ഏറ്റവും വേഗത്തിൽ 7000 ടി-20 റൺസ്; കോലിയെ മറികടന്ന് രാഹുൽ

ഏറ്റവും വേഗത്തിൽ 7000 ടി-20 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരം എന്ന നേട്ടത്തിലെത്തി ലക്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റൻ കെഎൽ രാഹുൽ. ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ വിരാട് കോലിയെ മറികടന്നാണ് രാഹുലിൻ്റെ നേട്ടം. ഗുജറാത്ത് ടൈറ്റൻസിനെതിരെ ഇന്ന് നടന്ന ഐപിഎൽ മത്സരത്തിലാണ് രാഹുൽ ഈ റെക്കോർഡിലെത്തിയത്.
തൻ്റെ 197ആം ഇന്നിംഗ്സിലാണ് രാഹുൽ 7000 ടി-20 റൺസ് തികച്ചത്. ഈ നേട്ടത്തിലെത്താൻ കോലിക്ക് 212 ഇന്നിംഗ്സ് വേണ്ടിവന്നു.
മത്സരത്തിൽ ലക്നൗ സൂപ്പർ ജയൻ്റ്സിനെ വീഴ്ത്തി ഗുജറാത്ത് ടൈറ്റൻസ് വിജയിച്ചിരുന്നു. 7 റൺസിനാണ് ഗുജറാത്തിൻ്റെ ജയം. ഗുജറാത്ത് മുന്നോട്ടുവച്ച 136 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലക്നൗവിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 128 റൺസ് നേടാനേ സാധിച്ചുള്ളൂ. 61 പന്തിൽ 68 നേടിയ ക്യാപ്റ്റൻ കെഎൽ രാഹുലാണ് ലക്നൗവിൻ്റെ ടോപ്പ് സ്കോറർ. ഗുജറാത്തിനായി നൂർ അഹ്‌മദും മോഹിത് ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 135 റൺസ് നേടിയത്. 50 പന്തിൽ 66 നേടിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ആണ് ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ. വൃദ്ധിമാൻ സാഹ 37 പന്തിൽ 47 റൺസ് നേടി പുറത്തായി. ലക്നൗവിനായി സ്റ്റോയിനിസും കൃനാലും 2 വിക്കറ്റ് വീതം വീഴ്ത്തി.
Story Highlights: kl rahul fastest 7000 t20 runs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here