Advertisement

മാരക ബൗളിംഗുമായി ഗുജറാത്ത്; മുംബൈക്ക് നാണംകെട്ട തോൽവി

April 25, 2023
1 minute Read

ഐപിഎലിൽ ഗുജറാത്ത് ജയൻ്റ്സിനെതിരെ മുംബൈ ഇന്ത്യൻസിന് നാണംകെട്ട തോൽവി. 55 റൺസിനാണ് മുംബൈ പരാജയപ്പെട്ടത്. ഗുജറാത്ത് മുന്നോട്ടുവച്ച 208 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈ ഇന്ത്യൻസിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. 26 പന്തിൽ 33 റൺസ് നേടിയ കാമറൂൺ ഗ്രീൻ ആണ് മുംബൈയുടെ ടോപ്പ് സ്കോറർ. ഗുജറാത്തിനായി നൂർ അഹ്‌മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

തകർച്ചയോടെയായിരുന്നു മുംബൈയുടെ തുടക്കം. മുഹമ്മദ് ഷമിയും ഹാർദിക് പാണ്ഡ്യയും തകർത്തെറിഞ്ഞപ്പോൾ മുംബൈ ഓപ്പണർമാർ വിയർത്തു. രണ്ടാം ഓവറിൽ രോഹിത് ശർമ (2) പുറത്താവുകയും ചെയ്തു. ഷമിക്കെതിരെ മറുപടിയില്ലാതായ കിഷൻ തട്ടിമുട്ടി 21 പന്തിൽ 13 റൺസെടുത്ത് റാഷിദ് ഖാനു മുന്നിൽ വീണു. ഇടക്കിടെ ബൗണ്ടറികൾ നേടിയ കാമറൂൺ ഗ്രീൻ പ്രതീക്ഷ നൽകിയെങ്കിലും താരത്തെ നൂർ അഹ്‌മദ് മടക്കി. 26 പന്തിൽ 33 റൺസ് നേടിയാണ് ഗ്രീൻ പുറത്തായത്. തിലക് വർമയെ (2) റാഷിദ് ഖാൻ വേഗം മടക്കി അയച്ചപ്പോൾ ടിം ഡേവിഡ് (0), സൂര്യകുമാർ യാദവ് (12 പന്തിൽ 23) എന്നിവർ നൂർ അഹ്‌മദിനു മുന്നിൽ വീണു.

നേഹൽ വധേരയും പീയുഷ് ചൗളയും ചില കൂറ്റൻ ഷോട്ടുകൾ കളിച്ചെങ്കിലും വിജയം ഏറെ അകലെയായിരുന്നു. 12 പന്തിൽ 18 റൺസ് നേടിയ പീയുഷ് ചൗള റണ്ണൗട്ടായി. 21 പന്തിൽ 40 റൺസ് നേടിയ നേഹൽ വധേര മോഹിത് ശർമയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അർജുൻ തെണ്ടുൽക്കറും (8 പന്തിൽ 13) മോഹിതിനു മുന്നിൽ വീണു.

Story Highlights: mumbai indians lost gujarat titans

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top