ഒറ്റപ്പെട്ട് കഴിയുന്നവർക്ക് സാമ്പത്തിക സഹായം; പ്രതിമാസം 41,000 രൂപ

സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ ചെറുപ്പക്കാരെ പിന്തുണയ്ക്കുന്നതിനായി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ദക്ഷിണ കൊറിയ. സമൂഹിക ബന്ധങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് ജീവിക്കുന്ന യുവതീയുവാക്കളെ ഏകാന്തതയിൽ നിന്ന് മോചിപ്പിക്കുന്നതിനായാണ് ഭരണകൂടം ഇത്തരത്തിലൊരു പദ്ധതി രൂപീകരിച്ചത്.
ഒറ്റപ്പെട്ട് കഴിയുന്ന യുവതീയുവാക്കൾക്ക് പ്രതിമാസം 650,000 കൊറിയൻ വോൺ അതായത് ഏകദേശം 41,000 ഇന്ത്യൻ രൂപ വീതം നൽകാനാണ് ജെൻഡർ ഈക്വാലിറ്റി ആൻഡ് ഫാമിലി വെൽഫെയർ മിനിസ്ട്രിയുടെ തീരുമാനം.
യുവതീയുവാക്കളുടെ മാനസികവും വൈകാരികവുമായ സ്ഥിരതയും ആരോഗ്യകരമായ വളർച്ചയും ലക്ഷ്യം വെച്ചുകൊണ്ടാണ് ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കുന്നത്. ശരാശരി ദേശീയ വരുമാനത്തേക്കാൾ കുറഞ്ഞ വരുമാനമുള്ള വീടുകളിൽ താമസിക്കുന്ന 9 മുതൽ 24 വരെ പ്രായമുള്ള ചെറുപ്പക്കാർക്കാണ് ഇത് ലഭ്യമാകുന്നത്.
ദക്ഷിണ കൊറിയക്കാരിൽ 19 -നും 39 -നും ഇടയിൽ പ്രായമുള്ള ഏകദേശം 3.1 ശതമാനം ആളുകൾ ഏകാന്തയിൽ കഴിയുന്നവരാണ് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കൗമാരകാലഘട്ടത്തിലാണ് കൂടുതൽ ആളുകളിലും ഈ ഒറ്റപ്പെടൽ കണ്ടുവരുന്നതെന്നും ഇത് അവരുടെ ശാരീരിക വളർച്ച മന്ദഗതിയിലാക്കുമെന്നും വിഷാദം ഉൾപ്പടെയുള്ള മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിന് കാരണമാകുകയും ചെയ്യും എന്നാണ് വിദഗ്ദർ പറയുന്നത്.
ഭരണകൂടം ഇപ്പോൾ അനുവദിച്ചിരിക്കുന്ന ഈ ക്ഷേമ തുക ലഭിക്കുന്നതിനായി ഒറ്റപ്പെട്ട് കഴിയുന്ന കൗമാരക്കാരുടെ രക്ഷിതാക്കൾ, കൗൺസിലർമാർ അല്ലെങ്കിൽ അധ്യാപകർ എന്നിവർക്ക് പ്രാദേശിക അഡ്മിനിസ്ട്രേറ്റീവ് വെൽഫെയർ സെന്ററിൽ അപേക്ഷിക്കാവുന്നതാണ്.
Story Highlights: South Korea Is Paying Rs 41,000 To Lonely Youth To Reconnect with Society
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here