വിമര്‍ശനം വ്യക്തി അധിക്ഷേപമാകുന്നുവെന്നും ലക്ഷ്മണരേഖ കടക്കുന്നുവെന്നും പി ജെ കുര്യന്‍ വിമര്‍ശിച്ചു. (P J Kurien Facebook post on lokayukta)

ഇത്രയും വേണോ എന്ന തലക്കെട്ടില്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമര്‍ശനങ്ങള്‍. ലോകായുക്തയെ നിയമിച്ചത് പിണറായി മന്ത്രിസഭയാണ്. ആ മന്ത്രിസഭയിലെ മന്ത്രിയ്ക്ക് എതിരെ പോലും ലോകായുക്ത ശക്തമായി വിധിച്ചല്ലോ?. അതിനുള്ള ആര്‍ജവം കാണിച്ച ലോകായുക്ത ഒരു വിരുന്നില്‍ പങ്കെടുത്തതു കൊണ്ട് സ്വാധീനിക്കപ്പെടുമെന്ന് കരുതുന്നത് യുക്തി സഹജമാണോ എന്നാണ് പി ജെ കുര്യന്‍ ചോദിക്കുന്നത്.

Read Also: നാളെ മുതല്‍ ട്രാഫിക് നിയമലംഘനം നടത്തിയാല്‍ എ ഐ ക്യാമറയില്‍ കുടുങ്ങും; പിഴ വിവരങ്ങള്‍ അറിയാം…

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഇത്രയും വേണോ


മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതിന് ലോകായുക്തയെ കുറെപേര്‍ അധിക്ഷേപിച്ചു. ചാനലുകളിലും മറ്റും അധിക്ഷേപം തുടര്‍ന്നു. ലോകായുക്ത കാര്യം വിശദീകരിച്ചപ്പോള്‍ കീഴ് വഴക്കം ലംഘിച്ചെന്നായി. ‘ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം’. വിമര്‍ശകര്‍ എല്ലാ ലക്ഷ്മണ രേഖയും ലംഘിച്ചാണ് വ്യക്തിപരമായ അധിക്ഷേപം നടത്തിയത്. ലോകായുക്തയെ നിയമിച്ചത് പിണറായി മന്ത്രിസഭയാണ്. ആ മന്ത്രിസഭയിലെ മന്ത്രിയ്ക്ക് എതിരെ പോലും ലോകായുക്ത ശക്തമായി വിധിച്ചല്ലോ?. അതിനുള്ള ആര്‍ജവം കാണിച്ച ലോകായുക്ത ഒരു വിരുന്നില്‍ പങ്കെടുത്തതു കൊണ്ട് സ്വാധീനിക്കപ്പെടുമെന്ന് കരുതുന്നത് യുക്തി സഹജമാണോ?.

മുഖ്യമന്ത്രി നടത്തിയത് സ്വകാര്യവിരുന്നായിരുന്നില്ല, മറിച്ച് സര്‍ക്കാര്‍ ചിലവിലുള്ള ഔദ്യോഗിക വിരുന്നായിരുന്നു എന്നതും വിമര്‍ശകര്‍ മറക്കുന്നു. സര്‍ക്കാര്‍ വിരുന്നില്‍ പങ്കെടുത്താല്‍ സ്വാധീനിക്കപ്പെടുന്ന ദുര്‍ബലരാണോ നമ്മുടെ ജഡ്ജിമാര്‍.

ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രിമാര്‍ നടത്തുന്ന പല വിവാഹ സല്‍ക്കാരങ്ങളിലും, ഗവണ്മെന്റ് കേസുകള്‍ കേള്‍ക്കുന്ന ജഡ്ജിമാര്‍ പങ്കെടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പ്രതിപക്ഷപാര്‍ട്ടി നേതാക്കളും പങ്കെടുക്കുന്നുണ്ട്. അക്കാരണത്താല്‍ അവരെല്ലാം സ്വാധീനിക്കപ്പെടുമെന്നാണോ?. ലോകായുക്ത വിശദീകരണത്തിന് ശേഷവും വിമര്‍ശനം തുടരുന്നത് നീതികരിക്കാനാവില്ല.

Story Highlights: P J Kurien Facebook post on lokayukta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here