കരടി ചത്തതിൽ വീഴ്ചയുണ്ടെന്ന് തെളിഞ്ഞാൽ നടപടിയെടുക്കും; സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് വനംമന്ത്രി
തിരുവനന്തപുരം വെള്ളനാട് കരടി വെള്ളത്തിൽ ചത്ത മരിച്ച സംഭവത്തിൽ പ്രതികരണവുമായി വനംമന്ത്രി എ കെ ശശീന്ദ്രൻ. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. ജീവനോടെയുള്ള കരടിയെ ഏതെങ്കിലും തരത്തിൽ പിടികൂടാൻ സാധിക്കുന്നതല്ല. അതിനാലാണ് മയക്കുവെടി വെച്ച് പിടികൂടാമെന്ന തീരുമാനത്തിലേക്കെത്താൻ കാരണമെന്ന് വനംമന്ത്രി പറഞ്ഞു.
വൈൽഡ് ലൈഫ് വാർഡനോടും വെറ്ററിനറി ഡോക്ടറോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വന്തം ജീവൻ പോലും പണയം വച്ചാണ് ജീവനക്കാർ രക്ഷാപ്രവർത്തനം നടത്തിയത്. വല ചരിഞ്ഞുപോയതാണ് കരടി വെള്ളത്തിൽ മുങ്ങാൻ കാരണമെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോർട്ടിൽ കൃത്യവിലോപം ഉണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
സ്വാഭാവികമായും ഇടുങ്ങിയ സ്ഥലമായതിനാൽ മനുഷ്യനായാലും, മൃഗമായാലും താഴോട്ട് വീഴും. ഇവിടെ കരടിക്ക് സ്വയം രക്ഷപ്പെടാനുള്ള മാർഗം ആലോചിക്കാൻ സാധിക്കില്ല. വലി ചരിഞ്ഞതോടെ കരടി താഴേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. കൃത്യവിലോപം ഉണ്ടെങ്കിൽ ഗൗരവത്തിനനുസരിച്ചുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.
കരടി ചത്ത സംഭവത്തിൽ രക്ഷാദൗത്യ നടപടികളിൽ വീഴ്ചയെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പ്രാഥമിക റിപ്പോർട്ട്. വെള്ളത്തിൽ മുങ്ങാൻ സാധ്യതയുള്ള ജീവികളെ വെടിവയ്ക്കരുതെന്ന മാനദണ്ഡം ലംഘിച്ചു. വൈൽഡ് ലൈഫ് വാർഡന്റെ സാന്നിധ്യം ഉണ്ടായില്ല തുടങ്ങിയ ഗുരുതര ആരോപണങ്ങൾ റിപ്പോർട്ടിലുണ്ട്. രക്ഷാദൗത്യ നടപടികളിൽ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ല. മയക്കുവെടിവച്ച കരടി വെള്ളത്തിലേക്ക് വീണിട്ടും ആന്റിഡോട്ട് പ്രയോഗിച്ചില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
Read Also: കേരളത്തിലേത് ഏറ്റവും മോശം വനംവകുപ്പ്; കരടി ചത്ത സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി മേനക ഗാന്ധി…
കരടി മുങ്ങിച്ചത്തതു തന്നെയെന്ന് വ്യക്തമാക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ആന്തരികാവയവങ്ങളിലടക്കം വെള്ളംകയറി. മയക്കുവെടിക്കുശേഷം അൻപതുമിനിറ്റോളം വെള്ളത്തിൽ കിടന്നെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ 12.10 നാണ് കണ്ണംപള്ളി സ്വദേശി അരുണിന്റെ കിണറ്റിൽ കരടി വീണത്.
Story Highlights: AK Saseendran reaction in bear death Vellanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here