ബെംഗളൂരുവിനെ വീഴ്ത്തി ഒഡീഷ സൂപ്പർ കപ്പ് ജേതാക്കൾ

സൂപ്പർ കപ്പ് കിരീടം ഒഡീഷ എഫ്സിക്ക്. കോഴിക്കോട് നടന്ന കലാശക്കളിയിൽ ബെംഗളൂരു എഫ്സിയെ വീഴ്ത്തിയാണ് ഒഡീഷയുടെ കിരീടധാരണം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ച ഒഡീഷ തങ്ങളുടെ ആദ്യ ട്രോഫിയാണ് സ്വന്തമാക്കിയത്. ഡിയെഗോ മൗറീഷ്യോ ഒഡീഷയ്ക്കായി ഇരട്ട ഗോളുകൾ നേടിയപ്പോൾ സുനിൽ ഛേത്രി ബെംഗളൂരുവിൻ്റെ ആശ്വാസ ഗോൾ നേടി.
മഴയിൽ കുതിർന്ന മൈതാനത്ത് തണുപ്പൻ കളിയാണ് ആദ്യ സമയങ്ങളിൽ ഇരു ടീമുകളും കാഴ്ചവച്ചത്. സാവധാനം മുറുകിയ കളിയിലെ 23ആം മിനിട്ടിൽ ഒഡീഷ ആദ്യ ഗോളടിച്ചു. ഫ്രീ കിക്കിൽ നിന്നായിരുന്നു ഒഡീഷയുടെ ഗോൾ. മൗറീഷ്യോയുടെ മികച്ച കിക്കിനപ്പുറം ബെംഗളൂരു ഗോൾ ഗുർപ്രീത് സിംഗിൻ്റെ പിഴവാണ് ആദ്യ ഗോളിലേക്ക് വഴിതെളിച്ചത്. 38ആം മിനിട്ടിൽ ഒഡീഷ രണ്ടാം ഗോളടിച്ചു. ജെറി ഒരുക്കിയ അവസരം മൗറീഷ്യോ അനായാസം വലയിലെത്തിച്ചു. ഒഡീഷ വീണ്ടും അവസരങ്ങളൊരുക്കിയെങ്കിലും ഗോൾ വീണില്ല. കളിയുടെ അവസാന സമയങ്ങളിലാണ് ബെംഗളൂരു ഉണർന്ന് കളിച്ചത്. 85ആം മിനിട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റിയ ഛേത്രി ബെംഗളൂരുവിന് പ്രതീക്ഷ നൽകി. ചില അവസരങ്ങൾ തുറന്നെടുത്തെങ്കിലും ബെംഗളൂരുവിന് സ്കോർ ചെയ്യാനായില്ല.
Story Highlights: super cup odisha won bengaluru
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here